SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.15 PM IST

ചരിത്രത്തിന്റെ തിരിച്ചിടൽ: അന്ന് യു.ഡി.എഫ്, ഇന്ന് എൽ.ഡി.എഫ്

ee

2021 മെയ് 3 തിങ്കളാഴ്ച പുറത്തിറങ്ങിയ കേരളകൗമുദി ദിനപത്രത്തിന്റെ മുഖ്യ തലക്കെട്ട് ക്യാ്ര്രപൻ ദ ഗ്രേറ്റ് എന്നായിരുന്നു. ജനത്തിന്റെ കൈക്കുമ്പിളിൽ സുരക്ഷിതനായി നിൽക്കുന്ന പിണറായി വിജയന്റെ വലിയ കാരിക്കേച്ചർ. ചുമന്ന കേരളം പോക്കറ്റിലാക്കി വിജയശ്രീലാളിതനായി ആണ് ക്യാ്ര്രപന്റെ നിൽപ്പ്. മാസ്റ്റ് ഹെഡിനു മുകളിലായി പാറിപ്പറക്കുന്ന ചെങ്കൊടിയിൽ ചരിത്രംകുറിച്ച് തുടർഭരണം എന്ന വാചകം.

എൽ.ഡി.എഫ് 99, യു.ഡി.എഫ് 41. എൻ.ഡി.എ പൂജ്യം എന്ന കക്ഷി നിലയും

തലക്കെട്ടിന്റെ ഭാഗമാണ്. തകർന്നടിഞ്ഞ് യു.ഡി.എഫ്, ബി.ജെ.പി അക്കൗണ്ട് പൂട്ടി എന്നതാണ് ഒറ്റനോട്ടത്തിൽ പത്രത്തിൽ കാണാവുന്ന മറ്റു തലക്കെട്ടുകൾ. ചരിത്രംകുറിച്ച് തുടർ ഭരണം നേടി ക്യാ്ര്രപൻ ഈ ദിവസത്തെ താരം ആകുമ്പോൾ 20 വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 2001 മെയ് 14 ന് പുറത്തിറങ്ങിയ കേരളകൗമുദി ദിനപത്രത്തിന്റെ ഒന്നാംപേജ് സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി മാറുകയായിരുന്നു. അന്ന് പിണറായിക്ക് പകരം പത്രത്തിൽ നിറഞ്ഞുനിന്നത് എ.കെ. ആന്റണി ആണ്. യു.ഡി.എഫിന് തകർപ്പൻ ജയം എന്നായിരുന്നു അന്നത്തെ മുഖ്യ വാർത്ത. വിജയികളുടെ സീറ്റ് നില കിറുകൃത്യം.യു.ഡി.എഫിന് 99, എൽ.ഡി. എഫിന് 40.

20 വർഷത്തിന് ഇപ്പുറത്ത് ചരിത്രത്തിന്റെ തിരിച്ചിടൽ എന്ന കൗതുകമാണ് സോഷ്യൽ മീഡിയയിൽ ഈ പേജ് പങ്കുവെച്ച് പലരും പറഞ്ഞത്. പക്ഷേ സീറ്റ് നിലയിലെ പ്രത്യക്ഷമായ ഈ സമാനതയ്ക്ക് അപ്പുറത്ത് ഒരുപാട് കൗതുകങ്ങൾ നിറഞ്ഞിരിക്കുന്നതായിരുന്നു ഈ രണ്ട് ഒന്നാം പേജുകളും. ഇന്ന് ചുവന്ന കേരളത്തെ പോക്കറ്റിലാക്കി നിൽക്കുന്ന പിണറായി വിജയന് അന്നും ഒന്നാംപേജിൽ സ്ഥാനമുണ്ടായിരുന്നു. പത്രത്തിന്റെ വലതു മൂലയിൽ താഴെ രാജ്ഭവനിൽ ഗവർണർക്ക് രാജി സമർപ്പിച്ച പുറത്തിറങ്ങുന്ന മുഖ്യമന്ത്രി നായനാരുടെ ചിത്രത്തിന് സമീപമായി ചെറിയ ഒരു പെട്ടിക്കോളം വാർത്ത കാണാം. വിധി സർക്കാരിന് എതിരല്ല പിണറായി എന്നാണ്തലക്കെട്ട്. അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ പ്രതികരണം ആണ് ആ വാർത്തയിൽ.

തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന ദിവസം പത്രത്തിന്റെ മൂലയിലെ പെട്ടിക്കോളത്തിൽ നിന്നും 20 വർഷം കൊണ്ട് പത്രത്തിൽ നിറഞ്ഞുനിൽക്കുന്ന ചരിത്രം കുറിക്കുന്ന ക്യാ്ര്രപനായി പിണറായി വിജയൻ മാറി.

eee

അന്ന് 40 സീറ്റിൽ ഒതുങ്ങിയ ഇടതുമുന്നണി ഇന്ന് 99 സീറ്റുകൾ നേടി. അന്ന് 99 സീറ്റുകൾ നേടി അധികാരം നേടിയ ഐക്യജനാധിപത്യമുന്നണി ഇന്ന് 41 സീറ്റുകളിൽ ഒതുങ്ങി. ബി.ജെ.പിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാൻ ആയില്ല എന്നതാണ് 2001ലെ വാർത്ത എങ്കിൽ ബി.ജെ.പി അക്കൗണ്ട് പൂട്ടി എന്നതാണ് 2021 ലെ ഒന്നാംപേജ് വാർത്ത.

