SignIn
Kerala Kaumudi Online
Wednesday, 04 August 2021 11.27 AM IST

പഴയൊരു തുടർഭരണം നൽകുന്ന മുന്നറിയിപ്പ്

jyoti-basu

തിരഞ്ഞെടുപ്പിൽ ജയവും തോൽവിയും സ്വാഭാവികമാണ്. എന്നാൽ പശ്ചിമ ബംഗാളിലെ ഇടതുപാർട്ടികൾ, പ്രത്യേകിച്ച് മാർക്‌സിസ്‌റ്റ് പാർട്ടി ഇത്തവണ നേരിട്ടത് ചരിത്രപരമായ പരാജയമാണ്. കഴിഞ്ഞ പത്തുവർഷത്തിനിടെ ബംഗാളിലെ ഇടതുപക്ഷ പ്രസ്ഥാനത്തിനു നേരിട്ട തകർച്ച ഇന്ത്യയുടെ ചരിത്രത്തിൽ മറ്റൊരു പാർട്ടിക്ക് ഉണ്ടായെന്നു തോന്നുന്നില്ല.

ഇടതുപ്രസ്ഥാനത്തിന് വളരെയധികം വളക്കൂറുള്ള മണ്ണായിരുന്നു പശ്ചിമ ബംഗാൾ. 1946 ലെ ആദ്യ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മൂന്നു സാമാജികരെ വിജയിപ്പിക്കാൻ കഴിഞ്ഞു. ഇന്ത്യയുടെ ഭരണഘടനാ അസംബ്ളിയിലുണ്ടായിരുന്ന ഏക കമ്മ്യൂണിസ്റ്റംഗം ബംഗാളിൽ നിന്നുള്ള സോമനാഥ് ലാഹിരിയായിരുന്നു. 1952 ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ബംഗാളിൽ പ്രധാന പ്രതിപക്ഷമായി. 1957 ലും 62 ലും ഇത് ആവർത്തിച്ചെന്നു മാത്രമല്ല, പാർട്ടിയുടെ അംഗസംഖ്യ നിയമസഭയിൽ ക്രമാനുഗതമായി വർദ്ധിപ്പിച്ചു. ആർ.എസ്.പി, ഫോർവേഡ് ബ്ളോക്ക് തുടങ്ങിയ ഇടതു പാർട്ടികളുമായി സഖ്യമുണ്ടാക്കി ഇടതുമുന്നണിക്ക് രൂപം നൽകാനും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സാധിച്ചു. 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നെങ്കിലും അതു ബംഗാളിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ കാര്യമായി ബാധിച്ചില്ല. പിളർപ്പിനു ശേഷം പ്രമോദ് ദാസ് ഗുപ്തയുടെയും ജ്യോതിബസുവിന്റെയും നേതൃത്വത്തിൽ മാർക്സിസ്റ്റ് പാർട്ടി ബംഗാളിൽ പ്രബലമായി. 1967 ൽ സി.പി.എം ഏറ്റവും വലിയ ഒറ്റകക്ഷിയായി. ജ്യോതിബസു ഉപമുഖ്യമന്ത്രിയായി. സി.പി.എമ്മിനേക്കാൾ അംഗസംഖ്യ കുറവായിരുന്ന ബംഗ്ളാകോൺഗ്രസിലെ അജയ് മുഖർജിക്ക് മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുത്തു. എന്നാൽ 1967 മുതൽ 71 വരെയുള്ള കാലത്ത് ഭരണസ്ഥിരത നഷ്ടപ്പെട്ടു. ഇടതുമന്ത്രിസഭകൾ തകരുകയും തിരഞ്ഞെടുപ്പുകൾ നടക്കുകയും ചെയ്തു. ഇടതുപക്ഷ പ്രസ്ഥാനത്തിന് ഇൗ ഘട്ടത്തിൽ വലിയ തോതിൽ വിശ്വാസ്യത നഷ്ടമായി. 1972 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ, പ്രത്യേകിച്ച് സി.പി.എം വലിയ തിരിച്ചടി നേരിട്ടു. ജ്യോതിബസു അദ്ദേഹത്തിന്റെ സ്ഥിരം മണ്ഡലത്തിൽ തോറ്റു. രാഷ്ട്രീയമായ തിരിച്ചടിയുണ്ടായെങ്കിലും ഇടതുപക്ഷം തകർന്നില്ല. തുടർന്നുവന്ന കോൺഗ്രസ് ഭരണത്തിൽ സിദ്ധാർത്ഥ് ശങ്കർറായ് മുഖ്യമന്ത്രിയായിരിക്കെ മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകർ വളരെയധികം അക്രമങ്ങൾക്കിരയായി. ഒരുപാട് പേർക്ക് ജീവഹാനി സംഭവിച്ചു. ക്രമസമാധാനത്തകർച്ച വലിയ പ്രശ്നമായി. അടിയന്തരാവസ്ഥക്കാലത്ത് ഇതു മൂർദ്ധന്യത്തിലെത്തി. എന്നിട്ടും മാർക്സിസ്റ്റ് പാർട്ടി ശക്തിപ്പെടുകയല്ലാതെ തുടച്ചു നീക്കപ്പെടുന്ന സാഹചര്യമുണ്ടായില്ല. 1977 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജനതാപാർട്ടിയുമായി ചേർന്ന് സി.