SignIn
Kerala Kaumudi Online
Thursday, 28 March 2024 10.46 PM IST

സമാനതകളില്ലാത്ത പോരാട്ടവീര്യം

vellappally-nateshan

ഗൗരിഅമ്മ കേരളത്തിന്റെ പൊതുസ്വത്താണ്. പൊതുപ്രവർത്തനം സ്ത്രീകൾക്ക് അചിന്ത്യമായിരുന്ന കാലത്താണ് അവർ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അസ്‌പൃശ്യത കല്‌പിക്കപ്പെട്ടിരുന്ന കാലത്താണ് അവർ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയത്. ലോകത്താദ്യമായി ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സർക്കാരിലെ രണ്ടാംസ്ഥാനക്കാരിയെന്ന ചരിത്രനേട്ടം സ്വന്തമാക്കി. പിന്നാക്ക സമുദായത്തിൽ നിന്ന് വളർന്ന വനിത എന്നതും നേട്ടത്തിന്റെ മാറ്റ് വർദ്ധിപ്പിക്കുന്നു.

കെ.ആർ. ഗൗരിഅമ്മയും ഞാനും ചേർത്തലക്കാരാണ്. ബന്ധുക്കളുമാണ്. പക്ഷേ വളരെക്കുറച്ചേ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളൂ. ഞാൻ പൊതുരംഗത്ത് എത്തുന്നതിന് ഏറെ മുൻപ് അവർ കേരളരാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് ഉയർന്നിരുന്നു. പാർട്ടി നേതാവും മന്ത്രിയുമൊക്കെയായി പ്രവർത്തനകേന്ദ്രം തിരുവനന്തപുരമായിരുന്നു. നാട്ടിലുള്ളപ്പോൾ പരസ്പരം കാണും. ഗൗരിഅമ്മയുടെ സഹോദരൻ എന്റെ വല്യച്ഛന്റെ മകളെയാണ് വിവാഹം കഴിച്ചത്. തൈക്കൽ ഒരു പള്ളിയിൽ സംസ്കാരച്ചടങ്ങുമായി ബന്ധപ്പെട്ട് വലിയ സമരം നടന്നിട്ടുണ്ട്. ചീര മാധവി എന്ന സ്ത്രീ അതിനായി സ്ഥലം വിട്ടുനൽകണം എന്നതായിരുന്നു പ്രശ്നം. ചീര മാധവി സമരം എന്ന പേരിൽ പ്രസിദ്ധമായ പ്രക്ഷോഭം നയിച്ചത് ഗൗരിഅമ്മയായിരുന്നു. സമരം വിജയിക്കാൻ ആളും അർത്ഥവുമുണ്ടാക്കാൻ ഗൗരിഅമ്മക്കൊപ്പം നിന്നത് ഞാനായിരുന്നു.

ഞങ്ങളുടെ സൗഹൃദം ഏറെ ഊഷ്മളമായിരുന്നു. ഞാൻ ആദ്യമായും അവസാനമായും മത്സരിച്ച 1963 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എനിക്കുവേണ്ടി പ്രസംഗിക്കാൻ അവർ വന്നിരുന്നു. സംസ്ഥാനത്തെ മുൻനിര നേതാവായിരുന്ന ഗൗരിഅമ്മ കേവലം വാർഡിലെ പ്രചാരണത്തിന് വന്നത് ഇന്നും എനിക്ക് അദ്ഭുതമാണ്. അണികളോടുള്ള അവരുടെ ആത്മാർത്ഥതയാണത്. എന്റെ ഭാര്യ പ്രീതി ഗൗരിഅമ്മയെ കുഞ്ഞമ്മ എന്നാണ് വിളിച്ചിരുന്നത്. പ്രീതിയോട് അവർക്ക് വലിയ വാത്സല്യമായിരുന്നു. ഇരുവരും അടിയുറച്ച കൃഷ്ണഭക്തരാണ്. ഗൗരിഅമ്മ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴെല്ലാം പ്രീതി അവിടെച്ചെന്ന് സഹായിച്ചിട്ടുണ്ട്. ഒരിക്കൽ ഗൗരിഅമ്മയുടെ പിറന്നാൾ ദിനത്തിൽ പ്രീതി ഒരു കൃഷ്ണവിഗ്രഹം സമ്മാനിക്കാൻ തീരുമാനിച്ചു. കമ്മ്യൂണിസ്റ്റ് നേതാക്കളടക്കം ഒപ്പമുള്ളപ്പോൾ ഇങ്ങനെയൊരു സമ്മാനം സ്വീകരിക്കുമോയെന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. പക്ഷേ ഗൗരിഅമ്മ സന്തോഷത്തോടെ സമ്മാനം സ്വീകരിച്ച് പ്രീതിയെ കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിച്ചു. സ്വന്തം പാർട്ടിക്കാരടക്കം പലരും ഗൗരിഅമ്മയെ പൂർണമായി മനസിലാക്കിയിട്ടില്ല. കൈതച്ചക്ക പോലെയായിരുന്നു അവർ. പരുക്കൻ മുഖാവരണത്തിനുള്ളിൽ നിറവും മണവും മധുരവുമുള്ളൊരാൾ. പുറമേ കാട്ടുന്ന കാർക്കശ്യം കടന്ന് അടുപ്പം സ്ഥാപിച്ചവർക്ക് ഏറെ സ്നേഹവും കാരുണ്യവും ലഭിച്ചിട്ടുണ്ട്.

എത്രയോ തിരഞ്ഞെടുപ്പുകളിൽ അവർ അരൂരിനെ പ്രതിനിധീകരിച്ചു. അടുത്തറിയാത്തവർക്ക് അവർ ധാർഷ്ട്യക്കാരിയാണ്. യൗവനകാലത്ത് ഏറ്റുവാങ്ങിയ കൊടിയ ലോക്കപ്പ് മർദ്ദനങ്ങളും പരുക്കൻ ജീവിതാനുഭവങ്ങളുമാകാം അവരെ അധികം ചിരിക്കാത്ത ഗൗരവക്കാരിയാക്കിയത്. എന്നാലും സാധാരണക്കാരന്റെ സങ്കടങ്ങളോട് അനുതാപത്തോടെ പ്രതികരിക്കുന്ന ഗൗരിഅമ്മയെയാണ് ഞങ്ങൾ നാട്ടുകാർ കണ്ടിട്ടുള്ളത്. ഗൗരിഅമ്മയോട് അവർ പ്രതിനിധാനം ചെയ്തിരുന്ന പാർട്ടി എത്രകണ്ട് നീതിപുലർത്തിയെന്ന ചോദ്യം അവശേഷിക്കുന്നു. ഒരു തിരഞ്ഞെടുപ്പു കാലത്ത് സ്വന്തം പാർട്ടി അണികളും നേതാക്കളും ഇങ്ങനെ പാടിനടന്നു. "കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ. ഗൗരി ഭരിച്ചീടും'. എല്ലാവരും അത് യാഥാർത്ഥ്യമാകുമെന്ന് വിശ്വസിച്ചു. ആ മുദ്രാവാക്യത്തിന് കേരളജനത നൽകിയ അംഗീകാരം കൂടിയായിരുന്നു അക്കുറി പ്രസ്ഥാനത്തിന് ലഭിച്ച അസൂയാവഹമായ വിജയം. കാലാന്തരത്തിൽ അവർ പാർട്ടിക്ക് പുറത്തായി. യഥാർത്ഥത്തിൽ നഷ്ടം ഗൗരിഅമ്മക്കായിരുന്നില്ല. കേരളത്തിനായിരുന്നു. കൈകാര്യം ചെയ്ത വകുപ്പുകളിൽ ഭരണ നൈപുണ്യത്തിന്റെ സുവർണമുദ്രകൾ പതിപ്പിച്ച ഗൗരിഅമ്മ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ ഭൂപരിഷ്കരണനിയമം പോലെ ചരിത്രപരമായ മറ്റ് നയങ്ങളിലൂടെ കേരളത്തിന്റെ മുഖച്ഛായ മാറ്റിയേനെ.

തോക്കിനും ലാത്തിക്കും മുന്നിൽ പതറാതെ സമരങ്ങളുടെ തീച്ചൂളയിലാണ് അവർ വളർന്നത്. വിശ്വസിച്ച പ്രസ്ഥാനത്തിന് വേണ്ടി സ്വന്തം ദാമ്പത്യം പോലും അവർ അടിയറവച്ചു. പ്രത്യയശാസ്ത്ര ഗീർവാണങ്ങളിൽ അഭിരമിച്ചില്ല. ജനങ്ങൾക്കിടയിലാണ് അവർ ജീവിച്ചത്. തീയിൽ കുരുത്തതാണ് ആ വ്യക്തിത്വം. അപമാനങ്ങളുടെയും അവഗണനയുടെയും തിരസ്കാരത്തിന്റെയും പാർശ്വവത്കരണത്തിന്റെയും വെയിലത്ത് അവർ വാടിപ്പോയില്ല. കാലമെത്ര കഴിഞ്ഞാലും ഗൗരിഅമ്മ വജ്രശോഭയോടെ ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOURIAMMA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.