SignIn
Kerala Kaumudi Online
Thursday, 24 June 2021 9.23 PM IST

കൊവിഡിനെതിരെ ധൂപ സന്ധ്യയും ചൂർണ്ണവും; അശാസ്ത്രീയമെന്ന് വിമർശനം, മറുപടിയുമായി ആലപ്പുഴ നഗരസഭാ  ചെയർപേഴ്‌സൺ

indu-vinod

കൊവിഡ് രോഗത്തിനെതിരെയുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി ആചരിച്ച 'ധൂപ സന്ധ്യ ' അശാസ്ത്രീയമെന്ന വിമർശനം നേരിട്ടതിനു പിന്നാലെ ഇക്കാര്യത്തിൽ മറുപടിയുമായി ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്‌സൺ ഇന്ദു വിനോദ്.

ആലപ്പുഴ നഗരത്തിൽ പോസിറ്റീവ് കേസുകൾ വല്ലാതെ കൂടുന്ന സാഹചര്യത്തിൽ അസാധാരണമായ സാഹചര്യത്തെ നേരിടാൻ അസാധാരണമായ നടപടികൾ അനിവാര്യമായി എന്നാണ് ചെയർപേഴ്‌സൺ തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി വിശദീകരിക്കുന്നത്.

കൊവിഡിനെ നേരിടാൻ എന്തൊക്കെ ചെയ്യാൻ കഴിയും എന്ന കൂട്ടായ ആലോചനകളിലാണ് മറ്റ് പദ്ധതികൾക്കൊപ്പം ഇത്തരമൊരു ആശയവും ഉരുത്തിരിഞ്ഞു വന്നതെന്നും ഇന്ദു വിനോദ് പറയുന്നു. നഗരസഭയുടെ നേതൃത്വത്തിൽ 52 വാർഡുകളിലെ 50,000ത്തിലധികം വീടുകളിലാണ് ആയുർവേദ പ്രതിരോധ മരുന്നുകളടങ്ങിയ 'അണു നശീകരണ ചൂർണ്ണ'ത്തിന്റെ ധൂപം ഉപയോഗിച്ചുള്ള 'ധൂപ സന്ധ്യ' നടന്നത്.

എട്ടാം തീയതി 6.30നാണ് എല്ലാ വീടുകളിലും 'ധൂപ സന്ധ്യ' ആചരിച്ചത്. നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ ജാഗ്രതാ സമിതി അംഗങ്ങളും ആരോഗ്യ വോളണ്ടിയർമാരും അപരാജിത ചൂർണ്ണത്തിന്റെ വിതരണം നടത്തിയിരുന്നു. ശരീരത്തിന്റെ പ്രതിരോധ ശക്തി ഉയർത്താനുള്ള ഹോമിയോ മരുന്ന് വിതരണവും നഗരസഭ നടത്തിയിരുന്നു.

ഇന്ദു വിനോദിന്റെ കുറിപ്പ് ചുവടെ:

'ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിലെ 52 വാർഡുകളിലെ 50000 ത്തോളം ഭവനങ്ങളിൽ ഇന്നലെ ധൂപ സന്ധ്യ ആചരിച്ചു. വളരെ ജനകീയമായി നടന്ന ഈ പരിപാടിയോട് ശാസ്ത്രസാഹിത്യ പരിഷത്ത് എതിർപ്പുമായി രംഗത്ത് വന്നതോടെ ധൂപത്തിന് മുൻപ് വിവാദം പുകഞ്ഞു. സമൂഹമാധ്യമ പോസ്റ്റിനു താഴെ ചിലർ തങ്ങളുടെ ശാസ്ത്ര വിജ്ഞാനം പങ്ക് വച്ചു കൊണ്ട് കമൻറുകളിട്ടു. അഭിപ്രായ സ്വാതന്ത്ര്യം അവകാശമായതുകൊണ്ട് എതിർപ്പില്ല. പക്ഷേ ചില അഭിപ്രായങ്ങളുടെ ആധികാരികത കണ്ട് ശാസ്ത്രജ്ഞരൊ വൈദ്യ ശാസ്ത്ര വിശാരദരോ ആവുമെന്നു കരുതി പ്രൊഫൈൽ നോക്കി.

അല്ല എന്ന് മനസ്സിലായെങ്കിലും ശാസ്ത്രജ്ഞാനം നേടാൻ ശ്രമിക്കുന്ന സാധാരണക്കാരാണെന്ന് മനസ്സിലായി. ധാരാളം പേർ നഗരസഭയുടെ ഈ ഉദ്യമത്തെ നേരിട്ടും ഫോണിലൂടെയും സമൂഹ മാധ്യമങ്ങൾ വഴിയും ശ്ലാഖിച്ചു. ഇന്നലെ വൈകിട്ട് നഗരസഭയിൽ ധൂപ സന്ധ്യ ആചരിക്കുന്ന സമയത്ത് മലയാളത്തിലെ മുൻനിര ചാനലുകളെല്ലാവരുമുണ്ട്. ഏവരും ബാലൻസ്ഡ് ആയ വാർത്തയാണ് നൽകിയത്. ഈ സാഹചര്യത്തിൽ നഗരസഭയുടെ നിലപാട് വിശദീകരിക്കേണ്ടത് ആവശ്യമാണ് എന്ന് തോന്നുന്നു.

ആലപ്പുഴ നഗരത്തിൽ പോസിറ്റീവ് കേസുകൾ വല്ലാതെ കൂടുകയാണ്. അസാധാരണമായ സാഹചര്യത്തെ നേരിടാൻ അസാധാരണമായ നടപടികൾ അനിവാര്യമായി .എന്തൊക്കെ ചെയ്യാൻ കഴിയും എന്ന കൂട്ടായ ആലോചനകളിലാണ് സംസ്ഥാനത്ത് ആദ്യമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ആരംഭിച്ച ഇപ്പോഴും 100 ഓളം രോഗികൾ നിത്യേന സേവനം സ്വീകരിക്കുന്ന ടെലി മെഡിസിൻ, മാർക്കറ്റുകിലെ മാസ് ടെസ്റ്റും പോസിറ്റീവാകുന്നവർക്ക് പലവ്യഞ്ജന കിറ്റും തുടങ്ങിയ ആശയങ്ങൾ വന്നത്. ഇത്തരത്തിലെ കൂട്ടായ ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞ് വന്നതാണ് ധൂപ സന്ധ്യ എന്ന ആശയവും.

indu-vinod2

ഇതിൻ്റെ എഫിക്കസി സംബന്ധിച്ച് ആയുർവേദ ഡി.എം.ഒ യുടെ രേഖാമൂലമുള്ള കുറിപ്പ് വാങ്ങി. വ്യവസ്ഥാപിതമായ എല്ലാ തട്ടുകളിലും ചർച്ച ചെയ്തു. സർവ്വകക്ഷി യോഗം വിളിച്ചു. നഗരസഭ കൗൺസിൽ ഓൺലൈനായി കുടി.നഗരത്തിലെ എല്ലാ ആശ പ്രവർത്തകരേയും , എ ഡി എസ് ,റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളേയും പങ്കെടുപ്പിച്ച് ഓൺലൈനായി ചർച്ച ചെയ്തു. അരോഗ്യ രംഗത്തെ വിദഗ്ദരുമായും ചർച്ച നടത്തി. ധൂപ സന്ധ്യ എന്ന ആശയത്തെക്കുറിച്ച് ആരും തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയില്ല.മറിച്ച് പൂർണ്ണ പിന്തുണ ഏവരും നൽകുകയും ചെയ്തു.സർക്കാർ സ്ഥാപനമായ ഔഷധിയുടെ പ്രോഡക്ട് ജില്ലാ മെഡിക്കൽ ഓഫീസറുടെ കൂടിഅഭിപ്രായം വാങ്ങിയാണ് പദ്ധതി നടപ്പിലാക്കിയത്.ഇതൊക്കെ അബദ്ധമാണെന് വാദിച്ചാൽ സംവിധാങ്ങളിലേറെ പൊളിച്ചെഴുത്ത് വേണ്ടി വരുമെന്ന് തോന്നുന്നു.

ധൂപ സന്ധ്യയിലെ ധൂമമേറ്റ് സുരക്ഷിതരായി എന്ന് തെറ്റിദ്ധരിച്ച് ഏവരും പുറത്തിറങ്ങും എന്നാണ് ചില വിദഗ്ദ മതം. രണ്ട് ഡോസ് വാക്സിനെടുത്ത വർ വരെ അടച്ചകത്തിരിക്കുന്ന നമ്മുടെ സാക്ഷര കേരളത്തിലെ ജനങ്ങൾ ഇന്നലെ സന്ധ്യയ്ക്ക് പുകയേറ്റ് സുരക്ഷിതരായതാണ് എന്നു കരുതി പുറത്തിറങ്ങും എന്ന് ഞങ്ങളാരും കരുതുന്നില്ല. അങ്ങിനെ നമ്മുടെ ജനങ്ങളെ വില കുറച്ച് കാണാനുമാവില്ല.

52 വാർഡുകളിലെ 50000 ഭവനങ്ങളിൽ ഇന്നലെ വൈകിട്ട് 6.30ന് ധൂപ സന്ധ്യ ആചരിച്ചത് ഒരു ബോധ വത്കരണ പരിപാടി കൂടിയായി എന്നാണ് ലഭിക്കുന്ന ഫീഡ് ബാക്ക്. അഡ്വ.എ.എം.ആരിഫ് എം.പിയും നിയുക്ത എം.എൽ.എ ശ്രീ.പി.പി ചിത്തരഞ്ജനും ജില്ലാ കലക്ടറും എസ്.പിയും അടക്കമുളള പൗര പ്രമുഖരെല്ലാം പങ്കു ചേർന്നതായി അറിയിച്ചിട്ടുണ്ട്. ഇനി "വിവാദ" നായകൻ അപാരിജിത ധൂപ ചൂർണ്ണത്തെപ്പറ്റി രണ്ട് വാക്ക് .പദ്ധതി വിഭാവനം ചെയ്യുമ്പോൾ നടത്തിയ വിവരശേഖരണ പ്രക്രിയുടെ ഭാഗമായി ലഭിച്ച കാര്യങ്ങളാണ് സൂചിപ്പിക്കുന്നത്.

അന്തരീക്ഷത്തെ അണുവിമുക്തമാക്കുന്നതിൽ അപരാജിത ധൂപ ചൂർണ്ണത്തിൻ്റെ പങ്ക് ആയുർവേദ ശാസ്ത്രലോകം തെളിയിച്ചിട്ടുള്ളതാണ്. (പത്ര വാർത്തകൾ കമൻ്റായി കൊടുക്കുന്നു.) വായുവിലെ മൈക്രോബിയൽ സാന്നിധ്യം ധൂപ ചൂർണ്ണത്തിൻ്റെ പ്രയോഗം ഗണ്യമായി കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. ആൻ്റി ഇൻഫ്ളമേറ്ററി കപ്പാസിറ്റിയുമിതിനുണ്ട് എന്ന് വിദഗ്ദർ പറയുന്നു. അഷ്ടാംഗഹൃദയത്തിൽ സൂചനയുള്ള ധൂപ ചൂർണ്ണത്തിൻ്റെ പ്രയോഗം 96% ത്തോളം ബാക്ടീരിയൽ ,ഫംഗൽ, വൈറൽ സാന്നിദ്ധ്യം കുറയ്ക്കുമെന്നും ആയുഷ്, ഐ.എസ്.എം തൃശൂർ ചാപ്റ്റർ എന്നിവ സംയുക്തമായി നടത്തിയ പഠനങ്ങൾ പറയുന്നു.

എയ്റോസോൾ ട്രാൻസ്മിഷനിലൂടെ കോവിഡ് പടരാമെന്ന് ലോക പ്രശസ്ത എപ്പിഡമോളജി റിസർച്ച് സെൻ്ററായ യു.എസ് സെൻറർ ഫോർ റിസർച്ച് കൺട്രോൾ നടത്തിയ പഠനങ്ങളിലൂടെ പറയുന്നുമുണ്ട്. സെകരമായ കാര്യം ഒരു ദിവസം ധൂപം പുകച്ചാൽ കൊറോണ വൈറസ് ഇല്ലാതാവും എന്ന് നഗരസഭ യാതൊരു അവകാശവാദവും ഉന്നയിച്ചിട്ടില്ല. പിന്നെ കോവിഡ് വിരുദ്ധ റിസർച്ചുകൾ പുരോഗമിക്കുന്നതേയുള്ളു. ഇതാണ് അറിവിന്നടിവര എന്ന് പറയാറായിട്ടില്ല. നിരന്തരം അപ്ഡേഷനുകൾ നടന്നു വരികയാണ്. ശാസ്ത്രം എന്നാൽ പാശ്ചാത്യ വൈദ്യശാസ്ത്രം എന്ന നാലതിരുനുള്ളിൽ ഒതുക്കാനാവുമോ .എന്നും സന്ദേഹമുണ്ട്. ഇതാണ് വാദമെങ്കിൽ നമ്മുടെ ആയുർവേദ ആശുപത്രികളും മെഡിക്കൽ കോളേജുകളും ഒക്കെ ചോദ്യ ചിഹ്നങ്ങളാവില്ലെ?

ഒരാഴ്ച മുൻപ് തന്നെ പത്ര മാധ്യമങ്ങൾ വഴിയും സമൂഹമാധ്യമങ്ങൾ വഴിയും നഗരസഭ പ്രഖ്യാപിച്ചിരുന്ന പദ്ധതിയാണ് ധൂപ സന്ധ്യ. വാദത്തിനു വേണ്ടി അംഗീകരിച്ചാൽ തന്നെ അപ്പോഴൊന്നും ചൂണ്ടിക്കാണിക്കാതെ, വിമർശനങ്ങളുന്നയിക്കാതെ ധൂപ ചൂർണ്ണം 50000 വീടുകളിലുമെത്തിയ ശേഷം വാർത്ത നൽകിയതിൽ ദുരുദ്ദേശമുണ്ടെന്ന് കരുതുന്നില്ല.

ഇനി ഹോമിയോയും ആക്രമിക്കപ്പെട്ടു. ഈ മരുന്ന് മികച്ച ഇമ്യൂണിറ്റി ബൂസ്റ്റർ തന്നെയാണ്.ഇത് അനുഭവ സാക്ഷ്യം.കഴിഞ്ഞ കോ വിഡ് കാലത്ത് ഇരവുകാട് വാർഡിൽ വ്യാപകമായി ഹോമിയോ പ്രതിരോധ മരുന്ന് നൽകിയിരുന്നു. വളരെ ഫലപ്രദമാണെന്നത് നേരറിവാണ്. കോവിഡ് വിരുദ്ധ പോരാട്ടത്തിൽ നമുക്ക് ഉപയുക്തമാവുന്ന, പ്രയോഗത്തിൽ വരുത്താൻ കഴിയുന്ന ആശയങ്ങളും പദ്ധതികളും നിർദ്ദേശിക്കുവാനും പ്രവർത്തനങ്ങളിൽ പങ്കാളികളാവാനും ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകളേയും വ്യക്തികളേയും സാദരം ക്ഷണിക്കുന്നു.

ഒരപേക്ഷ കൂടിയുണ്ട്. കോവിഡ് രോഗികൾക്ക് ഭക്ഷണവും മരുന്നു മെത്തിക്കാനും ക്വാറൻ റ്റൈനിൽ കഴിയുന്നവർക്ക് സേവനങ്ങളെത്തിക്കാനും ധാരാളം സന്നദ്ധ പ്രവർത്തകരെ ആവശ്യമുള്ള സമയമാണ്. സമയവും സൗകര്യവുമുള്ളവർ നഗരസഭയുമായി ബന്ധപ്പെടണമെന്നും അഭ്യർത്ഥിക്കുന്നു.'

content highlight: dhoopa sandhya criticised as being not scientific alappuzha municipality chairperson answers.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: INDU VINOD, ALAPPUZHA, ALAPPUZHA MUNICIPALITY CHAIRPERSON, KERALA, INDIA, DHOOPA SANDHYA, COVID
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.