SignIn
Kerala Kaumudi Online
Saturday, 20 April 2024 8.08 AM IST

മാടമ്പ് എന്ന അശ്വത്ഥാമാവ്

madambu-kunjikkuttan

അശ്വത്ഥാമാവ് ചിരഞ്ജീവിയാണ്. അതിന്റെ അർത്ഥം കുഷ്ഠം പിടിച്ച ശരീരവുമായി ഇപ്പോഴും എവിടെയോ അലഞ്ഞുതിരിഞ്ഞു ജീവിക്കുന്നു എന്നാവണമെന്നില്ല. മനുഷ്യവംശം നിലനിൽക്കുന്നിടത്തോളം പക എന്ന വികാരം അടങ്ങുകയില്ല. അതുപോലെ തന്നെ പാപം ചെയ്താൽ ഫലം അനുഭവിക്കേണ്ടി വരുമെന്ന ധാർമ്മിക ചിന്തയും. കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് തളർന്നുറങ്ങിയ പാണ്ഡവ സൈന്യത്തിലെ എല്ലാ ഭടന്മാരെയും ഒറ്റയ്ക്ക് രാത്രിയിൽ വെട്ടിക്കൊന്നവനാണ് അശ്വത്ഥാമാവ്. തന്റെ പിതാവിനെ ചതിയിലൂടെ കൊലപ്പെടുത്തിയതിന്റെ പക. അതേസമയം ആ പാപത്തിന്റെ ഫലമെന്നോണം കുഷ്ഠരോഗിയായി മരണമില്ലാതെ ജീവിക്കേണ്ടിയും വരുന്നു. ഈ കഥാപാത്രത്തിന്റെ പേര് മാടമ്പ് കുഞ്ഞുകുട്ടൻ തന്റെ ആദ്യ നോവലിന് നൽകിയത് വെറുതെയാവില്ല. സമൂഹത്തിന്റെ അരുതായ്‌മകളിലേക്ക് അഥവാ കുഷ്ഠങ്ങളിലേക്ക് അടങ്ങാത്ത പകയോടെയാണ് മാടമ്പ് എന്ന എഴുത്തുകാരൻ എന്നും നോക്കിയത്. സാമ്പ്രദായികമായ എല്ലാ രീതികളോടും കലഹിക്കുന്നതായിരുന്നു എന്നും ആ എഴുത്തും ജീവിതവും.

പേരുകേട്ട മനയിൽ ജനിച്ച് ഗായത്രീമന്ത്രം ഉരുവിട്ട് സന്ധ്യാവന്ദനവും സൂര്യനമസ്കാരവും ദിനചര്യയുടെ ഭാഗമായ ബാല്യം പിന്നിട്ട് പൂർവികരുടെ പാത പിന്തുടർന്ന് ശാന്തിപ്പണിയിലാണ് മാടമ്പ് ജീവിതം തുടങ്ങിയത്. അക്കാലം കേരളത്തിൽ വലിയ മാറ്റങ്ങളുടെ തുടക്കകാലം കൂടിയായിരുന്നു. മനകളുടെ പ്രതാപത്തിന്റെ സൂര്യൻ പടിഞ്ഞാറ് അസ്തമനത്തിന് കാത്തുനിൽക്കുന്ന കാലം. വൈരുദ്ധ്യങ്ങളുടെ ആ ഏറ്റുമുട്ടലിന്റെ കാലത്ത് കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ആ മനസിലേക്ക് കടന്നുവന്നത് തികച്ചും സ്വാഭാവികമായി തന്നെ ആയിരിക്കണം. ഹിന്ദു കമ്മ്യൂണിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന അതേ മാടമ്പ് തന്നെയാണ് ബി.ജെ.പി സ്ഥാനാർത്ഥിയായി തൃശൂരിൽ മത്സരിച്ചതും. ഇതിലൊന്നും വലിയ ബലംപിടിക്കേണ്ട കാര്യമില്ല, മനസ് പറയുന്ന വഴിയേ ജീവിക്കുക, മറ്റൊരാൾ നമ്മളെക്കുറിച്ച് എന്ത് പറയും എന്നതിന് ആവശ്യമില്ലാത്ത ആലങ്കാരിക അർത്ഥം നൽകാതിരിക്കുക എന്നതൊക്കെ കൂടിയാണ് മാടമ്പ് സ്വജീവിതത്തിലൂടെയും കൃതികളിലൂടെയും തെളിയിച്ചത്. റേഡിയോ മെക്കാനിക്, ട്യൂട്ടോറിയൽ കോളേജ് അദ്ധ്യാപകൻ, ആനപ്രേമി എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന മാടമ്പ് തന്നെയാണ് കുറെക്കാലം മനയിൽ ഒരു കഴുതയെയും വളർത്തിയിരുന്നത്.

പൈതൃകം എന്ന സിനിമയിലെ അച്ഛനിലും മകനിലും മാടമ്പിന്റെ സ്വത്വം അലിഞ്ഞുചേർന്നിട്ടുണ്ട്. പാരമ്പര്യമായി ലഭിച്ച ആത്മീയമായ പൈതൃകത്തിലും ആചാരങ്ങളിലും ഉറച്ചുനിൽക്കുന്ന അച്ഛൻ. മനുഷ്യനെ കള്ളികളിലൂടെ വേർതിരിക്കാതെ മനുഷ്യനായിക്കണ്ട് സ്നേഹിക്കുന്ന, അതിന് തടസമാകുന്ന യാഥാസ്ഥിതികമായ എല്ലാ വിഘാതങ്ങളെയും നിഷേധിക്കുന്ന മകൻ. ഈ വൈരുദ്ധ്യം അവസാനം വരെയും മാടമ്പിനെയും പിന്തുടർന്നിരുന്നു.

മാടമ്പ് ശങ്കരൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജ്ജനത്തിന്റെയും മകനായി 1941ൽ ജനിച്ച മാടമ്പ് 1970ലാണ് ആദ്യ നോവലായ അശ്വത്ഥാമാവ് രചിക്കുന്നത്. അശ്വത്ഥാമാവ് സിനിമയായപ്പോൾ നായകനായതും മാടമ്പാണ്. തുടർന്നെഴുതിയ ഭ്രഷ്ട് വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.

എഴുത്ത് ലോകത്തിന് പുറത്ത് സാമാന്യ ജനങ്ങൾ മാടമ്പിനെ ശ്രദ്ധിക്കുന്നത് ദേശാടനം എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചതോടെയാണ്. ജയരാജ് സംവിധാനം ചെയ്ത കരുണത്തിന്റെ തിരക്കഥയ്ക്ക് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരത്തിനും അർഹനായി. മഹാപ്രസ്ഥാനം എന്ന നോവലിന് കേരള സാഹിത്യ അക്കാഡമി അവാർഡും ലഭിച്ചു.

മാടമ്പ് ഗുരുവായി അംഗീകരിച്ചിട്ടുള്ള കോവിലന്റെ വഴിയും മറ്റ് എഴുത്തുകാർ പിന്തുടരാൻ സാദ്ധ്യത ഇല്ലാത്തതായിരുന്നു. മാടമ്പിന്റെ വഴിയും മറിച്ചായിരുന്നില്ല. അടിമുടി വൈരുദ്ധ്യാത്മകവും സർഗാത്മകവുമായ ഒരു ജീവിതമാണ് മാടമ്പിന്റെ കടന്നുപോകലിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MADAMBU KUNJIKKUTTAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.