കട്ടപ്പന: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായി ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസിലെ എൻ.സി.സി. ഓഫീസർ റെജി ജോസഫ്. രോഗലക്ഷണങ്ങളുള്ളവരെ പരിശോധന കേന്ദ്രത്തിലെത്താനും നിർദ്ധനർക്ക് അവശ്യസേവനങ്ങൾ ലഭ്യമാക്കാനും ഒരു ഫോൺ വിളിക്കപ്പുറം ഇദ്ദേഹമുണ്ട്. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ സ്വന്തം വാഹനത്തിൽ സൗജന്യമായി പരിശോധന കേന്ദ്രത്തിൽ എത്തിക്കും. രോഗം സ്ഥിരീകരിച്ചാൽ ഇവിടെ നിന്ന് കൊവിഡ് കെയർ സെന്ററുകളിലേക്കും കൊണ്ടുപോകും. ഇവിടങ്ങളിൽ ലഭ്യമല്ലാതെ വരുന്ന മരുന്നുകളും റെജി ജോസഫ് എത്തിച്ചുനൽകുന്നുണ്ട്. സ്വന്തം വരുമാനത്തിൽ നിന്നും സുമനസുകളും നൽകുന്ന തുകയും ഉപയോഗിച്ചാണ് സേവന പ്രവർത്തനങ്ങൾ ചെയ്യുന്നത്. കൊവിഡ് ബാധിച്ച് പലദിവസങ്ങളിലായി മരിച്ച 10 പേരുടെ സംസ്കാര ചടങ്ങുകൾ നടത്താനും ഇദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു.
ഇന്നലെ ലോക്ക്ഡൗൺ ദിനത്തിൽ വിവിധ മേഖലകളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും അവശ്യ സാധനങ്ങൾ ഇദ്ദേഹം എത്തിച്ചുനൽകി. കട്ടപ്പന, തങ്കമണി, വണ്ടൻമേട് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ ജോലി ചെയ്തവർക്ക് കുപ്പിവെള്ളം, ബിസ്ക്കറ്റ്, സാനിറ്റൈസർ, മുഖാവരണം, ഗ്ലൗസ് തുടങ്ങിയവ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |