ബീജിംഗ് : ചൊവ്വയുടെ ഉപരിതലത്തിൽ വിജയകരമായി സുറോംഗ് റോവര്‍ ഇറക്കി ചൈന. ഇന്നലെ ചൈനീസ് സമയം രാവിലെ 7.18നായിരുന്നു റോവർ ഇറങ്ങിയതെന്നാണ് വിവരം. മൂന്ന് മാസത്തോളം ചൊവ്വയെ വലംവച്ച ശേഷമാണ് ടിയാൻവെൻ-1 ബഹിരാകാശ പേടകത്തിൽ നിന്ന് സുറോംഗ് റോവറിനെ ചൈനീസ് നാഷണൽ സ്പേസ് അഡ്മിനിസ്ട്രഷൻ ചൊവ്വയുടെ ഉപരിതലത്തിൽ ഇറക്കിയത്.
മുൻപ് ചൈന വിജയകരമായി ചന്ദ്രനിൽ റോവര്‍ ഇറക്കിയിട്ടുണ്ട്. എന്നാൽ ചന്ദ്രോപരിതലത്തെ അപേക്ഷിച്ച് ചൊവ്വയുടെ ഗുരുത്വാകര്‍ഷണവും അന്തരീക്ഷ താപനിലയും വളരെ കൂടുതലാണ്. അതിനാൽ തന്നെ ഏറെ ദുഷ്കരമായ ചൊവ്വാ ദൗത്യം പൂര്‍ത്തിയാക്കിയതോടെ ബഹിരാകാശ രംഗത്ത് ചൈന ഒരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുന്നു.
കഴിഞ്ഞ വർഷം ജൂലായ് 23നാണ് ടിയാൻവെൻ 1 ബഹിരാകാശ പേടകം ചൊവ്വാ ദൗത്യം ആരംഭിച്ചത്. ഫെബ്രുവരി 24നാണ് ടിയാൻവെൻ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. തുടർന്ന് മൂന്ന് മാസത്തോളം ചൊവ്വയെ വലംവച്ച ശേഷം ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി.
ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ചൈനീസ് ബഹിരാകാശ ഗവേഷണ സംഘത്തെ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗ് അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |