ന്യൂഡൽഹി: ടൈംസ് ഗ്രൂപ്പ് ചെയർപേഴ്സൺ ഇന്ദു ജെയ്ൻ അന്തരിച്ചു. 84 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി ഡൽഹിയിലായിരുന്നു അന്ത്യം. 2016ൽ രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു.
1936 സെപ്തംബർ എട്ടിനാണ് ജനനം. 1999ൽ ടൈംസ് ഗ്രൂപ്പ് ചെയർപേഴ്സണായി ചുമതലയേറ്റു. 2000ത്തിൽ ടൈംസ് ഫൗണ്ടേഷൻ രൂപീകരിച്ചു.
ഇന്ത്യയിലെ സ്ത്രീകൾക്കിടയിൽ സംരംഭകത്വവും പ്രൊഫഷണൽ മികവും പ്രോത്സാഹിപ്പിക്കുന്നതിനായി 1983ൽ സ്ഥാപിതമായ എഫ്.ഐ.സി.സി.ഐ ലേഡീസ് ഓർഗനൈസേഷന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. ഭർതൃപിതാവ് സാഹു ശാന്തി പ്രസാദ് 1944 സ്ഥാപിച്ച ഭാരതീയ ജ്ഞാനപീഠ് ട്രസ്റ്റിന്റെ ചെയർപേഴ്സണായും സേവനമനുഷ്ഠിച്ചു.
2019ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിമാരുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, 2018ൽ ആൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്റെ ആജീവനാന്ത അവാർഡ്, ഇന്ത്യൻ കോൺഗ്രസ് ഒഫ് വിമെൻ ലൈഫ് ടൈം അച്ചീവ്മെന്റ് തുടങ്ങിയ ബഹുമതികൾ നേടി. രാഷ്ട്രപതി രാംനാഥ്കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |