SignIn
Kerala Kaumudi Online
Thursday, 25 April 2024 2.46 PM IST

ബംഗാളിലെ അക്രമങ്ങൾ

photo

തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പ്രവർത്തകർക്ക് വീറും വാശിയും കൂടുതലാവുന്നത് തികച്ചും സ്വാഭാവികമാണ്. എന്നാൽ വലിയ തോതിലുള്ള അക്രമസംഭവങ്ങളിലേക്ക് ഇത് വഴിതിരിയാറില്ല. 'ഇലക്‌ഷൻ കഴിയട്ടെ കാണിച്ചുതരാം" എന്നൊക്കെയുള്ള ഭീഷണികളിൽ അത് അവസാനിക്കാറാണ് പതിവ്. ഇലക്‌ഷൻ കാലത്ത് നിയമം കൈയിലെടുത്ത് അക്രമത്തിന് തുനിഞ്ഞാൽ ജനം തിരിയും എന്ന പേടിയാണ് അവരെ അതിൽ നിന്ന് പിൻവലിപ്പിക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ബംഗാളിൽ നിരവധി അക്രമ സംഭവങ്ങൾ അരങ്ങേറി. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും അത് തുടരുകയാണ് എന്നതാണ് ഏറെ ദൗർഭാഗ്യകരം. ബി.ജെ.പിയും തൃണമൂലും തമ്മിലുള്ള സംഘർഷത്തിൽ ഇതിനകം 16 പേർ കൊല്ലപ്പെട്ടു. മമത ബാനർജി മൂന്നാമതും അധികാരത്തിലെത്തിയതിന്റെ പിന്നാലെ പൊലീസ് വെറും കാഴ്ചക്കാരായി മാറിയെന്നും തൃണമൂൽ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്നുമാണ് ബി.ജെ.പി ആരോപിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം അക്രമമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കാൻ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ നേതൃത്വത്തിൽ പോയ സംഘത്തിലെ അംഗമായിരുന്ന കേന്ദ്രമന്ത്രി വി. മുരളീധരൻ സഞ്ചരിച്ചിരുന്ന കാറിനു നേരെ നഗരപ്രാന്തമായ പഞ്ച്‌ഗുഡിയിൽ വച്ച് ആക്രമണമുണ്ടായി. കേന്ദ്രമന്ത്രിയുടെ വാഹനത്തിന്റെ പിറകിലെ ചില്ല് അക്രമികൾ തകർത്തു. തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ കേന്ദ്രമന്ത്രി രക്ഷപ്പെട്ടത്. വടികളും കല്ലും ഉപയോഗിച്ച് അക്രമികൾ വാഹനം തകർക്കുന്നതിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത്തരം അപലപനീയമായ അക്രമസംഭവങ്ങൾ ജനാധിപത്യത്തിന് ഒരു തരത്തിലും ഭൂഷണമല്ല. പരസ്പരം വാക്കുകൾ കൊണ്ടുള്ള വിമർശനം അതിരു കടക്കുമ്പോഴാണ് ഇത്തരം അക്രമങ്ങളിലേക്ക് പ്രവർത്തകർ എടുത്തു ചാടുന്നത്. പ്രതിപക്ഷ ശബ്ദത്തെ അടിച്ചൊതുക്കുക എന്ന ശൈലി ബംഗാളിൽ വർഷങ്ങളായി തുടരുന്നതാണ്. സിദ്ധാർത്ഥ ശങ്കർ റായ് മുഖ്യമന്ത്രിയായിരുന്ന അടിയന്തരാവസ്ഥക്കാലത്ത് സി.പി.എം പ്രവർത്തകരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തിയിരുന്നു. കാൽ നൂറ്റാണ്ടോളം അധികാരത്തിൽ തുടർന്ന സി.പി.എമ്മും ബംഗാളിൽ എതിരാളികളെ കായികമായി നേരിട്ട് നിശബ്ദരാക്കുന്ന ശൈലിയാണ് പിന്തുടർന്നത്. കൊടുക്കുന്നത് എന്നാണെങ്കിലും തിരിച്ച് കിട്ടും എന്ന ചൊല്ല് അന്വർത്ഥമാക്കി ഇപ്പോൾ തൃണമൂൽകാരെ ഭയന്നാണ് സി.പി.എം പ്രവർത്തകർ അവിടെ കഴിയുന്നത്. ബംഗാളിലെ മണ്ണിന്റെ പ്രത്യേകത കണക്കിലെടുക്കുമ്പോൾ ബി.ജെ.പിക്ക് അവിടെ പച്ചപിടിക്കാനുള്ള സാദ്ധ്യത വിരളമാണെന്ന രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം തെറ്റാണെന്ന് തെളിയിച്ചുകൊണ്ട് ബംഗാളിൽ ബി.ജെ.പി മുഖ്യ പ്രതിപക്ഷ കക്ഷിയായി മാറിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തൃണമൂൽ - ബി.ജെ.പി പ്രവർത്തകർ തമ്മിലുള്ള സംഘർഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്.

പൊലീസിന്റെ സാന്നിദ്ധ്യത്തിലാണ് തൃണമൂൽ പ്രവർത്തകർ കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം നടത്തിയതെന്നും മമത ബംഗാളിലെ ക്രമസമാധാനം പൂർണമായും തകരാൻ അനുവദിച്ചിരിക്കുകയാണെന്നുമാണ് ബി.ജെ.പി കേന്ദ്രങ്ങൾ ആരോപിക്കുന്നത്.

തിരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ തുടരുന്ന അക്രമങ്ങൾ മുതലെടുക്കാൻ പല ദേശവിരുദ്ധ ശക്തികളും ശ്രമിക്കാനും സാദ്ധ്യതയുണ്ട്. അതിനാൽ അടിയന്തരമായി സമാധാനം പുനഃസ്ഥാപിക്കാനുള്ള ഉത്തരവാദിത്വമാണ് മുഖ്യമന്ത്രി മമത പ്രകടിപ്പിക്കേണ്ടത്. രാജ്യത്തെ ജനങ്ങൾ അതാണ് അവരിൽ നിന്ന് പ്രതീക്ഷിക്കുന്നതും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.