SignIn
Kerala Kaumudi Online
Friday, 26 April 2024 2.02 AM IST

കൊവിഡിനെ തുരത്താൻ ഭയംനല്ലതാണ് !!

covid

കൊവിഡ് ലക്ഷണങ്ങളുണ്ടെങ്കിലും ആവശ്യമായ ശ്രദ്ധ നൽകാതെയും

നിരീക്ഷണത്തിൽ കഴിയാൻ കൂട്ടാക്കാതെയും നിരവധിയാളുകൾ

പുറത്തിറങ്ങി നടക്കുന്നുണ്ട്. എനിക്ക് പണ്ടേ തന്നെ ഇതേ കുഴപ്പങ്ങൾ ഉണ്ടായിരുന്നതാണ് , ഇന്നലെ തണുത്തത് കഴിച്ചതുകൊണ്ടാണ്, ചെറിയ ബുദ്ധിമുട്ട് മാത്രമേയുള്ളൂ വേറെ കുഴപ്പമൊന്നും ഉണ്ടാക്കില്ല... എന്നൊക്കെയാണ് പലരും ആശ്വാസം കണ്ടെത്താൻ പറയുന്നത്.

പരിശോധിച്ചാലല്ലേ കൊവിഡ് പോസിറ്റീവ് ആകൂ. ഇല്ലെങ്കിൽ വെറും വൈറൽ ഫീവർ എന്ന മട്ടിലാണ് ചിലരുടെ പോക്ക്. ഏത് ലക്ഷണം കണ്ടാലും രോഗം കോവിഡ് തന്നെയാണോയെന്ന് ആദ്യം പരിശോധിക്കേണ്ടതുണ്ട്. തൊണ്ടവേദന, മൂക്കൊലിപ്പ്, ജലദോഷം, തലവേദന, ചുമ, കിതപ്പ്, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾക്ക് വലിയ ശ്രദ്ധ നൽകണം. ഇത്തരം ലക്ഷണങ്ങളുള്ളവർ കൊവിഡ് പരിശോധന നടത്തുന്നതിന് താമസമുണ്ടെങ്കിൽ നിർബന്ധമായും സ്വയം നിരീക്ഷണത്തിലേക്ക് മാറണം. ദഹന സംബന്ധമായ പ്രശ്നങ്ങൾ പ്രത്യേകിച്ച് ഗ്യാസ്, വയറിളക്കം, ഛർദ്ദി തുടങ്ങിയവയുള്ളവരും സ്വയം ക്വാറന്റൈനിൽ പോകുന്നത് നല്ലതാണ്. ഇത്തരം ലക്ഷണങ്ങളുള്ളവർ കൊവിഡ് ഇല്ലാത്തവരാണെങ്കിലും പുറത്തിറങ്ങി നടന്നാൽ അവർക്ക് രോഗപ്രതിരോധശേഷി കുറവായതിനാൽ വൈറസ് ബാദ്ധയ്ക്ക് കൂടുതൽ സാദ്ധ്യതയുണ്ട്.

പൂർണ്ണാരോഗ്യമുള്ള ഒരാളിനെ വൈറസ് ബാധിക്കുന്നതിന് തടസമായി അയാളുടെ രോഗപ്രതിരോധശേഷി കൂടി പ്രവർത്തിക്കും. അതിനാൽ ബ്രേക്ക് ദി ചെയിൻ പോളിസി, വാക്സിനേഷൻ എന്നിവയ്ക്കൊപ്പം രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്ന ആയുർവേദ നിർദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്.

തുടർച്ചയായ ജലദോഷം, ചുമ, ദീർഘകാലമായി നിലനിൽക്കുന്ന സൈനസൈറ്റിസ്, ടോൺസിലൈറ്റിസ്, അലർജിക് റൈനൈറ്റിസ്, ആസ്‌തമ തുടങ്ങിയ ബുദ്ധിമുട്ടുള്ളവർ അവയൊന്നും വർദ്ധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

അമിതമായ ക്ഷീണം, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങളുള്ളവരും ശ്രദ്ധിക്കണം. അതോടൊപ്പം കൊവിഡിനോടുള്ള അമിതഭയം കാരണം വേണ്ടതുപോലെ ശ്രദ്ധിക്കാതെ മാറ്റിനിർത്തപ്പെട്ട പ്രമേഹം, രക്തസമ്മർദ്ദം, തൈറോയിഡ്, കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങളുടെ നിലവിലെ സ്ഥിതിയും അറിയേണ്ടതുണ്ട്. യാതൊരു ലക്ഷണവുമില്ലാത്തവരും മറ്റു വീടുകളിൽ പോകാതിരിക്കാൻ ശ്രദ്ധിക്കണം. അഥവാ പോകേണ്ട അത്യാവശ്യമുണ്ടെങ്കിൽ വീട്ടുകാരുടെ അനുമതി മുൻകൂർ വാങ്ങിയിരിക്കണം. രണ്ടുകൂട്ടർക്കും ആവശ്യമായ സുരക്ഷിതത്വം ഉറപ്പു വരുത്താൻ അത് നല്ലതാണ്. സംഭാവന, ഭിക്ഷ തുടങ്ങിയ പേരുകളിൽ വീട്ടിലെത്തുന്നവരെ പരമാവധി അകറ്റി നിർത്താൻ ശ്രദ്ധിക്കണം. കാരണം, അവർ കൊവിഡ് പോസിറ്റീവ് ആയതും ക്വാറന്റൈനിൽ കഴിയുന്നവരെയുമൊക്കെ അവരുടെ വീട്ടിൽ പോയി കണ്ടിട്ടാണ് നിങ്ങളേയും കാണാൻ വന്നിരിക്കുന്നത്. അതുകൊണ്ട് പരിചയക്കാരായാലും അകലം പാലിക്കുന്നതാണ് നല്ലത്. എന്നാൽ സഹായത്തിന് ആരെ വിളിക്കാനും മടിക്കരുത്. അപ്പോൾ അവരോട് സഹായം ചോദിക്കുന്നയാൾ അല്ലെങ്കിൽ ആ വീട്ടിലുള്ളവർ പോസിറ്റീവ് ആണോ അല്ലെങ്കിൽ നിരീക്ഷണത്തിലാണോ എന്നുള്ള വിവരങ്ങൾ കൂടി ധരിപ്പിക്കണം. അവർക്ക് മറ്റു മുൻകരുതലുകൾ എടുക്കാൻ അത് സഹായകമാകും.

ലക്ഷണമില്ലെങ്കിലും സുരക്ഷ ഉറപ്പാക്കണം

അറിയാതെ ആരെയെങ്കിലും തൊടുകയോ പിടിക്കുകയോ ചെയ്താൽ 'നനഞ്ഞതല്ലേ, കുളിച്ചു കയറാം' എന്ന പോളിസി എടുക്കരുത്. അപ്പോഴും പരമാവധി സുരക്ഷിതമായി കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നതാണ് യാഥാർത്ഥ്യം.കൊവിഡ് പോസിറ്റീവുമായി സുരക്ഷിതമല്ലാത്ത സമ്പർക്കമുണ്ടായി എന്നറിയുന്ന സമയംതന്നെ ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിലും ക്വാറന്റൈൻ ചെയ്യപ്പെട്ടാൽ അവരിൽ നിന്ന് പോസിറ്റീവ് ആകാനിടയുള്ള നിരവധി പേർ സുരക്ഷിതരാകും. അത്തരമാൾക്കാർ വീട്ടിലുള്ളവരുമായി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും ടി.വി കാണുന്നതും പഴയതുപോലെ സഹകരിക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതും ഒഴിവാക്കണം. ടെസ്റ്റ് ചെയ്യാത്ത ഒരാൾ ക്വാറന്റൈനിൽ കഴിയേണ്ടത് 14 ദിവസമാണെന്ന് അറിയാമല്ലോ? ആൻറിജൻ ടെസ്റ്റ് ചെയ്ത് നെഗറ്റീവായവർ 7 ദിവസം കൂടി ക്വാറന്റൈനിൽ കഴിയണം. പോസിറ്റീവ് ആയവർ അവർ നെഗറ്റീവായോ എന്ന് റീടെസ്റ്റ് ചെയ്യുന്നതിന് ആന്റിജൻ ടെസ്റ്റ് തന്നെ മതിയാകും.പോസിറ്റീവ് ആയിരുന്നവർ നെഗറ്റീവായ ശേഷവും ഏഴുദിവസം കൂടി നിരീക്ഷണത്തിൽ കഴിയേണ്ടതാണ്. പോസിറ്റീവായവർ നെഗറ്റീവ് ആകുന്നതിന് ഇപ്പോൾ മുമ്പുള്ളതിനേക്കാൾ കൂടുതൽ ദിവസങ്ങൾ എടുക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.

നിർദ്ദേശങ്ങളെല്ലാം കൃത്യമായി പാലിച്ചിരുന്നെങ്കിൽ കോവിഡിന് ഇത്രയും വ്യാപനമുണ്ടാകുമായിരുന്നില്ല. അതുകൂടി മനസ്സിലാക്കി നമ്മൾ കാരണം ഒരു ബുദ്ധിമുട്ടും മറ്റൊരാളിന് വരാതിരിക്കാനും നാളെ നമ്മളെ മറ്റൊരാൾ കുറ്റപ്പെടുത്താതിരിക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ പാലിച്ചേ മതിയാവൂ. കൊവിഡിനെ തുരത്താൻ ജാഗ്രതയ്ക്കൊപ്പം ഭയവും ആവശ്യമായി മാറിയിരിക്കുകയാണ് എന്നർത്ഥം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, COVID
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.