SignIn
Kerala Kaumudi Online
Saturday, 20 April 2024 7.33 AM IST

പുസ്തകം കൈയിലെടുക്കൂ കൊവിഡിൽ വാടാതിരിക്കാൻ

book

കൊച്ചി: ബാഹ്യലോകവുമായുള്ള ബന്ധം വിച്ഛേദിച്ച് അടച്ചിട്ട മുറികളിൽ ബോറടിച്ച് കഴിയുന്ന കൊവിഡ് ബാധിതർക്കും ക്വാറന്റെെനിൽ ഉള്ളവർക്കും അക്ഷരസഞ്ചാരത്തിന് ലൈബ്രറി കൗൺസിൽ അവസരം ഒരുക്കുന്നു. സമൂഹവുമായുള്ള ജൈവബന്ധം നഷ്‌ടപ്പെട്ട രോഗികൾക്ക് അറിവിന്റെ വാതായനങ്ങൾ തുറന്നു നൽകുകയാണ് ലക്ഷ്യം.മരുന്നിനും ഭക്ഷണത്തിനും ഒപ്പം കൊവിഡ് രോഗികൾക്ക് പുസ്തകങ്ങൾ കൂടി നൽകുന്നതിനായി വാർഡുതലത്തിൽ പ്രവർത്തിക്കുന്ന ജാഗ്രതസമിതിയുമായി ലൈബ്രറികൾ കൈകോർക്കുകയാണ്. ആവശ്യപ്പെടുന്ന അത്രയും കൃതികൾ ലൈബ്രറി പ്രവർത്തകർ വീടുകളിലെത്തിച്ചു തരും. മതിതീരുവോളം വായിച്ച് രോഗകാലം കഴിഞ്ഞ് തിരിച്ചുനൽകാം. ലൈബ്രറി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അക്ഷരസേന എന്ന കൂട്ടായ്മയാണ് ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. 18- 40 പ്രായക്കാരാണ് അംഗങ്ങൾ. അഞ്ചു മുതൽ പതിനഞ്ച് വരെ ചെറുപ്പക്കാരാണ് ഓരോന്നിലുമുള്ളത്. ജില്ലയിൽ ആയിരം പേർ കൂട്ടായ്മയിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞു.സംസ്ഥാന ലൈബ്രറി​ കൗൺ​സി​ലി​ന്റെ നേതൃത്വത്തിൽ ഇവർക്ക് ഘട്ടംഘട്ടമായി പരിശീലനം നൽകും. 12 ന് രാവിലെ പത്തിന് ഓൺലൈനായി ആദ്യഘട്ടപരിശീലനം ആരംഭിക്കും .ലൈബ്രറി സെക്രട്ടറിമാർക്കും പരിശീലനമുണ്ട്.

ഹെൽപ്പ് ഡെസ്കാകും ലൈബ്രറി​കൾ

വാക്സിനേഷൻ രജിസ്‌ട്രഷൻ ഉൾപ്പെടെ സംവിധാനങ്ങളുമായി കൊവിഡ് ഹെൽപ് ഡെസ്ക് ആയി ലൈബ്രറികൾ പ്രവർത്തിക്കും. വാക്സിൻ ചലഞ്ചിലേക്ക് തുക സമാഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഇതോടൊപ്പം നടക്കും. ഇതി​നായ യുവാക്കളുടെ സംഘങ്ങൾക്കും രൂപം നൽകി​ക്കഴി​ഞ്ഞു.

ജില്ലയിൽ 500 ലൈബ്രറികൾ

മികവനുസരിച്ച് എ പ്ളസ്, എ, ബി, സി, ഡി,ഇ, എഫ് എന്നിങ്ങനെയാണ് ലൈബ്രറിയുടെ ഗ്രേഡുകൾ. ഏറ്റവും മി​കച്ച എ പ്ളസ് 15 എണ്ണം.എഫ് ഗ്രേഡ് ഒഴികെയുള്ളവർക്ക് സ്വന്തം കെട്ടിടമുണ്ട്.ആയിരം പുസ്തകങ്ങളും വർഷം രണ്ടായിരം പുസ്തകങ്ങൾ ഇഷ്യുവുമുണ്ടെങ്കി​ൽ എഫ് ഗ്രേഡ് ലഭിക്കും. ഗ്രേഡ് പ്രകാരം ലൈബ്രറി​ കൗൺ​സി​ൽ വാർഷി​ക ഗ്രാന്റ് നൽകും. ലൈബ്രേറി​യന്റെ ശമ്പളം വേറെയും. മാസവരിയാണ് വായനശാലകളുടെ പ്രധാന വരുമാനം.

ഓൺലൈൻ യോഗങ്ങൾ

ലൈബ്രറികളി​ലെ ബാല, വനിതാ, യുവ വി​ഭാഗങ്ങൾ ഉൾപ്പടെ എല്ലാ സമി​തി​കളും മാസത്തിൽ ഒരു തവണയെങ്കിലും ഓൺലൈനായി യോഗം ചേരണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.51 വായനശാലകൾ വനിത പുസ്തക വിതരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നുണ്ട്. ഓരോ ആഴ്ചയും സ്ത്രീകൾക്ക് വീടുകളിൽ പുസ്തകമെത്തിച്ചു കൊടുക്കും. കൊവിഡ് കാലത്തും പദ്ധതി തുടരുന്നു.

കാക്കനാട് ജയിൽ ലൈബ്രറി, ജുവനൈൽ ഹോം, പള്ളുരുത്തി സ്നേഹഭവൻ, തൃപ്പൂണിത്തുറ ആയുർവേദ ആശുപത്രി, എറണാകുളം എസ്.എൻ.സദനം ഹോസ്റ്റൽ എന്നിവിടങ്ങളിലെ ലൈബ്രറികൾ ലോക്ക്ഡൗണിലും വായനക്കാർ പ്രയോജനപ്പെടുത്തുന്നു.

എം.ആർ.സുരേന്ദ്രൻ

ജി​ല്ലാ ലൈബ്രറി​ കൗൺ​സി​ൽ സെക്രട്ടറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, BOOKS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.