SignIn
Kerala Kaumudi Online
Friday, 19 April 2024 6.23 PM IST

ഓർമ്മകൾ ഇരമ്പിയാർത്തു,​ ചെങ്കൊടി പുതച്ച് ഗൗരി അമ്മയുടെ അന്ത്യയാത്ര

kr-gouri-amma

തിരുവനന്തപുരം: അരിവാൾ ചുറ്റിക നക്ഷത്രം പതിച്ച ചെങ്കൊടി പുതച്ച് ഗൗരി അമ്മ കിടക്കുന്നു. ചേതനയില്ലെങ്കിലും മുഖത്ത് അപ്പോഴും ഒരു തേജസുണ്ടായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാട് പാടിയതുപോലെ 'കരയാത്ത ഗൗരി, തളരാത്ത ഗൗരി...'

ഭൗതിക ദേഹവുമായി അയ്യങ്കാളി ഹാളിലേക്ക് ആംബുലൻസ് വന്നത് സെക്രട്ടേറിയറ്റിനു സമീപത്തുകൂടെയായിരുന്നു. ജന്മിത്തത്തിന്റെ അടിവേരറുത്ത ഭൂപരിഷ്‌കരണ നിയമം ഗൗരി അമ്മ അവതരിപ്പിച്ച പഴയ നിയമസഭ ഉൾപ്പെടുന്ന സെക്രട്ടേറിയറ്റ്. ആലപ്പുഴയിലേക്ക് ഗൗരി അമ്മയുടെ ഭൗതികദേഹവുമായി ആംബുലൻസ് നീങ്ങിയത് നിയസഭാ മന്ദിരത്തിനു മുന്നിലൂടെയും. അവസാനമായി ഒന്നു കാണാൻ എത്തിയവർ ഓരോ പിടി പൂക്കളർപ്പിക്കുമ്പോഴും ഓർമ്മകൾ ഇരമ്പുന്നുണ്ടായിരന്നു.

1987ൽ കേരളമാകെ അലയടിച്ച ഒരു മുദ്രാവാക്യത്തിന്റെ മാറ്റൊലികൾ... ''കേരം തിങ്ങും കേരളനാട് കെ.ആർ.ഗൗരി ഭരിച്ചീടും..''

വിജയത്തിന് പിന്നാലെ ആ വലിയ അവസരം രാഷ്‌ട്രീയക്കളികളിൽ കൈവിട്ടുപോയതിന്റെ നിരാശ ഇന്നലെയും നെടുവീർപ്പുകളായി നഷ്ടബോധമായി അയ്യങ്കാളി ഹാളിൽ നിറഞ്ഞു. പിന്നെ പാർട്ടിയിൽ നിന്നുള്ള പുറത്താക്കൽ. അതിലൊന്നും തളരാത്ത ഗൗരി അമ്മയുടെ ചങ്കൂറ്റം...എല്ലാം... കൊവിഡ് ഇല്ലായിരുന്നെങ്കിൽ ഗൗരിഅമ്മയ്ക്ക് തലസ്ഥാനം വിട നൽകുക ഇങ്ങനെയൊന്നുമാവില്ലായിരുന്നു.

വക്കീൽ ജോലിയുമായി ഗൗരി അമ്മ ആദ്യം എത്തിയത് ഈ മണ്ണിലായിരുന്നു. പിന്നീട് സാമാജികയായും ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിലെ മന്ത്രിയായും. പൊതുദർശനം കുറച്ചുപേർക്ക് മാത്രമായി നിജപ്പെടുത്തിയപ്പോൾ ജനങ്ങൾ വീടുകളിൽ ഇരുന്ന് ഗൗരിഅമ്മയ്ക്ക് യാത്രാമൊഴി ചൊല്ലുകയായിരുന്നു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള യാത്ര അയപ്പിൽ പങ്കുചേരാൻ ജനപ്രതിനിധികൾക്കും പാർട്ടി നേതാക്കൾക്കും, അടുത്തബന്ധുക്കൾക്കും മാത്രമാണ് കഴിഞ്ഞത്.
പി.ആർ.എസ് ആശുപത്രിയിൽ നിന്ന് ചൊവ്വാഴ്ച രാവിലെ 10.30 നാണ് ഭൗതികദേഹവുമായി ഇ.കെ. നായനാർ സ്‌മാരകട്രസ്റ്റിന്റെ ആംബുലൻസ് തിരിച്ചത്. 10.55 ന് അയ്യങ്കാളി ഹാളിന് മുന്നിൽ എത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഗൗരി അമ്മയുടെ ബന്ധുക്കളുമായി കൂടിയാലോചിച്ചാണ് അയ്യങ്കാളി ഹാളിൽ പൊതുദർശനം തീരുമാനിച്ചത്. കൊവിഡ് നിയന്ത്രണങ്ങളിൽ ഒരുമണിക്കൂർ ഇളവ് നൽകി 300 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് സംഘടിപ്പിക്കാൻ സർക്കാർ പ്രത്യേക ഉത്തരവിറക്കിയിരുന്നു.
ഇതിനിടെ വി.ജെ.ടി ഹാളിൽ പൊതുദർശത്തിന് ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. വേദിയിൽ അണുനശീകരണം നടത്തി. കവാടങ്ങളിൽ പൊലീസിനെ വിന്യസിച്ചു. ഭൗതികദേഹം ഹാളിലേക്ക് എത്തിച്ചതിന് തൊട്ടുപിന്നാലെ പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകി. ഭൗതികശരീരം ഫ്രീസറിലേക്ക് മാറ്റുന്നതിനു മുമ്പ് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ നേതൃത്വത്തിൽ പാർട്ടി പതാക പുതപ്പിച്ച് അഭിവാദ്യം അർപ്പിച്ചു. തുടർന്ന് ജെ.എസ്.എസ് പ്രവർത്തകർ ഫ്രീസറിനു മുകളിലായി പാർട്ടി പതാക പുതപ്പിച്ചു. കുറച്ചുകഴിഞ്ഞ് ഗവർണർ എത്തിയപ്പോൾ, ജെ.എസ്.എസ് പതാക സുരക്ഷാ ഉദ്യോഗസ്ഥർ മാറ്റി. ഗവർണർ പുഷ്പചക്രം അർപ്പിച്ചു.

11.50 ഓടെ ഭൗതികദേഹവുമായി ആംബുലൻസ് ആലപ്പുഴയ്ക്ക് തിരിച്ചു. പുറമെ നിൽക്കുന്നവർക്കും കാണാൻ കഴിയുന്ന ചില്ലിട്ട വാഹനമായിരുന്നു. പൊലീസ് വാഹനങ്ങൾ അകമ്പടിയേകി.

നേതാക്കൾ ഗൗരിഅമ്മയെ അനുസ്മരിച്ചു. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി 68 വർഷം മുമ്പ് നാട്ടിൽ പകർച്ചവ്യാധി പടർന്നു പിടിച്ചപ്പോൾ ആളുകളെ വീട്ടിലിരുത്തണമെന്ന് തിരു-കൊച്ചി നിയമസഭയിൽ ഗൗരിഅമ്മ ശക്തമായി ആവശ്യപ്പെട്ടത് അനുസ്മരിച്ചു.

പുതിയ തലമുറ 'ഗൗരി' എന്ന കവിതയിലെ അവസാന വരികൾ സമൂഹമാദ്ധ്യമങ്ങളിൽ എഴുതിച്ചേർത്താണ് ഗൗരിഅമ്മയ്ക്ക് വിട നൽകിയത്

''ഇനി ഗൗരിയമ്മ ചിതയായി മാറും
ചിതയാളിടുമ്പോൾ ഇരുളൊട്ടു നീങ്ങും
ചിത കെട്ടടങ്ങും കനൽ മാത്രമാകും
കനലാറിടുമ്പോൾ ചുടുചാമ്പലാകും
ചെറുപുൽക്കൊടിക്കും വളമായി മാറും...''

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KR GOURIAMMA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.