SignIn
Kerala Kaumudi Online
Tuesday, 19 March 2024 1.50 PM IST

'എന്നിട്ടെന്തായി വിജയാ?' നിറഞ്ഞ സദസിനെ മുഴുവൻ സാക്ഷിയാക്കി പിണറായിയോട് ഗൗരിയമ്മ അത്ചോദിച്ചു

rip-gauriamma

മൂന്ന് പതിറ്റാണ്ട് മുമ്പ് 1987 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലങ്ങോളമിങ്ങോളം കേട്ട രാഷ്ട്രീയ മുദ്രാവാക്യമായിരുന്നു 'കേരം തിങ്ങും കേരളനാട്ടിൽ കെ.ആർ.ഗൗരി ഭരിച്ചീടും'.

നിയമസഭാതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ജയിച്ചെങ്കിലും ഭരണചക്രം ഗൗരിഅമ്മക്ക് ലഭിച്ചില്ല. അതിന്റെ അലയൊലികൾ ഇന്നും അടങ്ങാതെയുണ്ട്. ഈ പശ്ചാത്തലത്തിലാണ് സാക്ഷാൽ ഗൗരിഅമ്മയിൽ നിന്നുതന്നെ ആ മുദ്രാവാക്യം ഒരിക്കൽ കൂടി കേരളം കേട്ടത് 'എന്നിട്ടെന്തായി വിജയാ' എന്ന ഗൗരിഅമ്മയുടെ നേരിട്ടുള്ള ചോദ്യം ഒരിടിമുഴക്കമായി. 2019 ജൂൺ മാസം 21 ന് ആലപ്പുഴ ശക്തി ആഡിറ്റോറിയത്തിൽ നടന്ന ജന്മശതാബ്ദി മഹാമഹത്തിന് നന്ദി പറയുകയായിരുന്നു ഗൗരിഅമ്മ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേരള രാഷ്ട്രീയത്തിലെ തലമുതിർന്ന മുഴുവൻ നേതാക്കളേയും സാക്ഷി നിർത്തി, ഉദ്ഘാടകനായെത്തിയ മുഖ്യമന്ത്രിയോടായിരുന്നു ഗൗരിഅമ്മയുടെ ആ ചോദ്യം. 'എന്നിട്ടെന്തായി വിജയാ?'

വർഷങ്ങളായി കേരളം ചോദിച്ചുകൊണ്ടിരിക്കുന്ന ഈ ചോദ്യം ഒടുവിൽ ഗൗരിഅമ്മയ്ക്ക് തന്നെ നേരിട്ട് മുഖ്യമന്ത്രിയോടു ചോദിക്കേണ്ടിവന്നു. എന്നിട്ടും മതിയായ ഉത്തരം ഇനിയും ലഭിച്ചിട്ടില്ല.

നൂറാം വയസിന്റെ നിറവിൽ നിൽക്കുമ്പോൾ തനിക്ക് ഇനിയും ഉത്തരം ലഭിക്കാത്ത മറ്റൊരുചോദ്യം കൂടി ഗൗരിഅമ്മ ആ മഹാസദസിനെ ഓർമ്മിപ്പിച്ചു. 'എന്നെ പാർട്ടിയിൽ നിന്ന് എന്തിനാ പുറത്താക്കിയത് ?' ചാത്തനാട്ടെ ബ്രാഞ്ച് കമ്മിറ്റി മുതൽ സി.പി.എം പോളിറ്റ് ബ്യൂറോ വരെ കാൽ നൂറ്റാണ്ടായി ഗൗരിഅമ്മയുടെ ഈ ചോദ്യങ്ങൾ കേൾക്കുന്നു. പക്ഷേ യുക്തിസഹമായ ഒരു മറുപടി ഇനിയും കിട്ടിയിട്ടില്ല. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇനിയും ഉത്തരം കിട്ടാത്ത രണ്ടു ചോദ്യങ്ങളിലൂടെ കേരളത്തിന്റെ ഗൗരിഅമ്മ ജൂലായ് ഏഴിന് 102-ാം വയസിലേക്ക് കടക്കുന്നു. കേരളം എക്കാലവും ഓർത്ത് ആഘോഷിച്ചിട്ടുള്ള കുഞ്ഞമ്മയുടെ ജന്മദിനം ഇത്തവണ ആഘോഷരഹിതമായി കടന്നുപോകുന്നു.

1952ൽ തിരു-കൊച്ചി നിയമസഭയിലേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയാക്കിയത് ഗൗരി അമ്മയെയാണ്. അന്നു നേടിയ വൻഭൂരിപക്ഷം 1954 ലെ തിരഞ്ഞെടുപ്പിലും ആവർത്തിച്ചു. ഐക്യകേരള രൂപീകരണശേഷം നടന്ന ആദ്യതിരഞ്ഞെടുപ്പിലും ചേർത്തല മണ്ഡലത്തിൽ മറ്റൊരു പേരും പാർട്ടിക്ക് നിർദ്ദേശിക്കാനില്ലായിരുന്നു. അന്നുമുതൽ അരനൂറ്റാണ്ടുകാലം ചേർത്തല ,അരൂർ മണ്ഡലങ്ങളിൽ നിന്നായി വൻഭൂരിപക്ഷത്തിൽ ഗൗരിഅമ്മ തിരഞ്ഞെടുക്കപ്പെട്ടു. സംഭവബഹുലമായ 16345 ദിവസത്തെ നിയമസഭാപ്രവർത്തനം കേരളത്തിൽ 1957 മുതൽ 2001 വരെ അഞ്ച് മന്ത്രിസഭകളിൽ മന്ത്രിയായി. കൈകാര്യം ചെയ്ത വകുപ്പുകളിലെല്ലാം മികവുറ്റ ഭരണം കാഴ്ചവച്ചു. 1991 ലെ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി പരാജയപ്പെട്ടു. കെ.കരുണാകരൻ വീണ്ടും കേരള മുഖ്യമന്ത്രിയായി. കാലാവധി തീരും മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം പാർട്ടിയിൽ തർക്കവിഷയമായി. അന്ന് വി.എസ് പാർട്ടി സെക്രട്ടറിയായിരുന്നു. ഗൗരിഅമ്മയുടെ നിലപാട് വി.എസിനെതിരായിരുന്നു. വി.എസിനൊപ്പം നിന്ന ഗൗരിഅമ്മയും ഈ വിഷയത്തിൽ നിലപാട് മാറ്റിയത് പാർട്ടിക്കുള്ളിൽ ആ കാലത്ത് സജീവചർച്ചയായിരുന്നു. ഗൗരിഅമ്മയെ പിന്തുണയ്‌ക്കാൻ പാർട്ടിയിലെ രാഷ്ട്രീയ സമവാക്യങ്ങൾക്ക് അന്ന് കഴിയാതെ പോയി. 1994 ജനുവരി മാസം ഗൗരിയമ്മ പാർട്ടിയിൽ നിന്നും പുറത്തായി. ഈ പുറത്താക്കലിനെതിരെയുള്ള കേരളത്തിലെ പ്രതികരണം ചരിത്രത്തിന്റെ ഭാഗം അതിന്റ ഭാഗമായി 1994ൽ രൂപംകൊണ്ട രാഷ്ട്രീയ പ്രസ്ഥാനമാണ് ജനാധിപത്യസംരക്ഷണ സമിതി (ജെ.എസ്.എസ്)..


1996 ൽ കേരളത്തിൽ ഇടതുമന്ത്രിസഭാ രൂപീകരിക്കുമ്പോൾ ഗൗരിഅമ്മയുടെ അസാന്നിദ്ധ്യവും, പ്രതിപക്ഷത്തെ ഗൗരിയമ്മയുടെ സാന്നിദ്ധ്യവും എറെ ശ്രദ്ധിക്കപ്പെട്ടു. അതിന്റെ തുടർച്ചയാണ് 2001ൽ അധികാരത്തിൽ വന്ന യു.ഡി.എഫ് മന്ത്രിസഭയിൽ ഗൗരിഅമ്മയെ അംഗമാക്കിയത്. കാൽനൂറ്റാണ്ടോളം നീണ്ട ഈ സഹയാത്രയ്‌ക്കിടയിലും തികഞ്ഞ കമ്മ്യൂണിസ്റ്റായ ഗൗരിഅമ്മക്ക് വലതുപക്ഷ രാഷ്ട്രീയവുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. ഒടുവിൽ വലതു രാഷ്ട്രീയത്തോട് വിടപറഞ്ഞ് 2014 ൽ ഇടതുരാഷ്ട്രീയത്തിന്റെ ഭാഗമാകുകയും ചെയ്തു. ഗൗരിഅമ്മയുടെ പുതിയ രാഷ്ട്രീയ നിലപാടിനെ ഇടതുനേതൃത്വം വിനയപൂർവം സ്വാഗതം ചെയ്തു. എന്നാൽ ഗൗരിഅമ്മയെ പൂർണമായി ഉൾകൊള്ളാൻ ഇപ്പോഴും ഇടതുപക്ഷത്തിനായിട്ടില്ല എന്ന സത്യം അവശേഷിക്കുന്നു.


രാഷ്ട്രീയവിദ്യാർത്ഥികൾക്ക് എക്കാലും ഒരുപാഠപുസ്തകമാണ് ഗൗരിഅമ്മയുടെ ജീവിതം. അതിന്റെ കയറ്റിറക്കങ്ങളിലൂടെ കടന്നുപോയ ഒരു നൂറ്റാണ്ടിന്റെ സാക്ഷിപത്രം ആ ജീവിതപുസ്തകത്തിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KR GAURIAMMA, PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.