SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.24 PM IST

ഗൗരിഅമ്മ എന്തുകൊണ്ട് മുഖ്യമന്ത്രിയായില്ല ?

k-r-gouri-amma

കെ.ആർ. ഗൗരിഅമ്മ എന്തുകൊണ്ട് കേരളത്തിന്റെ മുഖ്യമന്ത്രിയായില്ലെന്ന വിഷയം അവർ വിടപറഞ്ഞ സാഹചര്യത്തിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. ഇക്കാര്യത്തിൽ പലരും പല അഭിപ്രായങ്ങളും തിയറികളും അവതരിപ്പിച്ചു. എന്നിട്ടും വിഷയത്തിൽ വലിയൊരു ദുരൂഹത നിലനില്‌ക്കുന്നതായി തോന്നുന്നു.

ഗൗരിഅമ്മ പ്രഗത്ഭയായ നിയമസഭാ സാമാജികയും കഴിവുറ്റ ഭരണാധികാരിയുമായിരുന്നു. 1952 ലാണ് അവർ ആദ്യമായി നിയമസഭയിലേക്ക് ജയിക്കുന്നത്. 1952 ലും 1954 ലും തിരു കൊച്ചി നിയമസഭയിലും 1957 മുതൽ 1977 വരെ തുടർച്ചയായി കേരള നിയമസഭയിലും അംഗമായിരുന്നു. 1957 ലും 1967 ലും റവന്യൂ മന്ത്രിയായിരുന്നു. വിഖ്യാതമായ കാർഷികബന്ധ നിയമവും പിന്നീട് ഭൂപരിഷ്‌കരണ ഭേദഗതി നിയമവും നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കി കേരളത്തിന്റെ രാഷ്ട്രീയ - സാമൂഹ്യ ജീവിതത്തിൽ വലിയ മാറ്റം വരുത്തിയ മഹതിയായിരുന്നു. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിയാകാനുള്ള അവരുടെ അർഹത ചോദ്യം ചെയ്യപ്പെടുമെന്ന് കരുതുന്നില്ല. 1977 ലെ തിരഞ്ഞെടുപ്പിൽ ഗൗരിഅമ്മ പരാജയപ്പെട്ടു. 1980 ൽ അവർ വീണ്ടും വിജയിച്ചു. 1969 നുശേഷം സി.പി.എമ്മിന് ഭരണാധികാരം ലഭിച്ചത് 1980 ലാണ്. ആ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട മൂന്നു പേരുകൾ കെ.ആർ. ഗൗരിഅമ്മ, ടി.കെ. രാമകൃഷ്‌ണൻ, ഇ.കെ. നായനാർ എന്നിവരുടേതായിരുന്നു. അന്ന് നായനാരാണ് മുഖ്യമന്ത്രിയായത്. ഇവരിൽ ഏറ്റവുമധികം കാലം മന്ത്രിയായിരുന്നതും നിയമസഭാംഗമായിരുന്നതും കെ.ആർ. ഗൗരിഅമ്മയായിരുന്നു. നിയമസഭാ പരിചയമോ ഭരണശേഷിയോ കാര്യക്ഷമതയോ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡമായിരുന്നെങ്കിൽ തീർച്ചയായും ഗൗരിഅമ്മ മുഖ്യമന്ത്രിയാകുമായിരുന്നു. ടി.കെ. രാമകൃഷ്ണൻ 1977 - 79 കാലത്ത് കുറച്ചുകാലം പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചിരുന്നു. ഇ.എം.എസിനെ സി.പി.എം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തശേഷം പ്രതിപക്ഷ നേതാവ് ടി.