പി.എം വലിയ വിജയം കരസ്ഥമാക്കി. പിന്നാലെ വന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനതാപാർട്ടിയെ കൂടാതെ സി.പി.എം ഒറ്റക്ക് ഭൂരിപക്ഷം നേടി. ഫോർവേഡ് ബ്ളോക്കും ആർ.എസ്.പിയും മറ്റു ചില ചെറിയ ഇടതുപാർട്ടികളുമായി ചേർന്ന് രൂപം നൽകിയ ഇടതുമുന്നണി മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടി അധികാരത്തിൽ വന്നു. ജ്യോതിബസു മുഖ്യമന്ത്രിയായി. പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ മാർക്സിസ്റ്റ് പാർട്ടിയും ഇടതുമുന്നണിയും ശക്തി വർദ്ധിപ്പിച്ചു. തുടർഭരണമെന്ന സ്ഥിതിയിൽ നിന്ന് നിരന്തര ഭരണമെന്ന അവസ്ഥയായി. 1982, 87, 91, 96, 2001, 2006 തിരഞ്ഞെടുപ്പുകളിലും ഇടതു മുന്നണി ഭൂരിപക്ഷം വർദ്ധിപ്പിച്ചു. മൂന്നിൽ രണ്ട് ഭൂരിപക്ഷമായിരുന്നത് നാലിൽ മൂന്ന് ഭൂരിപക്ഷവും അഞ്ചിൽ നാല് ഭൂരിപക്ഷവുമായി വർദ്ധിച്ചു. ഈ ഘട്ടത്തിൽ കോൺഗ്രസ് പാർട്ടി വലിയ തകർച്ചയെ നേരിട്ടു. 1991 ൽ മമത ബാനർജി തൃണമൂൽ കോൺഗ്രസ് ഉണ്ടാക്കുന്നതുവരെ ഇതു തുടർന്നു. തൃണമൂൽ കോൺഗ്രസ് രൂപീകരിച്ച സമയത്തും വലിയൊരു രാഷ്ട്രീയ പ്രാബല്യം നേടിയെടുക്കാൻ ആ പാർട്ടിക്കു കഴിഞ്ഞില്ല. ആദ്യം ബി.ജെ.പിയുമായും പിന്നീടു കോൺഗ്രസുമായും സഖ്യം ചെയ്ത് അവർ മത്സരിച്ചു. കേന്ദ്രമന്ത്രിയൊക്കെയായെങ്കിലും ഒരു പരിധിക്കപ്പുറം സി.പി.എമ്മിനെ ചെറുക്കാൻ മമതയ്‌ക്ക് സാധിച്ചില്ല. 2006 ലെ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് 176 സീറ്റും തൃണമൂൽ കോൺഗ്രസിന് വെറും 30 സീറ്റുമാണ് ലഭിച്ചത്. ഇതിനു ശേഷമാണ് ഇടതുപക്ഷത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‌പിച്ച സിംഗൂർ, നന്ദിഗ്രാം സംഭവങ്ങളുണ്ടായത്. ഇടതുപക്ഷത്തിന് ഏതുകാലത്തും വോട്ടുചെയ്ത 30 ശതമാനം വരുന്ന മുസ്ളിം സമുദായം പാർട്ടിയുമായുള്ള ബന്ധം ഇതോടെ വിച്ഛേദിച്ചു. ഭൂരിപക്ഷം സീറ്റുകളും നഷ്‌ടമായി. 2011 ലെ തിരഞ്ഞെടുപ്പിലും കോൺഗ്രസ് - തൃണമൂൽ കോൺഗ്രസ് മുന്നണി ഇടതുപക്ഷത്തിന് വലിയ പ്രഹരമേല്‌പിച്ചു. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പോലും പരാജയപ്പെട്ടു. തൃണമൂൽ കോൺഗ്രസിന് 184 സീറ്റും കോൺഗ്രസിന് 42 സീറ്റും ലഭിച്ചു. എസ്.യു.സി.ഐ വരെ മുന്നണിയിലുണ്ടായിരുന്നു. സി.പി.എമ്മിന് വെറും 40 സീറ്റാണ് ലഭിച്ചത്. പ്രധാനപ്രതിപക്ഷം അപ്പോഴും അവരായിരുന്നു. ഫോർവേഡ് ബ്ളോക്കിനും ആർ.എസ്.പിക്കും സി.പി.ഐയ്ക്കും കൂടി 20 സീറ്റുകളാണ് ലഭിച്ചത്. 2016 ആകുമ്പോഴേക്കും തൃണമൂലും കോൺഗ്രസും തമ്മിൽ തെറ്റി. കോൺഗ്രസും സി.പി.എമ്മും തമ്മിൽ അനൗപചാരികമായ ഒരു ധാരണയുണ്ടാക്കി മത്സരിച്ചു. ഇതോടെ സി.പി.എമ്മിന് മുഖ്യപ്രതിപക്ഷ പാർട്ടിയെന്ന സ്ഥാനം നഷ്ടമായി. കോൺഗ്രസ് പ്രധാന പ്രതിപക്ഷ പാർട്ടിയായി. സി.പി.എമ്മിന് പിന്നെയും വലിയ തിരിച്ചടി നേരിട്ടു. അവർക്ക് 26 സീറ്റാണ് ലഭിച്ചത്. ഇടതു മുന്നണിക്ക് മൊത്തത്തിൽ 32 സീറ്റ് ലഭിച്ചു. അപ്പോഴും സി.പി.എമ്മിന് പശ്ചിമ ബംഗാളിൽ 19.75 ശതമാനം വോട്ടുണ്ടായിരുന്നു.

ഇത്തവണ കോൺഗ്രസുമായി പരസ്യമായി സഖ്യമുണ്ടാക്കിയെന്നു മാത്രമല്ല, മുസ്ളിം മതമൗലികവാദികളെന്നു പറയാവുന്ന അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യൻ സെക്യുലർ ഫ്രണ്ടിനെക്കൂടി കൂട്ടിച്ചേർത്തു ഒരു സംയുക്ത മുന്നണിക്ക് രൂപം നൽകിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇൗ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ പരാജയമെന്നു പറയുന്നത് അന്യാദൃശ്യമാണ്. 4.6 ശതമാനം വോട്ടുകളാണ് ആകെ ലഭിച്ചത്. നാലു സീറ്റിൽ മാത്രമാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഒരു സീറ്റിലും ജയിച്ചില്ല. ഇതാണ് ചരിത്രപരമായ പരാജയമെന്നു പറഞ്ഞത്. 1946 ൽ മൂന്നു സീറ്റിൽ ജയിച്ച മുന്നണിക്ക് ഇത്തവണ ഒരു സീറ്റിൽ പോലും ജയിക്കാനായില്ല. നാലിടത്തു മാത്രമാണ് രണ്ടാംസ്ഥാനത്തെത്തിയത്. പാർട്ടിയും മുന്നണിയും മത്സരിപ്പിച്ച സ്ഥാനാർത്ഥികളിൽ 90 ശതമാനത്തിനും കെട്ടിവെച്ച കാശുപോലും കിട്ടാത്തത്ര ഭയാനകമായ രാഷ്ട്രീയ പരിതസ്ഥിതിയിലാണ് ബംഗാളിലെ ഇടതുപക്ഷ മുന്നണി ഇപ്പോൾ നിലനിൽക്കുന്നത്. എന്തുകൊണ്ടിങ്ങനെ സംഭവിച്ചുവെന്നതാണ് പ്രധാനചോദ്യം. കോൺഗ്രസിന്റെ ദുർഭരണത്തിനെതിരായ വികാരമാണ് ഇടതുപക്ഷത്തെ അധികാരത്തിലെത്തിച്ചത്. പ്രത്യേകിച്ച് 1972 -77 കാലത്ത് പശ്ചിമബംഗാളിൽ നടന്ന അതിഭയങ്കരമായ പൊലീസ് രാജ്, ഭരണകൂട ഭീകരത. ഇതിനോടു ജനങ്ങൾക്കുണ്ടായ എതിർപ്പും പ്രതിഷേധവുമാണ് 77 ൽ പാർട്ടിയെ അധികാരത്തിലെത്തിച്ചത്. അന്ന് ജ്യോതിബസുവിനെപ്പോലെ പ്രഗത്ഭനായ ഭരണാധികാരിയും പ്രമോദ് ദാസ് ഗുപ്തയെപ്പോലെ അതി പ്രഗത്ഭനായ സംഘാടകനും പാർട്ടിക്കുണ്ടായിരുന്നു. പില്‌ക്കാലത്ത് ഇൗ രീതിയിലുള്ള നേതൃത്വം ഇല്ലാതാവുകയും എല്ലാ വിധത്തിലുമുള്ള സാമൂഹ്യവിരുദ്ധ ശക്തികൾ പാർട്ടിയുടെ തണലിലേക്ക് വരികയും ചെയ്തു. അവർ ഇടതുപക്ഷ മേൽവിലാസം ഉപയോഗിച്ച് അഴിമതിയും അക്രമവും തുടർന്നു. പണ്ട് കോൺഗ്രസിന്റെ കാലത്തു നടന്നതിനേക്കാൾ മാരകമായിരുന്നു അത്. ഏതെങ്കിലും തരത്തിൽ അതിനെ ചെറുക്കാനോ തടയാനോ ഔദ്യോഗിക നേതൃത്വത്തിനു സാധിച്ചില്ല. പലപ്പോഴും സ്ഥാപിത താത്പര്യങ്ങൾ മുൻനിറുത്തി അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പ്രബലമായ ഒരു പ്രതിപക്ഷമില്ലെന്ന സാഹചര്യം കൊണ്ടാണ് ഇവർക്ക് പിന്നെയും പിന്നെയും തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിഞ്ഞത്. ഇപ്പോൾ തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ ഇതേ അഴിമതിക്കാരും അക്രമികളും തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയ ശീതളഛായയിലേക്ക് മാറി. ഇവർ മുമ്പ് കോൺഗ്രസിനും മറ്റ് എതിരാളികൾക്കുമെതിരെ നടത്തിയിരുന്ന അക്രമം ഇപ്പോൾ തൃണമൂൽ കോൺഗ്രസിന്റെ ബാനറിൽ നിന്നുകൊണ്ട് സി.പി.എമ്മിനെതിരെ ചെയ്യാൻ തുടങ്ങിയിരിക്കുന്നു. പ്രാണഭയം കൊണ്ട് സി.പി.എം നേതാക്കളടക്കമുള്ളവർ ബി.ജെ.പിയിലേക്കോ മറ്റു പാർട്ടികളിലേക്കോ കൂറു മാറുന്ന അവസ്ഥയെത്തി. പാർട്ടിയുടെ ഓഫീസുകൾ അടച്ചു പൂട്ടുന്നു. പ്രവർത്തകർ നിലനില്‌പില്ലാതെ മറ്റു പാർട്ടികളിലേക്ക് മാറുന്നു. സി.പി.എം പ്രവർത്തകർ തന്നെ ബി.ജെ.പിയെക്കാൾ ആവേശത്തിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നു. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഖഗൻ മുർമു എന്ന നേതാവ് മൂന്നു തവണ സി.പി.എം ചിഹ്നത്തിൽ മത്സരിച്ച് എം.എൽ.എയായ ആളാണ്. എം.എൽ.എയായിരിക്കെ ഖഗൻ മുർമു 2019 ൽ ബി.ജെ.പി സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിൽ മാൽദ ഉത്തർ മണ്ഡലത്തിൽ പാർലമെന്റിലേക്ക് മത്സരിച്ച് വിജയിച്ചു. ഇപ്പോഴദ്ദേഹം ബി.ജെ.പിയുടെ സമുന്നത നേതാവും പാർലമെന്റംഗവുമാണ്.

ഇതൊരു ഒറ്റപ്പെട്ട ഉദാഹരണമല്ല. പലരും ഇങ്ങനെ മാറിയിട്ടുണ്ട്. ഒന്നുകിൽ തൃണമൂൽ കോൺഗ്രസിന്റെ തല്ലുകൊണ്ടു മരിക്കുക, അല്ലെങ്കിൽ ബി.ജെ.പിയിൽ ചേരുക എന്നതാണ് സി.പി.എമ്മുകാരുടെ മുന്നിലുള്ള വഴി. മുമ്പ് സി.പി.എം ചെയ്തിരുന്ന അക്രമം കൂടിയ തോതിൽ തൃണമൂൽ കോൺഗ്രസുകാർ ചെയ്യുന്നു. തുടർഭരണം വരുത്തിവയ്‌ക്കുന്ന വലിയ വിനയാണിത്. തുടർഭരണം ലഭിക്കുമ്പോൾ പാർട്ടിയുടെ ശക്തിയും അപ്രമാദിത്തവും ചോദ്യം ചെയ്യാൻ ആരുമില്ലെന്ന ഹുങ്കിലേക്ക് കാര്യങ്ങളെത്തും. ഇത് ബംഗാളിൽ മാത്രമല്ല, എല്ലാ സംസ്ഥാനത്തെയും എല്ലാ പാർട്ടികൾക്കുമുള്ള വലിയൊരു മുന്നറിയിപ്പാണ്. അമിത അധികാരം ആരിൽ കേന്ദ്രീകരിക്കുന്നുവോ അത് ആത്യന്തികമായി അവർക്കു തന്നെ വിനയാകും. ചരിത്രപരമായ പരാജയത്തിൽ നിന്ന് പഠിക്കേണ്ട മുന്നറിയിപ്പും താക്കീതും ഇതിലടങ്ങിയിരിക്കുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BENGAL ELECTION
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.