അടുത്തയാഴ്ചയോടെ 1,250 പേർക്കുകൂടി
കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊവിഡ് രോഗികളെ ചികിത്സിക്കാൻ ചവറ ശങ്കരമംഗലം സ്കൂളിൽ സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനം തുടങ്ങി. സ്കൂൾ കെട്ടിടത്തിൽ നൂറ് കിടക്കകളാണ് ആദ്യഘട്ടത്തിൽ സജ്ജമായത്.
250 കിടക്കകളുള്ള മറ്റൊരു ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനം സ്കൂൾ കെട്ടിടത്തിൽ പുരോഗമിക്കുന്നു. കൂടാതെ സ്കൂൾ കോമ്പൗണ്ട്, കെ.എം.എം.എൽ ഗ്രൗണ്ട് എന്നിവിടങ്ങളിലും താത്കാലിക ചികിത്സ കേന്ദ്രത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കെ.എം.എം.എൽ, ജില്ലാ പഞ്ചായത്ത് എന്നിവരാണ് നേതൃത്വം നൽകുന്നത്. ജില്ലാ പഞ്ചായത്തിനാണ് നടത്തിപ്പ് ചുമതല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയേൽ സെന്റർ ഉദ്ഘാടനം ചെയ്തു. നിയുക്ത എം.എൽ.എ ഡോ. സുജിത്ത് വിജയൻ പിള്ള, കളക്ടർ ബി. അബ്ദുൽ നാസർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. പി. കെ. ഗോപൻ, ജില്ലാ പഞ്ചായത്ത് അംഗം സി.പി. സുധീഷ് കുമാർ, സെക്രട്ടറി കെ. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
മരുന്നും ഭക്ഷണവും സൗജന്യം
ചികിത്സയിൽ കഴിയുന്ന എല്ലാവർക്കും മരുന്ന്, ഭക്ഷണം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായി ജില്ലാ പഞ്ചായത്ത് രണ്ട് കോടി 50 ലക്ഷം രൂപ വകയിരുത്തി. ചികിത്സയിൽ കഴിയുന്നവരുടെ ബന്ധുക്കൾക്ക് വിവരങ്ങൾ കൈമാറുന്നതിനും അന്വേഷണങ്ങൾക്കുമായി മുഴുവൻ സമയ ഫ്രണ്ട് ഓഫീസും പ്രവർത്തിക്കുന്നുണ്ട്.
ജില്ലാ പഞ്ചായത്ത് വകയിരുത്തിയത്: 2.50 ലക്ഷം
ചവറ ഗവ. ഹൈസ്കൂളിലെ കിടക്കകൾ
തയ്യാറായത്: 100
സ്കൂൾ കെട്ടിടത്തിൽ പുരോഗമിക്കുന്നത്: 250
സ്കൂൾ കോമ്പൗണ്ട്: 500
കെ.എം.എം.എൽ ഗ്രൗണ്ട്: 500
''
അടുത്തയാഴ്ചയോടെ 1,350 പേർക്കുള്ള ചികിത്സാസൗകര്യം ചവറ ഗവ. ഹൈസ്കൂളിലെ സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലൂടെ സാദ്ധ്യമാകും.
സാം.കെ. ഡാനിയേൽ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |