SignIn
Kerala Kaumudi Online
Saturday, 20 April 2024 5.08 AM IST

കൊവിഡും പേമാരിയും, രക്ഷകുറഞ്ഞ് അഗ്നി രക്ഷാ സേന

fire

മഴ ജോലി ഭാരം ഇരട്ടിയാക്കി

കോഴിക്കോട്: കൊവിഡ് സുരക്ഷയൊരുക്കാൻ നെട്ടോട്ടമോടുന്ന അഗ്നി ശമന സേനയ്ക്ക് പ്രതീക്ഷിക്കാതെയെത്തിയ ചുഴലിക്കാറ്റും പേമാരിയും വില്ലനായി. സേനയിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഡ്യൂട്ടിയിലുള്ളവർ 12 മണിക്കൂർ വിശ്രമമില്ലാതെ ജോലിചെയ്ത് തളരുന്നതിനിടെയാണ് ഭീതി വിതച്ച് മഴ കലിതുള്ളുന്നത്. കനത്ത കാറ്റും മഴയും ജില്ലയിലുടനീളം നാശം വിതയ്ക്കുമ്പോൾ ഇടവേളകളില്ലാതെ രാവും പകലും ഓടുകയാണ് നാടിന്റെ രക്ഷകർ.

ഒമ്പത് ഫയർസ്റ്റേഷനുകളും നാല് മിനി സ്റ്റേഷനുകളും ഉളള ജില്ലയിൽ 22 സേനാംഗങ്ങളാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. സമ്പർക്കം കാരണം നിരീക്ഷണത്തിൽ കഴിയുന്ന നിരവധി പേർ വേറെയുമുണ്ട്.
ജീവനക്കാർ കൂട്ടത്തോടെ കൊവിഡ് ബാധിതരാകുന്ന സ്ഥിതി ഉണ്ടായതോടെ രണ്ടും മൂന്നും സംഘങ്ങളാക്കി ജോലി ക്രമീകരിച്ചിരിക്കുകയാണ്. ഇത് ജോലി ഭാരവും ഇരട്ടിപ്പിച്ചു. ആറുദിവസം തുടർച്ചയായി ജോലി ചെയ്താൽ ആറുദിവസം അവധി എന്നതരത്തിലാണ് ക്രമീകരണം. കൂടുതൽ ജീവനക്കാരുള്ള പ്രധാന സ്റ്റേഷനുകളിൽ മൂന്ന് സംഘങ്ങളായാണ് തിരിച്ചിട്ടുളളത്. അപകടത്തിൽപ്പെടുന്ന ഏതൊരാൾക്കും കൊവിഡ് സ്ഥിരീകരിക്കുന്ന അവസ്ഥയിൽ പ്രായമായ മാതാപിതാക്കളും കുട്ടികളും ഗർഭിണികളുമെല്ലാമുളള വീടുകളിലേക്ക് ജോലി കഴിഞ്ഞു പോവുകയെന്നത് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
ആധുനിക രക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത അഗ്നി ശമന സേനയുടെ പ്രതിസന്ധി ഇരട്ടിയാക്കുന്നു. തേയ്മാനം വന്ന ആധുനിക മെഷീനുകളുടെ അറ്റകുറ്റപ്പണിക്ക് ലക്ഷങ്ങൾ ചെലവാക്കേണ്ടി വരുന്നതിനാൽ ഇത്തവണ പോ‌ർട്ടബിൾ മെഷീൻ ഉപയോഗിച്ചാണ് അണുനശീകരണം. ജീവനക്കാരുടെ സുരക്ഷയ്ക്ക് ആവശ്യമായ സാനിറ്റൈസർ, ഗ്ലൗസ്, പി.പി.ഇ കിറ്റ് എന്നിവയുടെ ലഭ്യതക്കുറവും പ്രയാസമുണ്ടാക്കുന്നു. സേനയുടെ കീഴിൽ പരിശീലനം ലഭിച്ച സിവിൽ ഡിഫൻസ് അംഗങ്ങളുടെ സഹകരണത്തോടെയാണ് അണുനശീകരണവും മൃതദേഹം മറവ് ചെയ്യലും നടന്നുവരുന്നത്.

ആശങ്കയുണ്ട് കൊവിഡ് ആശുപത്രികളുടെ സുരക്ഷയിൽ

കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ സുരക്ഷ സംബന്ധിച്ച് സംസ്ഥാന വ്യാപകമായി അഗ്നി ശമന സേന പരിശോധന ആരംഭിച്ചിട്ടുണ്ടെങ്കിലും പല കേന്ദ്രങ്ങളുടെയും സുരക്ഷാ കാര്യത്തിൽ ഇവർക്ക് ആശങ്കയുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കാൻ അഗ്നി ശമന സേനയ്ക്ക് അധികാരമില്ലാത്തതിനാൽ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുകയാണ് ചെയ്യുന്നത്. അതേസമയം അത്യാഹിതം ഒഴിവാക്കാനാവശ്യമായ മാർഗ നിർദ്ദേശങ്ങൾ സ്ഥാപനങ്ങൾക്ക് നൽകുന്നുണ്ട്. ഇലക്ട്രിക്കൽ കേടുപാടുകൾ ഉടൻ പരിഹരിക്കുക, ഹൈഡ്രന്റുകളിൽ വെള്ളം സൂക്ഷിച്ചുവയ്ക്കുക, അഗ്നിശമന ഉപകരണങ്ങൾ കാര്യക്ഷമമാക്കി നിർത്തുക, എമർജൻസി എക്സിറ്റുകൾ തുറന്നിടാൻ സൗകര്യം ഒരുക്കുക, കോണിപ്പടികൾ സഞ്ചാര യോഗ്യമാക്കുക, ഐസിയു ഉൾപ്പെടെയുള്ള മേഖലകളിൽ ടെക്നീഷ്യൻമാരുടെ സേവനം 24 മണിക്കൂറും ഉപയോഗപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങളാണ് നൽകുന്നത്.

''കൊവിഡ് പ്രവർത്തനങ്ങൾക്കൊപ്പം മഴക്കാല പ്രവർത്തനങ്ങളും നടക്കുന്നു. കൊവിഡ് ആശുപത്രികളിൽ സുരക്ഷാ സൗകര്യം കുറയുന്നത് ആശങ്കയുണ്ടാക്കുന്നു. ചികിത്സാ കേന്ദ്രങ്ങളിലെ ഇത്തരം വീഴ്ചകൾ ഗൗരവത്തോടെ കാണണം- ''

മൂസ വടക്കേത്ത്, ജില്ലാ ഫയർ ഓഫീസർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.