ഈ ചരിത്ര ദിവസത്തെ ദിനപത്രം ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നതു കാണുമ്പോൾ ഈ ദിവസത്തെക്കുറിച്ച് വ്യക്തിപരമായ ഒരു സന്തോഷം എന്നെ സംബന്ധിച്ച് ഉള്ളത് പങ്കുവെക്കണമെന്ന് തോന്നുന്നു. കേരളകൗമുദിയിൽ എന്റെ ആദ്യ ദിവസത്തെ പത്രമാണിത്. ഈ പത്രം പുറത്തിറങ്ങിയ 2001 മെയ് 14നാണ് കേരളകൗമുദിയിൽ കാർട്ടൂണിസ്റ്റായി ചേരുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതൽ ഒരു മാസത്തോളം വരച്ച കാർട്ടൂണുകളുടെ അടിസ്ഥാനത്തിലായിരുന്നു കേരളകൗമുദിയിൽ കാർട്ടൂണിസ്റ്റിന്റെ തിരഞ്ഞെടുപ്പ്. മാർച്ച് 31 മുതൽ തുടർച്ചയായി തൃശൂരിൽ നിന്ന് കാർട്ടൂണുകൾ വരച്ചിരുന്നു. പത്രത്തിൽ ദിനംപ്രതി അതെല്ലാം അച്ചടിച്ചു വരികയും ചെയ്യുമായിരുന്നു, പക്ഷേ കേരളകൗമുദിയിൽ കാർട്ടൂണിസ്റ്റായി ചേരണമെന്ന് അന്നത്തെ എഡിറ്ററായിരുന്ന എ. പി. വിശ്വനാഥൻ സാറിന്റെ അറിയിപ്പും അപ്പോയിന്റ്‌മെന്റ് ഓർഡറും ലഭിക്കുന്നത് ഏപ്രിൽ അവസാനമാണ്.

മെയ് 15 നകം തിരുവനന്തപുരത്ത് എത്തി ജോലിയിൽ പ്രവേശിക്കണം എന്നതായിരുന്നു ഓർഡറിൽ. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഒരു കൂടുമാറ്റത്തിന്

വേണ്ടി സമയം ആവശ്യമായതുകൊണ്ട് അവസാന ദിവസമായ മെയ് 15 ന് ജോയിൻ ചെയ്യാം എന്ന് പറഞ്ഞു. എങ്കിൽ മെയ് 14 ആയിക്കോട്ടെ തിങ്കളാഴ്ച നല്ല ദിവസം എന്നായി വിശ്വനാഥൻ സർ.

മെയ് 13 തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം ആയതിനാൽ പന്ത്രണ്ടാം തീയതി തന്നെ തിരുവനന്തപുരത്ത് എത്തി. തിരുവനന്തപുരത്ത് തമ്പാനൂരിൽ ശ്രീകുമാർ തിയേറ്റർ തൊട്ടടുത്തുള്ള ശ്രീവാസ് ലോഡ്ജിൽ മുറിയെടുത്തു. പതിമൂന്നാം തീയതി ലോഡ്ജിലെ ടിവിയിൽ തിരഞ്ഞെടുപ്പ് ഫലം കണ്ടു. ഉച്ചയോടെ ലോഡ്ജിൽ ഇരുന്ന് തന്നെ കാർട്ടൂൺ വരച്ച് ഓഫീസിലേക്ക് ഫാക്സ് ചെയ്തു .

തെരുവ് സർക്കസ് അവതരിപ്പിച്ചിരുന്ന ഇ. കെ. നായനാരും വി. എസ്. അച്യുതാനന്ദനും .അവരെ പുറത്താക്കി ന്യൂ ഗ്രാൻഡ് സർക്കസ്സും ആയി എ. കെ. ആന്റണി എന്ന വലിയ ആന വരുന്നതായിരുന്നു കാർട്ടൂണിൽ. ആനപ്പുറത്ത് കോമാളി വേഷത്തിൽ ലീഡർ കെ.കരുണാകരൻ. എം വി. രാഘവൻ. ഉമ്മൻചാണ്ടി. കെ.എം. മാണി തുടങ്ങി അന്നത്തെ പ്രമുഖ യു.ഡി.എഫ് നേതാക്കളും വരിവരിയായി സർക്കസ് കൂടാരത്തിലേക്ക് കടന്നുവരുന്നത് കാണാം. ഇതായിരുന്നു കാർട്ടൂൺ.

പിറ്റേന്ന് ജോലിയിൽ പ്രവേശിക്കാൻ കേരള കൗമുദി ഓഫീസിൽ ആദ്യമായി കയറിയപ്പോൾ സ്വീകരണമുറിയിലെ മേശയിൽ എന്റെ കാർട്ടൂൺ ഒന്നാം പേജിൽ അച്ചടിച്ച ഈ പത്രം കണ്ട് മനം കുളിർത്തു. ഇരുപത് വർഷങ്ങൾക്കിപ്പുറത്ത് ഈ ഒന്നാം പേജ് ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാകുമ്പോൾ അതേ അനുഭവം തിരിച്ചുകിട്ടുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CARTOON STORIES, WEEKLY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.