SignIn
Kerala Kaumudi Online
Friday, 19 April 2024 7.31 AM IST

സ്നേഹതേജസ്സ്; ഗൗരിഅമ്മയെ ഓർത്തുകൊണ്ട് മന്ത്രി ജി സുധാകരൻ

gouriamma

ഗൗരിഅമ്മയ്ക്കു തുല്യം ഗൗരിഅമ്മ മാത്രം. അവർ കേരള രാഷ്ട്രീയത്തിലെ ഇതിഹാസമാണ്. ദേശീയ തലത്തിലും ഗൗരിഅമ്മയോളം തലയെടുപ്പുള്ള ഒരു വനിതാ നേതാവുണ്ടായിട്ടില്ല. ഗൗരിഅമ്മ ചെറുപ്പകാലം മുതൽ രാജവാഴ്ചയ്ക്കും ദിവാൻ ഭരണത്തിനുമെതിരെ പോരാടി വളർന്ന വനിതയാണ്. അവരുടെ ധൈര്യം, ശുഭാപ്തി വിശ്വാസം, ജനങ്ങളുടെ ഭാവിയെപ്പറ്റിയുള്ള അചഞ്ചലമായ വിശ്വാസം എന്നിവ ആരാലും ചോദ്യംചെയ്യാനാവില്ല.

ഭരണകൂടത്തിന്റെ രൂക്ഷഭീകരത മനസിലാക്കി തനി കമ്മ്യൂണിസ്റ്റായി മാറിയപ്പോൾ ഭരണകൂടത്തെ ഇല്ലാതാക്കാനുള്ള പോരാട്ടത്തിൽ തനിക്ക് എന്തു സംഭവിക്കുന്നുവെന്നു നോക്കാതെ ജീവിതം സമർപ്പിച്ച ധീരവനിതയാണ് ഗൗരിഅമ്മ. ഭരണാധികാരികളോടുള്ള ചെറുത്തുനില്പ്, ഭരണപരമായ ആർജ്ജവം, വ്യക്തികളോടുള്ള ബഹുമാനം, ആർദ്രത, സ്‌നേഹം, അസാധാരണ നിയമനിർമ്മാണങ്ങൾ നിയമസഭയിൽ കൊണ്ടുവരാനുള്ള പ്രാപ്തി എന്നിവയെല്ലാം അവരെ വേറിട്ടു നിറുത്തുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിനിധി എന്ന നിലയിലാണ് ഇതെല്ലാം ചെയ്തിട്ടുള്ളത്. ഒരു സാധാരണ കമ്മ്യൂണിസ്റ്റിന് ഇതൊന്നും ചെയ്യാനാവില്ല.

പുന്നപ്ര വയലാർ സമരം കണ്ടാണ് ഗൗരിഅമ്മ വളർന്നത്. അതിന്റെ പാരമ്പര്യം അവരെ ജീവിതത്തിൽ വിപ്‌ളവകാരിയാക്കി. സമരകാര്യങ്ങൾ ചർച്ച ചെയ്തിരുന്ന വീടായിരുന്നു അവരുടേത്. കേരളത്തെ മാറ്റിമറിച്ച കാർഷിക നിയമം, ഭൂപരിഷ്‌കരണ നിയമം, കുടികിടപ്പ് ഒഴിപ്പിക്കൽ നിരോധന നിയമം എന്നിവ ഗൗരിഅമ്മയുടെ സംഭാവനയാണ്. അതിന്റെ ഇംപാക്ട് ഇപ്പോഴും അവസാനിച്ചിട്ടില്ല.

ആധുനിക കേരളത്തിന്റെ ആസൂത്രകൻ ശ്രീനാരായണ ഗുരുദേവനാണ്. ഗുരുവിന്റെ ഭൗതിക സങ്കല്പങ്ങൾ നിയമത്തിലൂടെ പരിഭാഷപ്പെടുത്തി കേരളത്തിന്റെ അവകാശമാക്കി മാറ്റുന്ന മൂന്ന് നിയമങ്ങളാണ് ഗൗരിഅമ്മ അവതരിപ്പിച്ചത്. നായനാർ സർക്കാരിന്റെ കാലത്താണ് ഗൗരിഅമ്മ പാർട്ടിയുമായി വേർപിരിഞ്ഞത്. ആ കാലഘട്ടം വേദനാജനകമാണ്. എങ്കിലും, ഗൗരിഅമ്മ തിരികെ ഇടതുപക്ഷത്തേക്ക് വന്നുവല്ലോ. സി.പി.എമ്മിൽ ചേരാൻ തന്നെയായിരുന്നു ആഗ്രഹം. അക്കാര്യം എന്നോടു മാത്രം പറഞ്ഞു.

ഞാനും പിണറായി വിജയനും ആലപ്പുഴ ചാത്തനാട്ടെ വസതിയിലെത്തി. ആദ്യം വിഭവസസമൃദ്ധമായ ഊണ്. അഞ്ചു കൂട്ടം മിൻകറിയെങ്കിലുമുണ്ടായിരുന്നു. ഊണു കഴിഞ്ഞപ്പോൾ ഗൗരിഅമ്മ പറഞ്ഞു. 'പിണറായി, ഞാൻ ഇപ്പോൾ വരുന്നില്ല. മറ്റൊന്നും വിചാരിക്കേണ്ട. എന്റെ ഒപ്പം കുറേപ്പേരുണ്ട്. അവരെയെല്ലാം എടുക്കേണ്ടിവരും. എന്റെ ഓഫീസ്, സ്വത്തുക്കൾ എന്നിവ ആരെ ഏല്പിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ഇക്കാര്യങ്ങൾ കൊണ്ട് ഇപ്പോൾ വരുന്നില്ല. എപ്പോ വേണമെങ്കിലും വരാമല്ലോ.' പിണറായിയും ഞാനും നന്ദി പറഞ്ഞ് മടങ്ങി.

എന്റെ വിവാഹം ആലോചിച്ചതും നേതൃത്വം വഹിച്ച് നടത്തിത്തന്നതും ഗൗരി അമ്മയായിരുന്നു. വിവാഹശേഷം നിരവധി ഫർണിച്ചർ വാങ്ങിത്തന്നു. ഭാര്യയോട് വലിയ സ്‌നേഹമായിരുന്നു. വിവാഹശേഷം കാണുമ്പോൾ, 'നീ കാരണം ജൂബിലികൊച്ചിന് കഷ്ടപ്പാടായെന്ന്' എപ്പോഴും പറയുമായിരുന്നു. സുവർണനക്ഷത്രം, തീപ്പന്തം, തേജസ്വിയായ വിപ്‌ളവകാരി എന്നൊക്കെ ഗൗരിഅമ്മയെ വിശേഷിപ്പിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOURIAMMA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.