SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.52 AM IST

ഇന്ധന വില എന്ന തീക്കാറ്റ്

oil-price

പൊള്ളുന്ന തീക്കാറ്റായി അനുദിനം കുതിക്കുന്ന ഇന്ധനവിലയിൽ കിതയ്‌ക്കുകയാണ് ഇന്ത്യ. ഒരു ന്യായീകരണവും നീതികരണവുമില്ലാത്ത ഈ വില വർദ്ധന സാധാരണക്കാരന്റെ നെഞ്ചിൽ തീ ആളിക്കത്തിക്കുന്നു. ഈ പ്രതിഭാസത്തിന് അവസരമൊരുങ്ങിയത് രണ്ടാം യു.പി.എ. സർക്കാരിന്റെ കാലത്താണ്. അതുവരെ ഗവൺമെന്റിൽ നിക്ഷിപ്തമായിരുന്ന ഇന്ധനവില നിർണയാധികാരം ഗവൺമെന്റിൽ നിന്ന് നീക്കി എണ്ണക്കമ്പനികൾക്ക് വിട്ടുനൽകി. കമ്പനികൾ ഒളിഞ്ഞും തെളിഞ്ഞും വിലവർദ്ധന നടപ്പാക്കി. അന്ന് അതിനെതിരെ പ്രതിഷേധിക്കുകയും പ്രക്ഷോഭം നയിക്കുകയും ചെയ്തവർ തങ്ങൾ അധികാരത്തിൽ വന്നാൽ വിലക്കയറ്റം പിടിച്ചുനിറുത്തി കാര്യങ്ങൾ പഴയ നിലയിലാക്കുമെന്ന് ആണയിട്ട് പറഞ്ഞു. എന്നാൽ പിന്നീട് അധികാരത്തിൽ വന്ന അവർ ജനങ്ങളുടെ സർവ പ്രതീക്ഷകളും തകർത്തുകൊണ്ട് എണ്ണക്കമ്പനികളുടെ കൊടുംകൊള്ളയ്ക്ക് കുടപിടിക്കുന്നവരായി മാറി. ഇന്ധനവില ഒട്ടും കുറച്ചില്ലെന്നു മാത്രമല്ല, ഓരോ ദിവസവും വില കൂട്ടിക്കൂട്ടി സർവകാല റെക്കാഡിലെത്തിക്കാൻ കമ്പനികൾ കാട്ടുന്ന ക്രൂരവിനോദത്തിന് സർവപിന്തുണയും നല്‌കി.
പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങളെ ചേർത്തു നിറുത്തുകയാണ്
ഗവൺമെന്റിന്റെ കടമ. എന്നാൽ അവശ്യവസ്തുക്കളുടെ വില വർദ്ധിപ്പിച്ച് രോഗവും പട്ടിണിയും കൊണ്ടു വീർപ്പുമുട്ടുന്ന ജനങ്ങളെ കൂടുതൽ ദുരിതത്തിലാഴ്‌ത്തുകയാണ് ഗവൺമെന്റ്. അപ്പോഴും ഞങ്ങൾ ജനപക്ഷമാണെന്ന വീമ്പുപറച്ചിലിന് കുറവൊന്നുമില്ല. ഒരു ജനതയെ എല്ലാക്കാലവും ഇരുട്ടിൽ നിറുത്താൻ കഴിയില്ലെന്ന വിവേകം ഭരണാധികാരികൾക്കുണ്ടാവണം. ഇവിടെ എണ്ണക്കമ്പനികൾ ഓരോ ദിവസവും വിലകൂട്ടി ജനജീവിതം താറുമാറാക്കുമ്പോൾ ആ കറുത്തശക്തികളെ നിലയ്ക്ക് നിറുത്താനും നിയന്ത്രിക്കാനും കഴി
യുന്നില്ലെങ്കിൽ പിന്നെന്തിനാണൊരു ഗവൺമെന്റ് ? മഹാവ്യാധിയിൽ ശ്വാസം കിട്ടാതെ നിസഹായരായ മനുഷ്യർ ശ്വാസംമുട്ടി പിടഞ്ഞു മരിക്കുമ്പോൾ ബാക്കിയാവുന്നവരെ ഇന്ധനവിലവർദ്ധനയിൽ വരിഞ്ഞു മുറുക്കി പിന്നെയും ശ്വാസം മുട്ടിക്കുകയാണ്.

