കുഞ്ഞിന് ആവശ്യം പോലെ പാലൂട്ടുന്നതാണ് നല്ലത്. രാത്രിയിലും പാൽ കൊടുക്കാം. തേൻ, ഗ്ലൂക്കോസ്, തിളപ്പിച്ചാറ്റിയ വെള്ളം, വിറ്റാമിൻ തുള്ളികൾ തുടങ്ങിയവയൊന്നും കൊടുക്കേണ്ടതില്ല. മുലക്കണ്ണിന് തകരാറുള്ളവർ പാൽ പിഴിഞ്ഞെടുത്ത് കുഞ്ഞിന് കോരിക്കൊടുക്കണം. സുഖ പ്രസവം കഴിഞ്ഞ് അരമണിക്കൂറിനുള്ളിൽ നിർബന്ധമായും മുലയൂട്ടൽ തുടങ്ങണം. സിസേറിയനിലൂടെ ജനിച്ച കുഞ്ഞുങ്ങൾക്ക് നാലു മണിക്കൂറിനകം മുലപ്പാൽ കൊടുക്കണം. പശു, ആട് എന്നീ മൃഗങ്ങളുടെ പാലും പാൽപ്പൊടികളും കുഞ്ഞിന് കൊടുക്കാതിരിക്കുന്നതാണ് നല്ലത്. അമ്മയുടെ മുലപ്പാൽ മാത്രം മതി. ഇരുപത്തിനാല് മണിക്കൂറും കുഞ്ഞ് അമ്മയുടെ ചൂടേറ്റുകിടക്കുന്നതാണ് ഉത്തമം.
കടിഞ്ഞൂൽ പ്രസവം കഴിഞ്ഞ അമ്മമാർക്ക് മുലയൂട്ടുമ്പോൾ കുട്ടിയെ എങ്ങനെ പിടിക്കണമെന്നറിയില്ല. അമ്മ എഴുന്നേറ്റിരുന്ന് കുഞ്ഞിനെ രണ്ടു കൈകൊണ്ടും ചുറ്റിപ്പൊതിഞ്ഞ് മുലക്കണ്ണിന് നേരെ കുഞ്ഞിന്റെ വായ് വരത്തക്ക ഉയരത്തിൽ വിലങ്ങനെ മാറോടണച്ചു പിടിക്കണം. കുഞ്ഞിന്റെ തലയുടെ പിൻഭാഗം അമ്മയുടെ മടക്കിയ കൈത്തണ്ടയിൽ താങ്ങിയിരിക്കണം. കുഞ്ഞിനെഅമ്മ മാറോടണച്ചു പിടിച്ച് പാലൂട്ടുണമെന്ന് പറഞ്ഞല്ലോ. ആദ്യത്തെ ഏതാനും മിനിട്ടുനേരം കുഞ്ഞ് ശക്തിയായി പാൽ വലിച്ചു കുടിക്കും. ഇതോടെ മാറിലേക്ക് കൂടുതൽ പാൽഊറിയിറങ്ങും. തുടർന്ന് കുഞ്ഞ് സാവകാശമായി വലിച്ചുകുടിക്കും. ഒരു മുലയിലെ പാൽ കുടിച്ചുതീരുമ്പോൾ മാത്രമേ അടുത്ത മുലയിൽ നിന്ന് കുടിപ്പിക്കാവൂ. മുലക്കണ്ണുകൾ മുലയൂട്ടുന്നതിന് മുമ്പും പിമ്പും കഴുകി വൃത്തിയാക്കണം. ചില അമ്മാരുടെ മുലക്കണ്ണുകൾ ഉൾവലിഞ്ഞിരിക്കും. ഇതുമൂലം കുഞ്ഞിന് പാൽ വലിച്ചുകുടിക്കാൻ കഴിയാതെ വരും. ഇക്കൂട്ടർ മുലക്കണ്ണ് ശക്തിയായി പുറത്തേക്ക് വലിച്ചുനീട്ടിയിട്ട് വേണം കുഞ്ഞിന് പാൽ കൊടുക്കാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |