SignIn
Kerala Kaumudi Online
Wednesday, 23 June 2021 7.25 PM IST

കേരളത്തിന്റെ അമ്മ

gouriamma

കേരളീയ പൊതുസമൂഹത്തിന്റെ സുഖദുഃഖങ്ങളെ സ്വന്തം സുഖദുഃഖങ്ങളായി സ്വാംശീകരിച്ച അമ്മയായിരുന്നു ഇന്നലെ അന്തരിച്ച സമുന്നത കമ്മ്യൂണിസ്റ്റ് നേതാവ് കെ.ആർ.ഗൗരി അമ്മ. നരകതുല്യമായ യാതനകൾ നേരിട്ട് , ജീവിക്കാനായി പൊരുതിയ പാവപ്പെട്ടവരുടെ , നിത്യജീവിതത്തെ മെച്ചപ്പെടുത്തുന്നതിൽ ഒരമ്മയുടെ പങ്കായിരുന്നു രാഷ്ട്രീയപ്രവർത്തനത്തിലൂടെ അവർ നിർവഹിച്ചത്.അവർ കേരളത്തിന്റെ തന്നെ അമ്മയായിരുന്നു.

സമ്പന്നമായ കുടുംബപശ്ചാത്തലവും ഉയർന്ന പ്രതിഫലം ലഭിച്ചിരുന്ന വക്കീൽപ്പണിയും ഉണ്ടായിരുന്നിട്ടും അതിന്റെ തണലിൽ അഭിരമിക്കാതെ സ്വന്തം ജീവിതത്തെ സമരങ്ങളുടെ തീച്ചൂളയിലേക്ക് വലിച്ചെറിയാൻ ഗൗരി അമ്മയ്ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല.യഥാർത്ഥ കമ്മ്യൂണിസ്റ്റിന്റെ ആത്മാർത്ഥവും അനുകമ്പാർദ്രവുമായ ഹൃദയത്തോടെ വിപ്ളവകരമായ പ്രവർത്തനങ്ങളിൽ അവർ വ്യാപരിച്ചത് അശരണരുടെ വിമോചനം എന്ന ഏക ലക്ഷ്യത്തോടെയായിരുന്നു. അതിനായി കൊടിയ മർദ്ദനവും അവർ നേരിട്ടു. ഗൗരിഅമ്മ ജീവിച്ച ഒരു നൂറ്റാണ്ട് ഐക്യകേരളത്തിന് മുമ്പും പിമ്പുമുള്ള കേരളത്തിന്റെ ചരിത്രം കൂടിയാണ്. ഗൗരിഅമ്മയുടെ ജീവിതം പഠിക്കാതെ കേരളത്തിന്റെ ചരിത്രം ഒരാൾക്കും മനസിലാക്കാനാവില്ല. ഐക്യകേരളം രൂപപ്പെട്ടപ്പോൾ ആദ്യമായി രൂപീകരിച്ച കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന ഗൗരി അമ്മയാണ് കേരളത്തിന്റെ സാമൂഹിക ജീവിതത്തെ പുതുക്കിപ്പണിത ഭൂപരിഷ്‌കരണനിയമത്തിന്റെ ശില്‌പി. പിന്നീട് വെള്ളം ചേർക്കപ്പെട്ടെങ്കിലും കേരള നിയമസഭയുടെ ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തിയ ഏടാണത്. പില്‌ക്കാലത്ത് അധികാരത്തിൽ വന്ന ഇടത് മന്ത്രിസഭകളിലൊക്കെ, പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടും വരെ അവർ അംഗമായിരുന്നു. 1987 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പ്രവർത്തകരും അനുഭാവികളും നാടെങ്ങും മുഴക്കിയ മുദ്രാവാക്യം " കേരം തിങ്ങും കേരളനാട്ടിൽ കെ.ആർ.ഗൗരി ഭരിച്ചീടും എന്നായിരുന്നു." പക്ഷേ അധികാരം ലഭിച്ചിട്ടും ഗൗരി അമ്മയെ മുഖ്യമന്ത്രിയാക്കാൻ പാർട്ടി തയ്യാറായില്ല. ഗൗരിഅമ്മയെപ്പോലൊരു പോരാളിയെ ആ പദവിയിൽ അവരോധിക്കാൻ മടിച്ചതാണ് സി.പി.എം നേതൃത്വം കാട്ടിയ ചരിത്രപരമായ വിഡ്ഢിത്തം. വനിതാശാക്തീകരണത്തെക്കുറിച്ച് മേനിനടിക്കുമ്പോൾ ചരിത്രം രചിക്കാൻ കൈവന്ന അവസരം നഷ്ടപ്പെടുത്തിയതിലൂടെ പാർട്ടി എന്ത് നേടിയെന്ന് ഇന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും.

കർഷക പ്രമാണിയെങ്കിലും ഉത്പതിഷ്ണുവായിരുന്നു ഗൗരി അമ്മയുടെ അച്ഛൻ കളത്തിൽപ്പറമ്പിൽ രാമൻ. അച്ഛൻ നൽകിയ പ്രോത്സാഹനമാണ് ഉന്നതവിദ്യാഭ്യാസം നേടാൻ അവരെ പ്രേരിപ്പിച്ചത്. പി.കൃഷ്ണപിള്ളയാണ് തനിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വം തന്നതെന്നു പറ‌ഞ്ഞ അതേ അഭിമാനബോധത്തോടെയാണ് ജാതിപരമായ ഉച്ചനീചത്വങ്ങൾ നിറഞ്ഞുനിന്ന കാലഘട്ടത്തിൽ, തിരുവിതാകൂറിൽ ആദ്യമായി ബി.എൽ പാസായ ഈഴവപെൺകുട്ടി താനായിരുന്നുവെന്ന് ഗൗരി അമ്മ പറഞ്ഞത്.