തിരഞ്ഞെടുപ്പു പോലെ അവർക്കാവശ്യമുള്ള പ്രത്യേക സാഹചര്യങ്ങളിൽ താത്‌കാലിക വെടിനിറുത്തൽ പോലെ ഇന്‌ധന വില ചില്ലറ പൈസ കുറയ്ക്കുകയും, വോട്ട് പെട്ടിയിലായി കഴിഞ്ഞ് പിറ്റേന്നു മുതൽ കുറച്ചതിലേറെ വീണ്ടും കൂട്ടുകയും ചെയ്യുന്ന ഇന്ധനത്തിന്റെ രാഷ്ട്രീയം തിരിച്ചറിയാൻ കഴിയാത്ത പമ്പര വിഡ്ഢികളാണ് പൊതുസമൂഹമെന്നാണ് അവരുടെ ധാരണ. എല്ലാ ഭരണകൂടവും സമ്പന്നർക്കു വേണ്ടിയുള്ളതാണെന്ന പൊതുബോധം രൂപപ്പെടാൻ കൂടി എണ്ണവിലയുടെ രാഷ്ട്രീയം നമ്മെ നിർബന്ധിക്കുന്നുണ്ട്. അടങ്ങാത്ത അമർഷത്തിൽ നീറിപ്പുകയുകയാണ് ജനമനസുകൾ. ഇനിയും നിങ്ങൾ ആ നല്ല മനുഷ്യരുടെ ക്ഷമ പരീക്ഷിക്കരുത്. ആരും കണ്ടിട്ടില്ലാത്ത ആർക്കും കാണാനാവാത്ത അദൃശ്യമായ അന്താരാഷ്ട്ര വിപണി എന്ന ആഗോളവത്‌കരണത്തിന്റെ അടയാളമായ പുത്തൻ സങ്കല്‌പത്തിൽ ചാരിയാണ് എണ്ണവില നിശ്ചയിക്കപ്പെടുന്നത് എന്നാണ് പറയപ്പെടുന്നത്. അതങ്ങനെയാണെങ്കിൽ ആ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറയുമ്പോൾ അതിന് ആനുപാതികമായി പെട്രോളിയം ഉത്‌പന്നങ്ങളുടെ വില ഈ രാജ്യത്തും കുറയേണ്ടതല്ലേ. മറ്റു വിദേശരാജ്യങ്ങളിലൊക്കെ അങ്ങനെ കുറയുന്നുമുണ്ട്. പക്ഷേ നമ്മുടെ രാജ്യത്ത് വില കുറയുന്നില്ലെന്നു മാത്രമല്ല ഓരോ ദിവസവും കുത്തനെ വർദ്ധിക്കുകയുമാണ്. അന്താരാഷ്ട്രവിപണിയിൽ ക്രൂഡോയിൽ ബാരലിന് 115 ഡോളറായിരുന്നപ്പോൾ ഇവിടെ പെട്രോളിന് ലിറ്ററിന് ഏകദേശം 50 രൂപയായിരുന്നു. എന്നാൽ​ ക്രൂഡോയിൽ ബാരലിന് 50 ഡോളറായി കുറഞ്ഞപ്പോൾ ഇവിടെ ലിറ്ററിന് 90 രൂപയിലധികമായി കൂടുകയാണുണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ വില കുറയുമ്പോൾ ഇവിടെ കൂട്ടുകയും അന്താരാഷ്ട്രവില കൂടുമ്പോൾ ഇവിടെ വീണ്ടും കൂട്ടുകയും ചെയ്യുന്ന വിരോധാഭാസമാണ് നാളുകളായി നടമാടുന്നത്. ഇന്ധന വിലവർദ്ധന രാജ്യത്തെ ചരക്കുഗതാഗതത്തെയും പൊതുഗതാഗത സംവിധാനങ്ങളെയുംചുരുക്കത്തിൽ സമസ്തമേഖലകളെയും പ്രതികൂലമായി ബാധിക്കുകയാണ്. ഇത് ജനജീവിതം വൻ പ്രതിസന്ധിയിലാക്കുകയാണ്.
'രാജ്യത്തെ സംബന്ധിച്ച എന്തു തീരുമാനമെടുക്കുമ്പോഴും സാധാരണക്കാരെയും ദരിദ്രരെയും ഓർക്കണം. അവരെ പരിഗണിച്ചും കൊണ്ടാകണം' എന്നു പറഞ്ഞത് രാഷ്ട്രപിതാവായ ഗാന്ധിജിയാണ്. ഇവിടെ അവരെ പരിഗണിക്കുന്നില്ലെന്ന് മാത്രമല്ല തീർത്തും അവഗണിച്ചു

കൊണ്ടും അപഹസിച്ചുകൊണ്ടും വൻകുത്തകകളുടെ താത്‌പര്യം മാത്രം സംരക്ഷിക്കുന്ന തീരുമാനങ്ങളും നിയമനിർമ്മാണങ്ങളുമാണ് ഭരണാധികാ
രികൾ കൈക്കൊള്ളുന്നത്.

ലേഖകന്റെ ഫോൺ : 9447499449

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OIL PRICE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.