SignIn
Kerala Kaumudi Online
Thursday, 25 April 2024 2.28 AM IST

കൊവിഡ് എത്തിനോക്കാത്തൊരു പഞ്ചായത്ത്

edamalakudy

കൊവിഡ് രണ്ടാം തരംഗത്തിൽ തകർന്ന് വീഴാതെ പിടിച്ചു നിൽക്കാൻ കഷ്ടപ്പെടുകയാണ് കേരളത്തിലെ മറ്റ് ജില്ലകൾക്കൊപ്പം ഇടുക്കിയും. ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ആശങ്കജനകമാംവിധം വർദ്ധിക്കുകയാണ്. ജില്ലയിൽ 20 തദ്ദേശസ്ഥാപനങ്ങളിൽ പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിന് മുകളിലാണ്. ഇതിൽ കട്ടപ്പനയ്ക്കടുത്ത അയ്യപ്പൻകോവിൽ പഞ്ചായത്തിലേത് സംസ്ഥാനത്ത് തന്നെ ഏറ്റവും ഉയർന്ന പോസിറ്റിവിറ്റി നിരക്കുകളിലൊന്നാണ്- 84.62 ശതമാനം. ഇവിടെ ഞായറാഴ്ച 26 പേരെ പരിശോധിച്ചപ്പോൾ 22 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ദേവികുളം പഞ്ചായത്തിലും 81.82 ശതമാനമാണ് ടി.പി.ആർ. ഇതിനകം ജില്ലയിലെ ഐ.സി.യു,​ വെന്റിലേറ്റർ ബെ‌ഡുകളെല്ലാം നിറഞ്ഞു. യു.പിയും ഡൽഹിയും ഏറെ ദൂരെയല്ലെന്ന് അർത്ഥം.

ഈ ഭീതിനിറഞ്ഞ അന്തരീക്ഷത്തിലും ഒരു ശുഭ വാർത്ത പങ്കുവയ്ക്കാം. നാടെങ്ങും മഹാമാരി അതിവേഗം പടർന്നുപിടിക്കുമ്പോഴും ഒരാൾക്ക് പോലും രോഗം റിപ്പോർട്ട് ചെയ്യാത്ത ഒരു പഞ്ചായത്തുണ്ട് ഇടുക്കി ജില്ലയിൽ. സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയാണ് കേരളത്തിനാകെ മാതൃകയായി തലയുയർത്തി നിൽക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒരാൾക്ക് പോലും കൊവിഡ് ബാധയേൽക്കാത്ത ഏക പഞ്ചായത്താണ് ഇടമലക്കുടിയെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. കൊവിഡ് കേരളത്തിൽ എത്തിയ 2020 മുതൽ ഇതുവരെ പഞ്ചായത്തിലെ ഒരാൾക്ക് പോലും രോഗം ബാധിച്ചിട്ടില്ലെന്ന് പഞ്ചായത്തും ആരോഗ്യ വകുപ്പും സാക്ഷ്യപ്പെടുത്തുന്നു. മൂന്നാറിൽ നിന്ന് 35 കിലോ മീറ്റർ അകലെ സംരക്ഷിത വനമേഖലയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഇടമലക്കുടിയിൽ മുതുവാൻ സമുദായത്തിൽപ്പെട്ട ആദിവാസികളാണ് അധിവസിക്കുന്നത്. ഇടമലക്കുടിക്കടുത്ത മൂന്നാർ ഉൾപ്പെടുന്ന ദേവികുളം പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 81.82 ശതമാനമാണ് എന്നതും ഇതോടൊപ്പം ചേർത്ത് വായിക്കണം. 26 കുടികളിലായി 3200 ലധികം ആദിവാസികളാണ് പഞ്ചായത്തിലുള്ളത്. പുറം ലോകവുമായി അധികം ബന്ധമില്ലാത്തതാണ് ഇടമലക്കുടിക്കാരെ വൈറസിൽ നിന്ന് ഇത്രയും നാളും സംരക്ഷിച്ച് നിറുത്തിയതെന്ന് പറയാം. കുടിയിൽ തന്നെയുള്ള റേഷൻ കടകളിൽ നിന്ന് അരിയും മറ്റും വാങ്ങുന്ന ആദിവാസികൾ സ്വന്തം കൃഷിയിടത്തിലെ പച്ചക്കറികളും വനവിഭവങ്ങളുമാണ് പ്രധാനമായും ഭക്ഷിക്കുന്നത്. ഭക്ഷണ സാമഗ്രികൾ വാങ്ങിക്കാൻ കൂട്ടമായി പോകാതെ കുറച്ച് പേർ മാത്രം പോയി ഒരുമിച്ച് വേണ്ടത് വാങ്ങിച്ചുകൊണ്ടുവരുന്നതാണ് ഇവരുടെ പതിവ്. ആധുനിക സൗകര്യങ്ങളോ ഭക്ഷണ ശീലങ്ങളോ ഇല്ലാത്ത ഇവർക്ക് മലയാളികളെ പിടികൂടിയിരിക്കുന്ന ജീവിതശൈലീ രോഗങ്ങളും ഇല്ലെന്നുള്ളതാണ് പ്രത്യേകത. സാധാരണയായി പച്ചമരുന്നുകളെയാണ് രോഗ പ്രതിരോധ മാർഗത്തിനായി പ്രയോജനപ്പെടുത്താറുള്ളത്. രോഗം എത്തിപ്പെട്ടിട്ടില്ലെങ്കിലും സർക്കാർ നിർദേശ പ്രകാരം ഇടമലക്കുടിയിൽ വാക്‌സിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ മേയ് 18 മുതൽ ആരംഭിക്കാനിരിക്കുകയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ. ഇടമലക്കുടിയിലേക്ക് പുറത്തു നിന്നുള്ളവർക്ക് പ്രവേശനം നിരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കുടിയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ കുടിനിവാസികൾ നേരിട്ട് നിരീക്ഷണം നടത്തും.

ആധുനിക സമൂഹം അപരിഷ്‌കൃതരെന്ന് മുദ്രകുത്തി അകറ്റി നിറുത്തുന്ന ആദിവാസി സമൂഹത്തിൽ നിന്നുണ്ടായ മാതൃകാപരമായ മറ്റൊരു സംഭവം കൂടി പറയാം. സംസ്ഥാന സർക്കാർ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കും മുമ്പ് തന്നെ മറയൂർ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ആദിവാസി കുടികൾ ഏപ്രിൽ 26 മുതൽ ആരുടെയും പ്രേരണയില്ലാതെ സെൽഫ് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരുന്നു. ജനം കുടികളിൽ നിന്ന് പുറത്തേയ്ക്ക് പോകുന്നതും പുറത്ത് നിന്നുള്ളവർ കുടികളിലെത്തുന്നതും വിലക്കി. വനം വകുപ്പ് ഉദ്യോഗസ്ഥരാണെങ്കിൽ പോലും കുടികളിൽ പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനെടുത്തതിന്റെ രേഖയോ വേണമെന്നതാണ് പ്രത്യേകത. വനം വകുപ്പിന്റെ കൂടി സഹകരണത്തോടെ ഊരു മൂപ്പൻമാരുടെ യോഗത്തിലായിരുന്നു ഈ തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്. 2900 ആദിവാസി കുടുംബങ്ങളിൽ നിന്നുള്ള 9,000 പേരാണ് ഇവിടെ താമസിക്കുന്നത്. സെൽഫ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇതുവരെ കുടികളിലാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ആദിവാസി സമൂഹത്തിനിടയിൽ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ഗോത്രജീവിക എന്ന വനവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ മാസ്ക്കുകൾ തുന്നി നൽകുന്നുമുണ്ട്. തുന്നുന്ന 23 സ്ത്രീകൾ അടങ്ങിയ സംഘത്തിന് തുണിയും മാസ്‌ക് ഒന്നിന് അഞ്ച് രൂപ വീതവും വനംവകുപ്പ് നൽകും. ആദിവാസികൾക്കുള്ളിൽ മാസ്‌ക് സൗജന്യമായാണ് വിതരണം ചെയ്യുന്നത്. ദിവസവും ആയിരക്കണക്കിന് പേർക്കെതിരെ കേസെടുത്തിട്ടും കൃത്യമായി മാസ്ക് പോലും വയ്ക്കാൻ മടിക്കുന്ന വിദ്യാസമ്പന്നരെന്ന് ഊറ്റംകൊള്ളുന്ന പൊതുസമൂഹം തീർച്ചയായും ഈ ആദിമവാസികളെ തന്നെ കണ്ടുപഠിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IDUKKI DIARY, IDAMALAKKUDI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.