SignIn
Kerala Kaumudi Online
Thursday, 25 April 2024 8.25 PM IST

വേണ്ടത് തട്ടിക്കൂട്ടു പരിപാടിയല്ല

kk

പേരും പെരുമയും തലസ്ഥാന പദവിയുമൊക്കെയുള്ള തിരുവനന്തപുരം നഗരം ഒരൊറ്റ മഴയിൽത്തന്നെ വെള്ളക്കെട്ടായി മാറുന്ന പ്രതിഭാസം വർഷങ്ങളായി കണ്ടുവരുന്നതാണ്. ഇത്തവണയും പതിവു തെറ്റിയില്ല. ബുധനാഴ്ച ഉണ്ടായ പെരുമഴ നഗരത്തെയും പ്രാന്തപ്രദേശങ്ങളെയും വെള്ളത്തിലാക്കി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കൂടി മഴ തുടർന്നതോടെ പല ഭാഗങ്ങളിലും ജനജീവിതം ദുസഹമായി. സ്ഥിരം വെള്ളക്കെട്ടു രൂപപ്പെടാറുള്ള നഗരഭാഗങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമായി. ലോക്ക് ഡൗണായതു കൊണ്ടു മാത്രമാണ് ആളുകൾ കെടുതികളിൽ നിന്നു രക്ഷപ്പെട്ടതെന്നു പറയാം.

പ്രകൃതി ഒരുക്കിയ സ്വാഭാവിക ജലനിർഗമന മാർഗങ്ങൾ ഏറെയുള്ള നഗരമാണു തിരുവനന്തപുരം. ചെറിയൊരു മഴ പെയ്താൽ തമ്പാനൂരും ചാലയും പഴവങ്ങാടിയും കരമനയാറ്റിന്റെ തീരവുമെല്ലാം വെള്ളക്കെട്ടാകും. തോടുകളും ആറുകളുമെല്ലാം മാലിന്യം നിറഞ്ഞുകവിഞ്ഞ് ഒഴുക്ക് തടസപ്പെട്ട നിലയിലാണ്. ഓരോ വർഷവും മഴക്കാല പൂർവ ശുചീകരണമെന്ന പേരിൽ ഒരു പ്രഹസനം അരങ്ങേറാറുണ്ട്. കരാറെടുക്കുന്നവർക്കും മേൽനോട്ടം വഹിക്കുന്നവർക്കുമല്ലാതെ മറ്റാർക്കും യാതൊരു പ്രയോജനവും ചെയ്യാത്ത വെറുമൊരു തട്ടിക്കൂട്ടു പരിപാടി. നഗരത്തിലെ വെള്ളക്കെട്ടു സഹിച്ചു സഹികെട്ടപ്പോഴാണ് ബിജുപ്രഭാകർ കളക്ടറായിരുന്ന കാലത്ത് 'ഓപ്പറേഷൻ അനന്ത" പദ്ധതിയുടെ ഒന്നാംഘട്ടം അരങ്ങേറിയത്. നല്ല നിലയിൽത്തന്നെ ഒന്നാംഘട്ടം പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ ശാശ്വത പരിഹാരമുണ്ടാകണമെങ്കിൽ രണ്ടാംഘട്ടവും പൂർത്തീകരിക്കേണ്ടത് അനിവാര്യമായിരുന്നു. അതുണ്ടായില്ല. സ്ഥാപിത താത്‌പര്യങ്ങൾക്കു മുൻപിൽ പദ്ധതി നിലച്ചുപോയി. ഓരോ വലിയ മഴപെയ്തു തീരുമ്പോഴും നഗരത്തിലെ പ്രധാന ഭാഗങ്ങൾ വെള്ളത്തിൽത്തന്നെ. എടുത്തുപറയേണ്ടത് ഇതിന്റെ മൂലകാരണമെന്തെന്ന് ഏവർക്കും നന്നായി അറിയാമെന്നതുതന്നെ. ആസൂത്രണം ചെയ്തതുപോലെ ഓപ്പറേഷൻ അനന്തയുടെ രണ്ടാംഘട്ടം നടന്നിരുന്നെങ്കിൽ വലിയ മാറ്റം ഉണ്ടായേനെ. ഒപ്പം തന്നെ മഴക്കാലത്തിനു തൊട്ടുമുൻപു മാത്രമല്ല വർഷത്തിൽ പലതവണ ഓവുചാലുകളും തോടുകളുമൊക്കെ മാലിന്യങ്ങൾ നീക്കംചെയ്തു സൂക്ഷിക്കാനുള്ള സ്ഥിരം സംവിധാനവും വേണ്ടതാണ്. വലിയ തോടുകളെല്ലാം പാഴ്‌വസ്തുക്കളാൽ നിറഞ്ഞു മൂടിയാണ് കിടക്കുന്നത്. വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്ക് തടസപ്പെടുന്നതാണ് ഒറ്റ മഴയിൽത്തന്നെ വെള്ളക്കെട്ടു രൂപപ്പെടാൻ കാരണമാകുന്നത്. അനേക വർഷങ്ങളായി ഈ കെടുതിയിൽ നഗരവാസികൾ ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അധികൃതർ അനങ്ങുന്നില്ലെന്നു മാത്രം. കഴിഞ്ഞ ദിവസത്തെ മഴയിൽ ചാല മാർക്കറ്റിലെ ഒട്ടുമിക്ക കടകളിലും വെള്ളം കയറി. ലോക്ക്‌ഡൗണിൽ കടകൾ അടഞ്ഞുകിടക്കുന്നതിനാൽ ഓരോ കടയ്ക്കും എത്ര നഷ്ടമുണ്ടായെന്നറിയാൻ തുറക്കും വരെ കാത്തിരിക്കണം. ചാലയ്ക്ക് പൈതൃകഭാവം പകരാനുള്ള പദ്ധതിയെക്കുറിച്ച് ഇപ്പോൾ ഒന്നും കേൾക്കുന്നില്ല.

നഗരാസൂത്രണ വകുപ്പും നഗരസഭയുമൊക്കെ ചേർന്ന് വെള്ളക്കെട്ടിൽ നിന്ന് തലസ്ഥാന നഗരിയെ രക്ഷിക്കാൻ പുതിയൊരു കർമ്മപദ്ധതി തയ്യാറാക്കുകയാണ് വേണ്ടത്. വിദഗ്ദ്ധർ മനസുവച്ചാൽ എളുപ്പം പരിഹാരം ഉണ്ടാക്കാവുന്ന കാര്യമാണിത്. നിത്യേന നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ഓവുചാലുകൾ കൂടി വൃത്തിയായി വയ്ക്കാൻ കഴിയണം. കൃത്യമായ ഇടവേളകളിൽ തോടുകളും കൈവഴികളുമൊക്കെ മാലിന്യമുക്തമാക്കണം. സുഗമമായി വെള്ളം ഒഴുകാൻ പാകത്തിൽ അവ വെടിപ്പായി സൂക്ഷിക്കാൻ നടപടിയുണ്ടാകണം. കാട്ടിക്കൂട്ടലുകൾക്കപ്പുറം ഫലദായകമായ കർമ്മപദ്ധതികളാണ് ആവശ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.