ലണ്ടൻ: യൂറോപ്പ ലീഗിന്റെ ഫൈനലിൽ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡും വിയ്യ റയലും തമ്മിൽ ഏറ്റുമുട്ടും. ഇരുടീമും രണ്ടാം പാദ സെമിയിൽ ജയിക്കാതെ ആദ്യപാദത്തിലെ കളിമികവിന്റെ പിൻബലത്തിലാണ് ഫൈനലുറപ്പിച്ചത്.ഇറ്റാലിയൻ ക്ലബ് എ.എസ്. റോമയോട് അവരുടെ തട്ടകത്തിൽ നടന്ന രണ്ടാം പാദത്തിൽ 2-3ന് തോറ്റെങ്കിലും ആദ്യ പാദത്തിൽ നേടിയ 6-2ന്റെ വമ്പൻ വിജയത്തിന്റെ സഹായത്തോടെ ഇരുപാദങ്ങളിലുമായി 5-8ന്റെ ഗോൾമാർജിനിലാണ് യുണൈറ്റഡ് ഒലേ ഗുണ്ണർ സോൾഷേറിന്റെ കീഴിൽ ആദ്യ യൂറോപ്പ ഫൈനലിന് ടിക്കറ്റെടുത്തത്.
രണ്ടാം പാദത്തിൽ എഡിൻ സെക്കോ, ബ്രയാൻ ക്രിസ്റ്റ്യൻ എന്നിവർ റോമയ്ക്കായി സ്കോർ ചെയ്തപ്പോൾ അലക്സ് ടെല്ലസിന്റെ വകയായി സെൽഫ് ഗോളും അവരുടെ അക്കൗണ്ടിലെത്തി. എഡിസൺ കവാനിയാണ് യുണൈറ്റഡിന്റെ രണ്ട് ഗോളും നേടിയത്.
ചാമ്പ്യൻസ് ലീഗിലെപോലെ യൂറോപ്പയിലും ആൾ ഇംഗ്ലണ്ട് ഫൈനൽ എന്ന പ്രിമിയർ ലീഗ് ആരാധകരുടെ സ്വപ്നങ്ങൾ തകർത്താണ് വിയ്യാറയൽ ചരിത്രത്തിലാദ്യമായി യൂറോപ്പ ഫൈനലിൽ എത്തിയത്. ഇന്നലെ ആഴ്സനലിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചെങ്കിലും സ്വന്തം മൈതാനത്ത് ആദ്യ പാദത്തിൽ 2-1ന്റെ ജയം നേടിയത് വിയ്യാറയലിന് തുണയായി.
ആദ്യപാദത്തിൽ എവേ ഗോൾ നേടിയതിനാൽ 1-0ത്തിന് ജയിച്ചാലും ഫൈനലിൽ എത്താമായിരുന്ന ആഴ്സനലിന് പക്ഷേ സ്വന്തം മൈതാനത്ത് കാലിടറി. 79-ാം മിനിട്ടിൽ ഔബമെയാഗിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി മടങ്ങിയതോടെ ആഴ്സനലിന് പുറത്തേക്കുള്ള വഴി തെളിഞ്ഞു. 27ന് പോളണ്ടിലെ ഗാദൻസ്കിലാണ് ഫൈനൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |