SignIn
Kerala Kaumudi Online
Thursday, 25 April 2024 6.18 PM IST

ഒഴിയാതെ ദുരി​തപ്പെയ്ത്ത്

rain

കൊച്ചി: തോരാമഴ ദുരിതം വിതച്ചതോടെ ജില്ലയിൽ ആശങ്കയേറുന്നു. ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടു ദിവസമായി തുടരുന്ന കടൽ കയറ്റം ചെല്ലാനം, വൈപ്പിൻ, എടവനക്കാട് മേഖലയിലെ ജനജീവിതം ദുസഹമാക്കി. ജില്ലയിൽ 21 ദുരിതാശ്വാസ കാമ്പുകൾ തുറന്നു. ചെല്ലാനത്ത് പല വീടുകളിലും കടൽവെള്ളം കെട്ടിക്കിടക്കുകയാണ്. മലങ്കര ഡാമിന്റെ മൂന്നു ഷട്ടറുകളും ഭൂതത്താൻകെട്ട് ഡാമിന്റെ ഏഴു ഷട്ടറുകളും തുറന്നിട്ടുണ്ട്.ജില്ലയിലെ കനത്ത മഴയെ തുടർന്നുള്ള സാഹചര്യങ്ങൾ അധികൃതർ വിലയിരുത്തി. ഇന്നും വൈകിട്ട് വരെ കടൽക്ഷോഭം രൂക്ഷമായിരിക്കും. ചെല്ലാനത്ത് നാളെയും വെള്ളപ്പൊക്കമുണ്ടാകാൻ സാദ്ധ്യതയുണ്ട്. ഈ പ്രദേശത്ത് ഭക്ഷ്യ കിറ്റ് വിതരണം ഉറപ്പാക്കാൻ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. രണ്ട് ആംബുലൻസുകൾ ചെല്ലാനം മേഖലയിൽ സജ്ജമാക്കും. കൊവിഡ് പോസിറ്റീവാകുന്നവരെ എഫ്.എൽ.ടി.സിയിലേക്ക് മാറ്റും.പള്ളൂരുത്തി, ഇടക്കൊച്ചി, പെരുമ്പടപ്പ്, സൗദി മേഖലകളിലും വെള്ളകെട്ട് രൂക്ഷമായി തുടരുകയാണ്. ചെല്ലാനത്ത് നിരവധി വീടുകൾ വാസയോഗ്യമല്ലാതായി മാറി. രക്ഷാപ്രവർത്തനങ്ങൾക്കായി ഡൈവിംഗ് ടീം, ബോട്ടുകൾ, മറ്റ് വാഹനങ്ങൾ എന്നിവ സഹിതമുള്ള സംഘമാണ് എത്തിയത്. ദുരന്ത നിവാരണ സേനയും പൊലീസും കമ്പനിപ്പടി, ബസാർ മേഖലകളിൽ ക്യാമ്പ് ചെയ്യുകയാണ്. കൊവിഡ് വ്യാപനം അതിരൂക്ഷമായ പ്രദേശങ്ങളായത് കൊണ്ട് തന്നെ രക്ഷാപ്രവർത്തനത്തിനും വലിയ വെല്ലുവിളി നേരിടുന്നുണ്ട്.
കോതമംഗലത്ത് മിന്നലേറ്റ് വീട് തകർന്നു. അങ്കമാലി അങ്ങാടിക്കടവിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞ് റോഡരികിൽ പാർക്ക് ചെയ്ത ടാങ്കർ ലോറി മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറെ രക്ഷപ്പെടുത്തി.

21 ക്യാമ്പുകൾ തുറന്നു
ജില്ലയിൽ ക്യാമ്പുകളുടെ എണ്ണം 21ആയി ഉയർന്നു. കൊച്ചി താലൂക്കിൽ 17 ക്യാമ്പുകളും കണയന്നൂർ താലൂക്ക് പരിധിയിൽ രണ്ട് ക്യാമ്പുകളും കോതമംഗലം താലൂക്കിൽ രണ്ട് ക്യാമ്പുകളുമാണ് തുറന്നത്. ആകെ 143 കുടുംബങ്ങളെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. കണയന്നൂരിൽ 20 കുടുംബങ്ങളും കൊച്ചിയിൽ 143 കുടുംബങ്ങളും ക്യാമ്പിലുണ്ട്. 279 പുരുഷന്മാരും 273 സ്ത്രീകളും 101 കുട്ടികളുമടക്കം 653 ആളുകൾ ക്യാമ്പുകളിലുണ്ട്.

നഗരവും വെള്ളക്കെട്ടിൽ

എറണാകുളം എം.ജി റോഡ്, കെ.എസ്.ആർ.ടി.സി പരിസരം, പുല്ലേപ്പടി, കലൂർ തുടങ്ങിയ സ്ഥലങ്ങളിൽ റോഡിൽ വെള്ളക്കെട്ടുണ്ടായി. മുല്ലശ്ശേരി കനാൽ റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ ഗാന്ധിനഗർ ഫയർഫോഴ്‌സിൽ നിന്നും ഉദ്യോഗസ്ഥരെത്തി വെള്ളം പമ്പ് ചെയ്ത് നീക്കി.കളക്ടറുടെയും മേയറുടെയും നേതൃത്വത്തിൽ നഗരത്തിൽ വെള്ളകെട്ട് ഒഴിവാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു. ആലപ്പുഴ ജില്ലാ കളക്ടർ ആയിരിക്കെ എസ്. സുഹാസ് സ്‌പോൺസർഷിപ്പിലൂടെ വാങ്ങിയ 105 എച്ച്.പി ശേഷിയുള്ള പമ്പ് സെറ്റ് നഗരത്തിലേക്ക് എത്തിച്ചായിരുന്നു പ്രവർത്തനങ്ങൾ. മുല്ലശേരി കനാൽ, കാരണക്കോടം തോട് എന്നിവയുടെ വിവിധ പ്രദേശങ്ങളും ജഡ്ജസ് അവന്യൂ, കലൂർ, മെട്രോസ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ വെള്ളം പമ്പു ചെയ്ത് കളഞ്ഞു. പത്ത് ലക്ഷം ലിറ്റർ വരെ മണിക്കൂറിൽ പമ്പ് ചെയ്ത് കളയാവുന്ന തരം വലിയ സെറ്റായതിനാൽ വേഗത്തിൽ ജോലിയും പൂർത്തിയായി. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കൊച്ചി നഗരസഭയുടെ പങ്കാളിത്തത്തോടെ നടത്തിയ അടിയന്തര പ്രവർത്തനങ്ങൾ ഫലപ്രദമായെന്ന് കളക്ടർ അഭിപ്രായപ്പെട്ടു.ഹൈക്കോർട്ടിന് സമീപത്ത് സിഗ്‌നൽ പോസ്റ്റ് തകർന്നുവീണു. കതൃക്കടവിൽ ഫെഡറൽ ബാങ്കിന് എതിർവശത്തുള്ള വീടിന്റെ മുകളിലേക്ക് മരം വീണു. പൊന്നാരിമംഗലത്ത് മരം ഇലക്ട്രിക് ലൈനിൽ വീണ് അപകടാവസ്ഥയിലായത് ക്ലബ്ബ് റോഡ് ഫയർഫോഴ്‌സ് സംഘമെത്തി നീക്കി. പൂക്കാരൻമുക്കിൽ റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു.

മത്സ്യബന്ധനത്തിന് പോയ ആളെ കാണാതായി

ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി എറണാകുളത്ത് കായലിൽ മത്സ്യബന്ധനത്തിന് പോയ വഞ്ചിമറിഞ്ഞ് ഒരാളെ കാണാതായി. കൊല്ലം തേവലക്കര കരുവാകിഴക്കേതിൽ വീട്ടിൽ ആന്റപ്പനെ(53)യാണ് കാണാതായത്. കൂടെയുണ്ടായിരുന്ന കൊല്ലം തേവലക്കര കിഴക്കേതിൽ വീട്ടിൽ സെബാസ്റ്റ്യൻ(59) രക്ഷപ്പെട്ടു. 10.30ന് മത്സ്യബന്ധത്തിന് പുറപ്പെട്ട ഇവരുടെ വള്ളം ശക്തമായ കാറ്റിലും മഴയിലും ബോൾഗാട്ടി പാലസിന് സമീപം മറിയുകയായിരുന്നു. ഏറെ നേരം വള്ളത്തിൽ പിടിച്ചുകിടന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആന്റപ്പൻ മുങ്ങിപ്പോയി. മുളവുകാട് പൊലീസും ഫയർഫോഴ്‌സും മണിക്കൂറുകളോളം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.