" ഞാൻ വെറുമൊരു സാധാരണക്കാരി, ഉള്ളത് ഉള്ളതുപോലെ ആരുടെ മുൻപിലും പച്ചയ്ക്ക് വെട്ടിത്തുറന്നു പറയുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന പ്രകൃതക്കാരി. ഇന്നത്തെ രാഷ്ട്രീയക്കാർക്ക് ഉണ്ടായിരിക്കേണ്ട മെയ് വഴക്കങ്ങളോ, പോളിഷോ എനിക്കില്ല. വെറും പരുപരുത്ത സ്വഭാവം. ഇത് പലപ്പോഴും ഒരുപാട് ശത്രുക്കളെയും മിത്രങ്ങളെയും ഉണ്ടാക്കിയിട്ടുണ്ട്." ആത്മകഥയിൽ ഇങ്ങനെ ഗൗരിഅമ്മ തുറന്നുപറഞ്ഞിട്ടുണ്ട്. ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ ഗൗരി എന്ന കവിതയിലെ . " കരയാത്ത ഗൗരീ, തളരാത്ത ഗൗരീ , കലികൊണ്ടുനിന്നാൽ അവൾ ഭദ്രകാളി..." എന്ന ആദ്യവരികൾ ഏറാൻമൂളിയായി നിൽക്കാതെ തന്റേടത്തോടെ പെരുമാറുന്ന ഗൗരി അമ്മയുടെ സ്വഭാവവിശേഷത്തെ അന്വർത്ഥമാക്കുന്നതാണ്. കേരളത്തിലെ സ്ത്രീ മുന്നേറ്റത്തിന് ഗൗരിഅമ്മയെപ്പോലെ ഊർജ്ജം പകർന്ന മറ്റൊരു നേതാവില്ല. പോരാടുന്ന സ്ത്രീസമൂഹത്തിന് അവരുടെ സ്മരണപോലും എന്നും ആവേശമായി നിലകൊളളുമെന്നതിൽ ആർക്കും സംശയമുണ്ടാവുകയില്ല.

ഭർത്താവും കമ്മ്യൂണിസ്റ്റ് നേതാവുമായ ടി.വി.തോമസുമായി പാർടിക്കുവേണ്ടി അകന്നു കഴിയേണ്ടിവന്നതിന്റെ സങ്കടം ഗൗരിഅമ്മ പങ്കുവച്ചിട്ടുണ്ട്. 1994 ൽ സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ ജനാധിപത്യ സംരക്ഷണസമിതി എന്ന പാർട്ടി രൂപീകരിച്ചാണ് ഗൗരി അമ്മ മറുപടി നൽകിയത്. പാർട്ടി കൈവിട്ടെങ്കിലും ജനങ്ങൾ തന്നെ കൈവിട്ടിട്ടില്ലെന്ന് അവർ തെളിയിച്ചു.യു.ഡി.എഫ് മന്ത്രിസഭയിൽ അംഗമായി സി.പി.എമ്മിനെ അവർ പ്രതിരോധത്തിലാക്കുകയും ചെയ്തു. ഇതൊക്കെ ചെയ്തെങ്കിലും ഗൗരിഅമ്മയുടെ ഉള്ളിലെ കമ്മ്യൂണിസ്റ്റ് പോരാളി അസ്തമിച്ചില്ല. മരിക്കുംവരെയും അവർ അടിയുറച്ച കമ്മ്യൂണിസ്റ്റായി നിലകൊണ്ടു.ഗൗരി അമ്മയുമായുള്ള അകൽച്ച പരിഹരിക്കുന്നതിൽ നിലവിലെ സി.പി.എം നേതൃത്വം മുൻകൈയെടുത്തത് അവരുടെ ത്യാഗോജ്ജ്വലമായ രാഷ്ട്രീയ പാരമ്പര്യത്തെ ഉൾക്കൊണ്ടു കൂടിയാണ്.

റവന്യൂ, എക്സൈസ്, വ്യവസായം,കൃഷി ഉൾപ്പെടെ വഹിച്ച പദവികളിലെല്ലാം അവർ മികച്ച മന്ത്രിയായിരുന്നു. വനിതാ കമ്മിഷൻ രൂപീകരിച്ചതും , ടെക്നോപാർക്ക് തുടങ്ങിയതും ഗൗരിഅമ്മയായിരുന്നു. രാഷ്ട്രീയപ്രവർത്തനം ജനസേവനമായിട്ടേ താൻ കണക്കാക്കിയിട്ടുള്ളുവെന്ന് പറഞ്ഞ ഗൗരി അമ്മ ജനവിരുദ്ധ പ്രവർത്തനം നടത്തുന്ന ഉദ്യോഗസ്ഥരെ വരച്ചവരയിൽ നിറുത്തിയിരുന്നു. ബ്യൂറോക്രസിയെ ജനപക്ഷത്തു നിറുത്താൻ നിതാന്ത ജാഗ്രത പുലർത്തുകയും ചെയ്തു.

കേരളീയ മനസിൽ ഗൗരി അമ്മ ഒരു വികാരമാണ് , ചരിത്രമാണ് . 102-ാമത്തെ വയസിൽ വിടപറയുമ്പോൾ ആ ചരിത്രം കേരള ചരിത്രത്തോട് ലയിച്ചു ചേരുകയാണ്.കേരളകൗമുദിയുടെ ആത്മമിത്രമായിരുന്നു ഗൗരിഅമ്മ. ഞങ്ങളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അതീവ തത്പരയായി അവർ നിലകൊണ്ടിരുന്നു. ആ അമ്മയുടെ വീരസ്മരണയ്ക്കു മുന്നിൽ ഞങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GOURIAMMA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.