കെ. രാമകൃഷ്‌ണനായിരുന്നു. ബ്രിട്ടനിലും വിദേശ രാജ്യങ്ങളിലുമൊക്കെ പ്രതിപക്ഷ നേതാവ് തുടർന്ന് മുഖ്യമന്ത്രിയാവുന്ന പാർലമെന്ററി കീഴ്‌വഴക്കമുണ്ട്. അതനുസരിച്ചാണെങ്കിൽ ടി.കെ. രാമകൃഷ്ണനായിരുന്നു മുഖ്യമന്ത്രിയാകേണ്ടിയിരുന്നത്. എന്നാൽ ഇ.കെ. നായനാരാണ് മുഖ്യമന്ത്രിയായത്. നായനാർ മുഖ്യമന്ത്രിയാകാനുണ്ടായ സാഹചര്യമെന്തെന്നു വച്ചാൽ മറ്റു രണ്ടുപേരെ അപേക്ഷിച്ച് അദ്ദേഹമായിരുന്നു പാർട്ടി പദവിയിൽ മുന്നിൽ നിന്നിരുന്നത്. അദ്ദേഹം സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റിയംഗവുമായിരുന്നു. ടി.കെ. രാമകൃഷ്‌ണൻ സംസ്ഥാന സെക്രട്ടേറിയറ്റംഗമായിരുന്നു. ഗൗരിഅമ്മ സ്റ്റേറ്റ് കമ്മിറ്റിയംഗം മാത്രമായിരുന്നു. പാർട്ടിയിലെ പദവി മുൻനിറുത്തി നായനാരെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെച്ചിട്ടാണ് നായനാർ മുഖ്യമന്ത്രിപദം ഏറ്റെടുത്തത്. ഇ.കെ. നായനാർ 1967 -70 കാലഘട്ടത്തിൽ പാർലമെന്റംഗമായിരുന്നു. 1974 മുതൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1975 ജൂൺ വരെ ഒരു ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭാംഗവുമായിരുന്നു. നായനാരുടെ പാർലമെന്ററി പരിചയം ഇത്രമാത്രമാണ്. അദ്ദേഹമൊരിക്കലും മന്ത്രിയായി പ്രവർത്തിച്ചിട്ടുമുണ്ടായിരുന്നില്ല. പാർലമെന്ററി പരിചയം ഏറ്റവും കുറഞ്ഞയാളും ഭരണപരിചയമില്ലാത്തയാളുമായ നായനാരെ മുഖ്യമന്ത്രിയാക്കിയത് പാർട്ടിയിലെ പദവി മുൻനിറുത്തിയാണ്. ഒരുകാര്യം കൂടിയുണ്ട്, പാർട്ടിയുടെ അന്നത്തെ പരമോന്നത നേതാവ് ഇ.എം.എസ് നമ്പൂതിരിപ്പാടിന് നായനാരെയല്ല, ടി.കെ. രാമകൃഷ്‌ണനെ മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കാനായിരുന്നു താത്പര്യം. പക്ഷേ, പാർട്ടിക്കകത്ത് അതിനു തീരെ പിന്തുണ ലഭിച്ചില്ല. പാർട്ടിയിൽ പ്രബലമായ കണ്ണൂർ ലോബി നായനാർക്കു വേണ്ടി ശക്തമായി നിലകൊണ്ടു. എം.വി. രാഘവനും പി.വി. കുഞ്ഞിക്കണ്ണനും മലബാർ മേഖലയിലെ മറ്റു നേതാക്കന്മാരും ഇ.കെ. നായനാർക്കു വേണ്ടി ശക്തമായി സമ്മർദ്ദം ചെലുത്തിയെന്നും നമ്പൂതിരിപ്പാടിന്റെ താത്പര്യം നടക്കാതെ പോയെന്നുമാണ് എം.വി. രാഘവൻ അദ്ദേഹത്തിന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതു ശരിയായിരിക്കാനാണ് സാദ്ധ്യത. 1980 ജനുവരി അവസാനം ആരംഭിച്ച ഇ.കെ. നായനാരുടെ മന്ത്രിസഭ 1981 സെപ്തംബർ - ഒക്ടോബർ വരെയേ നിലനിന്നുള്ളൂ.

അപ്പോഴേക്കും പലവിധ പ്രശ്നങ്ങൾ മുന്നണിക്കകത്തും മന്ത്രിസഭയിലുമുണ്ടായി. മന്ത്രിസഭയ്‌ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു. അദ്ദേഹത്തിന് രാജിവയ്‌ക്കേണ്ടി വന്നു. ഭരണപരിചയമില്ലാത്ത, പാർലമെന്ററി പരിചയം തീരെക്കുറഞ്ഞ നായനാർക്ക് മുഖ്യമന്ത്രിയെന്ന നിലയിൽ ശോഭിക്കാനായില്ല. അദ്ദേഹത്തിന്റെ പ്രാപ്തിക്കുറവ് പലഘട്ടങ്ങളിലും മന്ത്രിസഭയ്ക്ക് വലിയ ബാദ്ധ്യതയായി. ഇതേപോലെ ടി.കെ. രാമകൃഷ്‌ണനും ആഭ്യന്തരമന്ത്രിയെന്ന നിലയിൽ പരാജയപ്പെട്ടു. അപ്പോഴാണ് ഗൗരിഅമ്മ മുഖ്യമന്ത്രിയായിരുന്നെങ്കിൽ കാര്യങ്ങൾ കുറേക്കൂടി നല്ലരീതിയിൽ നടക്കുമായിരുന്നെന്ന തോന്നൽ ജനങ്ങളിലും പാർട്ടിക്കാർക്കിടയിലും ഉണ്ടായത്. 1987 ലാണ് പിന്നീട് ഇടതുപക്ഷം അധികാരത്തിലെത്തിയത്. 1982 മുതൽ 1987 വരെ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി മന്ത്രിസഭയായിരുന്നു. 1987 ൽ വീണ്ടും തിരഞ്ഞെടുപ്പു നടക്കുന്നു. ഇക്കാലത്താണ് 'കേരം തിങ്ങും കേരളനാട്ടിൽ കെ.ആർ.ഗൗരി ഭരിച്ചീടും' എന്ന മുദ്രാവാക്യം വ്യാപകമായി ഉയർന്നത്. സത്യത്തിൽ ഇൗ മുദ്രാവാക്യം നേരത്തേയുള്ളതാണ്. 1970 കളിൽ എന്റെ കുട്ടിക്കാലത്ത് ഞാനതു കേട്ടിട്ടുണ്ട്. 1987 ൽ ഇതു കൂടുതൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു, പ്രത്യേകിച്ച് തിരുവിതാംകൂർ ഭാഗത്ത് ഭിത്തികളിലും മതിലുകളിലുമൊക്കെ ഇതെഴുതി വയ്‌ക്കുകയും ചെയ്തു. ആ തിരഞ്ഞെടുപ്പിൽ ഇ.കെ. നായനാരും മത്സരിച്ചിരുന്നു. ഇടതുമുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാലും അദ്ദേഹം മുഖ്യമന്ത്രിയാകാനുള്ള സാദ്ധ്യത അധികം കല്പിക്കപ്പെട്ടിരുന്നില്ല. കാരണം തിരഞ്ഞെടുപ്പിന് കുറച്ചു മുമ്പ് 1985 -1986 കാലഘട്ടത്തിലാണ് ബദൽ രേഖയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയർന്നത്. മുസ്ളിം ലീഗുമായുള്ള ബന്ധം പുന: പരിശോധിക്കണമെന്ന ആവശ്യം പാർട്ടിയുടെ മലബാർ ഭാഗത്തെ നേതാക്കൾ ഉന്നയിച്ചു. അതിലെ പ്രധാനപ്പെട്ടയാളുകൾ ഇ.കെ. നായനാർ, ഇ.കെ. ഇമ്പിച്ചിബാവ, വി.വി. ദക്ഷിണാമൂർത്തി, എം.വി. രാഘവൻ, പി.വി. കുഞ്ഞിക്കണ്ണൻ, പുത്തലത്തു നാരായണൻ മുതലായവരായിരുന്നു. മുസ്ളിം ലീഗുമായി വീണ്ടും ഐക്യപ്പെടണമെന്ന ബദൽ രേഖയിലെ ആവശ്യം മാർക്സിസ്റ്റ് പാർട്ടിയുടെ എറണാകുളത്തു നടന്ന സംസ്ഥാന സമ്മേളനം തള്ളിക്കളയുകയും പിന്നീട് പാർട്ടി കോൺഗ്രസിൽ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കുകയുമാണ് ഉണ്ടായത്. ഇതിനെത്തുടർന്ന് ബദൽരേഖ അവതരിപ്പിച്ച ആളുകൾക്കെതിരെ നടപടിയുണ്ടായി. അങ്ങനെയാണ് എം.വി. രാഘവനും പുത്തലത്ത് നാരായണനും പി.വി. കുഞ്ഞിക്കണ്ണനുമൊക്കെ പാർട്ടിക്കു പുറത്തായത്. ബദൽരേഖ അവതരിപ്പിച്ചത് എം.വി. രാഘവനായിരുന്നു. അതിന്റെ ശിക്ഷ അനുഭവിക്കേണ്ടി വന്നത് അദ്ദേഹവും കുഞ്ഞിക്കണ്ണനും മറ്റുമൊക്കെയായിരുന്നെങ്കിലും ബദൽരേഖയുടെ പിന്നിലെ ബുദ്ധികേന്ദ്രം ഇ.കെ. നായനാരായിരുന്നു. അതിനാൽ നായനാർ പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിനും ദേശീയ നേതൃത്വത്തിനും ഒരുപോലെ അനഭിമതനായിരുന്നു. 1987 ലെ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാലും നായനാർ മുഖ്യമന്ത്രിയാവില്ലെന്ന പൊതുധാരണ നിലനിന്നിരുന്നു. അതുകൊണ്ടുകൂടിയാണ് പാർട്ടിക്കാരടക്കമുള്ളവർ ഗൗരിഅമ്മ മുഖ്യമന്ത്രിയാകുമെന്ന വിശ്വാസത്തിലെത്തിയത്. കെ.ആർ. ഗൗരി ഭരിച്ചീടും എന്ന മുദ്രാവാക്യം പോലെ ബദൽരേഖ അവതരണവുമായി ബന്ധപ്പെട്ട ചിന്താഗതിയും ജനങ്ങളെ സ്വാധീനിച്ചിരുന്നു. ഇൗ മുദ്രാവാക്യവും അന്നത്തെ പ്രത്യേക വൈകാരിക സാഹചര്യവും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്ന് വ്യക്തം. തിരുവിതാംകൂർ ഭാഗത്താണ് ഇടതു മുന്നണിക്ക് വലിയ വിജയം നേടാനായത്. തിരുവിതാംകൂർ - കൊച്ചി മേഖലയിൽ പ്രത്യേകിച്ച് തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഭാഗത്ത് ഇടതുമുന്നണി കനത്ത വിജയം നേടി. തിരുവനന്തപുരത്ത് എം.എം. ഹസനും കൊല്ലത്ത് ആർ. ബാലകൃഷ്‌ണപിള്ളയും മാത്രമാണ് യു.ഡി.എഫിൽ നിന്ന് ജയിച്ചത്. മന്ത്രിമാരടക്കമുള്ള പല യു.ഡി.എഫ് നേതാക്കന്മാരും പരാജയപ്പെട്ടു. അതേസമയം മലബാറിൽ എൽ.ഡി.എഫിന് ഉദ്ദേശിച്ച വിജയം നേടാനായില്ല. പാലക്കാട് ജില്ലയിലൊക്കെ എൽ.ഡി.എഫ് തോറ്റു. പാലക്കാട്, ഒറ്റപ്പാലം, പട്ടാമ്പി തുടങ്ങി സ്ഥിരമായി ജയിക്കുന്ന സീറ്റുകൾ നഷ്ടമായി. മലപ്പുറം ജില്ലയിൽ ഒരു സീറ്റിൽപ്പോലും ജയിച്ചില്ല. കാസർകോട് ജില്ലയിലും പ്രതീക്ഷിക്കാത്ത പരാജയമുണ്ടായി. തിരുവിതാംകൂർ മേഖലയുടെ ശക്തി തെളിയിച്ച തിരഞ്ഞെടുപ്പു കൂടിയായിരുന്നു അത്. ഇത്രയും സാഹചര്യങ്ങൾ അനുകൂലമായിരുന്നതിനാൽ എല്ലാ പത്രങ്ങളും ഗൗരിഅമ്മ മുഖ്യമന്ത്രിയാകുമെന്ന രീതിയിലാണ് വാർത്ത നൽകിയത്. പക്ഷേ, വീണ്ടും ഇ.കെ. നായനാർ തന്നെയാണ് മുഖ്യമന്ത്രിയായത്. ഇതെങ്ങനെ സംഭവിച്ചെന്ന് ചോദിച്ചാൽ അപ്പോഴും പാർട്ടിയിൽ നായനാർ തന്നെയാണ് ഉയർന്ന പദവി വഹിച്ചിരുന്നതെന്നാണ് ഉത്തരം. അദ്ദേഹം കേന്ദ്ര കമ്മിറ്റിയംഗമായിരുന്നു. 1987 ആകുമ്പോഴേക്കും ഗൗരിഅമ്മ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയിരുന്നു. പദവിവച്ചു നോക്കുമ്പോൾ നായനാരാണ് ഉയർന്ന സ്ഥാനത്തുണ്ടായിരുന്നത്. ബദൽരേഖ അവതരിപ്പിച്ചതിന്റെ പേരിൽ പഴി വാങ്ങേണ്ടി വന്നതുകൊണ്ട് രാഷ്ട്രീയമായി നായനാരും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കണ്ണൂർ ലോബിയും ദുർബലമായി. അങ്ങനെയൊരു ദൗർബല്യം കൂടി മുൻനിറുത്തിയാണ് നായനാരെ മുഖ്യമന്ത്രിയാക്കാൻ പാർട്ടി തീരുമാനിച്ചത്. ദുർബലനായ നായനാരെ മുഖ്യമന്ത്രിയാക്കിയാൽ അദ്ദേഹം പാർട്ടിക്ക് കൂടുതൽ വിധേയനാകുമെന്ന് പാർട്ടിയെ നയിച്ചിരുന്ന തിരുവിതാംകൂർ ഭാഗത്തുള്ള നേതാക്കന്മാർ ഉൾപ്പെടെയുള്ളവർ കണക്കുകൂട്ടി. ശക്തിക്ഷയിച്ച് ദുർബലനായ നായനാരെ മുഖ്യമന്ത്രിയാക്കുന്നതാണ് തന്റേടിയായ ഗൗരിമ്മയെ മുഖ്യമന്ത്രിയാക്കുന്നതിനേക്കാൾ പാർട്ടിയെ നയിക്കുന്നവർക്ക് അഭികാമ്യം എന്നൊരു തിരിച്ചറിവ് അവരുടെ ഭാഗത്തുണ്ടായെന്നു വേണം കരുതാൻ. പാർട്ടി സെക്രട്ടറിയായിരുന്ന വി.എസ്. അച്യുതാനന്ദൻ, പോളിറ്റ് ബ്യൂറോ അംഗമായിരുന്ന ബാലാനന്ദൻ, എം.എം. ലോറൻസ്, കെ.എൻ. രവീന്ദ്രനാഥ് തുടങ്ങി തിരുവിതാംകൂർ ഭാഗത്തെ നേതാക്കന്മാർ ഗൗരിഅമ്മയെക്കാൾ ഇ.കെ. നായനാരെ തിരിച്ചു കൊണ്ടുവരാനാണ് താത്പര്യപ്പെട്ടത്. അന്ന് ഗൗരിഅമ്മയ്ക്ക് വേണ്ടി ആരും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലോ സംസ്ഥാന കമ്മിറ്റിയിലോ അഭിപ്രായം പറഞ്ഞില്ലെന്നാണ് മനസിലാക്കുന്നത്. ഏതായാലും ഗൗരിഅമ്മയ്ക്ക് അവർ വഞ്ചിക്കപ്പെട്ടതായി തോന്നി. പാർട്ടിയെ സ്നേഹിക്കുന്ന വളരെയധികം ആളുകൾക്കും ഇതേ വികാരമുണ്ടായി. മാർക്സിസ്റ്റ് പാർട്ടിയുടെ ഇരുമ്പു ചട്ടക്കൂട് നിലനില്‌ക്കുന്നതിനാൽ അഭിപ്രായങ്ങളൊന്നും ആ ഘട്ടത്തിൽ പുറത്തുവന്നില്ല. പിന്നീടാണ് പാർട്ടിക്കകത്ത് വിഭാഗീയത ശക്തിപ്പെടുകയും ഇ.കെ. നായനാരുടെയും അച്യുതാനന്ദന്റെയും നേതൃത്വത്തിൽ രണ്ടു ശക്തമായ ചേരികളുണ്ടാവുകയും ചെയ്തത്. അത് പല ബലപരീക്ഷണങ്ങളിലേക്ക് പോവുകയും ഇതിന്റെയൊക്കെ ഇരയായി ഗൗരിഅമ്മ പാർട്ടിയിൽ നിന്ന് പുറത്തു പോകേണ്ടി വരികയും ചെയ്തപ്പോഴാണ് അന്തർനാടകങ്ങളൊക്കെ പുറത്തു വന്നത്. ഇ.എം.എസ് നമ്പൂതിരിപ്പാടാണ് ഗൗരിഅമ്മ മുഖ്യമന്ത്രിയാകുന്നത് തടഞ്ഞതെന്നും അതിന് അദ്ദേഹത്തിന്റെ ജാതിചിന്ത കാരണമായിട്ടുണ്ടെന്നുമൊരു തിയറി പലയാളുകളും പ്രചരിപ്പിക്കുന്നുണ്ട്, പ്രത്യേകിച്ചു മാർക്സിസ്റ്റ് പാർട്ടിയെ താഴ്‌ത്തിക്കെട്ടാൻ താത്പര്യമുള്ളവർ. ഞാൻ മാർക്‌സിസ്റ്റ് പാർട്ടിയോടു വലിയ വിധേയത്വമോ കൂറോ ഭക്തിയോ ഉള്ളയാളല്ല. എങ്കിലും ഇൗ ആരോപണം ശരിയാണെന്ന് തോന്നുന്നില്ല. ഇൗഴവ സമുദായാംഗമായ ടി.കെ. രാമകൃഷ്‌ണന്റെ പേരാണ് 1980 ൽ ഇ.എം.എസ് നമ്പൂതിരിപ്പാട് മുന്നോട്ടു വച്ചത്. ഇൗഴവസമുദായാംഗം തന്നെയായ സുശീലാ ഗോപാലന്റെ പേരാണ് 1996 ൽ നമ്പൂതിരിപ്പാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. രണ്ടു നിർദ്ദേശങ്ങളും ഫലവത്തായില്ലെന്നതു വേറേ കാര്യം. പക്ഷേ, ഗൗരിഅമ്മയെ മുഖ്യമന്ത്രിയായി കാണാൻ ഇ.എം.എസ് താത്പര്യപ്പെട്ടിരുന്നില്ലെന്നതു സത്യമാണ്. കാരണം അവർ ഇൗഴവ സമുദായാംഗമായിരുന്നതു കൊണ്ടല്ല, ഗൗരിഅമ്മയുടെ താൻപോരിമയും തന്റേടവും 'ബഹുമാനിയാ, ഞാനാരെയും തൃണവൽ' എന്ന മനോഭാവവും ഇ.എം.എസിനും അന്നത്തെ പാർട്ടിയിലെ പ്രമുഖ നേതാക്കന്മാർക്കും സഹിക്കാവുന്നതിനും അപ്പുറമായിരുന്നു . അതുകൊണ്ടാണ് ഗൗരിഅമ്മ മുഖ്യമന്ത്രിയാകാതെ പോയത്. സൗമ്യനും സരസനുമായ നായനാർ മുഖ്യമന്ത്രിയാകുന്നതായിരുന്നു ഘടകകക്ഷി നേതാക്കന്മാർക്കും താത്പര്യം. ഗൗരിഅമ്മയായിരുന്നു മുഖ്യമന്ത്രിയെങ്കിൽ ഇവരോടൊക്കെയുള്ള സമീപനം ഏതു രീതിയിലാവുമായിരുന്നു എന്നതു ചിന്തനീയമാണ്. ശ്രീമതി ഗൗരിഅമ്മ കേരളത്തിന്റെ മുഖ്യമന്ത്രിയായില്ലെന്നതു ഖേദകരമായ കാര്യമാണ്. മുഖ്യമന്ത്രിയായിരുന്നെങ്കിൽ കേരളം കണ്ട ഏറ്റവും ശക്തയായ ഭരണാധികാരിയായി മാറുമായിരുന്നു. മുഖ്യമന്ത്രിയാകാഞ്ഞത് അവരുടെ നഷ്ടമെന്നതിലുപരി കേരളത്തിന്റെ നഷ്ടമായി വിലയിരുത്താനാണ് എനിക്കിഷ്ടം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K R GOURIAMMA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.