കിഴക്കമ്പലം: കൊവിഡ് ബാധിച്ചതിനെ തുടർന്ന് തൊഴുത്തിൽ കഴിഞ്ഞയാൾ ന്യൂമോണിയ ബാധിച്ച് മരിച്ചു. വീട്ടുകാരുടെ സുരക്ഷയെ കരുതി തൊഴുത്തിൽ താമസിച്ച കിഴക്കമ്പലം മലയിടംതുരുത്ത് മാന്താട്ടിൽ എം.എൻ. ശശിയാണ് (സാബു-38) മരിച്ചത്.
കഴിഞ്ഞ 27നാണ് സാബുവിന് കൊവിഡ് പോസിറ്റീവായത്. പ്രായമായ അമ്മയും അവിവാഹിതനും രോഗിയുമായ സഹോദരനും, ഭാര്യയും മകനുമടങ്ങുന്നതാണ് കുടുംബം. ഇവരുടെ സുരക്ഷയെ കരുതി സാബു തൊഴുത്തിലേക്ക് മാറുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. കുറേ നാളായി തൊഴുത്തിൽ പശുക്കളൊന്നും ഉണ്ടായിരുന്നില്ല.
മലയിടംതുരുത്ത് സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും കൊവിഡ് ബാധിതർക്കുള്ള കിറ്റുമായെത്തിയ സാമൂഹ്യ പ്രവർത്തകരാണ് മേയ് ഒന്നിന് സാബുവിനെ തൃപ്പൂണിത്തുറ എഫ്. എൽ.ടി.സിയിലേക്ക് മാറ്റിയത്. ഗുരുതരാവസ്ഥയിലായതോടെ ആറാം തീയതി രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ അമൃത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇലക്ട്രീഷ്യനായിരുന്നു സാബു. കാളിക്കുട്ടിയാണ് അമ്മ. ഭാര്യ: സിജ. മകൻ: രണ്ടര വയസുകാരൻ സായൂജ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |