Kerala Kaumudi Online
Monday, 27 May 2019 4.31 PM IST

'രണ്ടു മിനിട്ട് മതി ഒരു ഉഗ്രൻ കഥയുണ്ട്....

vijay-babu

തൊട്ടതെല്ലാം പൊന്നാക്കുക എന്ന വാക്ക് അന്വർത്ഥമാകുന്നത് വിജയ് ബാബുവിനെ പോലുള്ള വ്യക്തികൾക്ക് മുന്നിലാണ്. നടനായും നിർമ്മാതാവായും ഒക്കെ തിളങ്ങിയ വിജയ് ബാബുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ജൂൺ. സാന്ദ്രാ തോമസുമായി ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസ് എന്ന പ്രൊഡക്ഷൻ ഹൗസിനു രൂപം നൽകിയപ്പോൾ മികച്ച സിനിമകൾ സമ്മാനിക്കുക എന്ന ഒറ്റ ലക്ഷ്യമേ വിജയ് ബാബുവിനുണ്ടായിരുന്നുള്ളൂ. ഒരു വർഷം തന്നെ മൂന്നും നാലും സിനിമകൾ അനൗൺസ് ചെയ്യുന്നതിലേക്ക് ആ സംരംഭം വളർന്നത് പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായതുകൊണ്ടാണ്. ഏഴു വർഷത്തിനിടെ 12 സിനിമകൾ ഒരുക്കി. അതിൽ പത്തും പുതുമുഖ സംവിധായകരായിരുന്നു എന്നതാണ് ശ്രദ്ധേയം.

അതേക്കുറിച്ച് ചോദിച്ചാൽ ഒരു പൊട്ടിച്ചിരിയോടെ വിജയ് ബാബു ഇങ്ങനെ പറയും: 'അത് മനഃപൂർവം ചെയ്യുന്നതല്ല. യാദൃച്ഛികമായി സംഭവിച്ചു പോകുന്നതാണ്. പുതുമുഖങ്ങളാകുമ്പോൾ നമുക്ക് സംവദിക്കാൻ എളുപ്പമാണ്. പണം മാത്രം നൽകി ബിസിനസ് നോക്കി പോകുന്ന ഒരു പ്രൊഡ്യൂസറല്ല ഞാൻ. തുടക്കം മുതൽ സിനിമയുടെ ചിത്രീകരണത്തിലും മറ്റും കൃത്യമായി ഇൻവോൾവ് ചെയ്യണമെന്ന് നിർബന്ധമുള്ളയാളാണ്. സീനിയറായ ഒരു സംവിധായകനോട് നമ്മുടെ നിർദ്ദേശങ്ങൾ പറയാൻ കഴിയില്ല. എല്ലാവരുമല്ല. ചിലർക്കെങ്കിലും അത് ഇഷ്ടപ്പെടണമെന്നില്ല. എന്നെ ഉപദേശിക്കാൻ ഇവനാരാടാ എന്ന് ചിന്തിച്ചേക്കാം. ഇവിടെ അങ്ങനെയൊരു പ്രശ്നം ഉയരുന്നില്ല.

ഇപ്പോൾ ജൂണിന്റെ കഥ പറയാൻ അഹമ്മദ് കബീർ എന്നെ സമീപിച്ചപ്പോൾ ഞാൻ ഒറ്റക്കാര്യമേ പറഞ്ഞുള്ളൂ. പിന്നണി പ്രവർത്തകരെ എനിക്കുകൂടി ബോധ്യപ്പെടണം. ഓ.കെയല്ലെങ്കിൽ മാറ്റാനുള്ള അധികാരം എനിക്കുണ്ടാകും എന്ന്. പക്ഷേ അഹമ്മദ് കൊണ്ടുവന്നവർ തന്നെ അതിന് അനുയോജ്യർ എന്ന് ബോധ്യപ്പെട്ടപ്പോൾ ഞാൻ ഓ.കെ പറയുകയായിരുന്നു. എല്ലാ സിനിമയിലും അങ്ങനെതന്നെയാണ്.

പ്രേക്ഷകനെപ്പോലെ

മുന്നിലൊരു കഥയെത്തുമ്പോൾ കേൾക്കാനിരിക്കുന്നത് പ്രേക്ഷകന്റെ മനോഭാവവുമായാണ്. അതിനുശേഷം മാത്രമേ പ്രൊഡ്യൂസർ എന്ന നിലയിൽ ചിന്തിക്കൂ. കഴിഞ്ഞ 20 വർഷമായി എന്റർടെയ്ൻമെന്റുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നത്. ഒരു ബിൽഡറോ ബിസിനസ്‌മാനോ ഒന്നും ആയിരുന്നില്ല. അതുകൊണ്ടു തന്നെ പ്രേക്ഷകർ ഇഷ്ടപ്പെടുന്നതെന്താണെന്ന് കുറച്ചൊക്കെ മനസിലാകും. സിനിമയിലെത്തിയിട്ട് എട്ടു വർഷം കഴിഞ്ഞു. നിർമ്മാണ രംഗത്ത് ഇത് ഏഴു കൊല്ലം. ദിവസവും നിരവധി പേരാണ് കഥ പറയാൻ മാത്രമായി മുന്നിലെത്തുന്നത്. പാസ്പോർട്ടിൽ സീൽ വയ്ക്കാൻ പോയാൽ എമിഗ്രേഷൻ ഓഫീസറും ഹോട്ടലിൽ പോകുമ്പോൾ വെയിറ്ററും ഒക്കെ രഹസ്യമായി പറയാറുണ്ട്. 'രണ്ടു മിനിട്ട് മതി ഒരു ഉഗ്രൻ കഥയുണ്ട്. പറയട്ടെ" എന്ന്. അതൊക്കെ നമ്മുടെ ഹാർഡ്‌‌വർക്കിനു കിട്ടുന്ന അംഗീകാരങ്ങളാണ്. അത്തരത്തിൽ എത്രയോ നല്ല ത്രെഡുകൾ കിട്ടിയിട്ടുണ്ടെന്നോ.

കോളെടുത്തില്ലെങ്കിൽ അഹങ്കാരി

ഇൻഡസ്ട്രിയിൽ എന്റെ നമ്പർ കിട്ടുകയെന്നത് ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല. ആര് കോൾ ചെയ്താലും ഞാൻ എടുക്കും. അല്ലെങ്കിൽ അഹങ്കാരിയെന്ന പേരുവീഴും. അതിൽ കൂടുതലും കഥ പറയാൻ സമയം ചോദിച്ച് വിളിക്കുന്നവരായിരിക്കും. കേരളത്തിൽ സ്വന്തമായി ഓഫീസുള്ള പ്രൊഡക്ഷൻ ഹൗസാണ് ഞങ്ങളുടേത്. അതുകൊണ്ടു തന്നെ ആളുകൾ ഓഫീസിലേക്ക് വരാറുണ്ട്. പക്ഷേ വരുന്നവരിൽ ഒരു നല്ല കഥയും കെട്ടുറപ്പുള്ള തിരക്കഥയും വേണമെന്ന് നിർബന്ധമാണ്.

എല്ലാ സിനിമയിലും അഭിനയിക്കില്ല

നിർമ്മിക്കുന്ന എല്ലാ സിനിമയിലും അഭിനയിക്കണമെന്ന വാശി ഒരിക്കലുമില്ല. ഇപ്പോൾ ഞാൻ നിർമ്മിച്ച 5 സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. ജൂണിൽ അഭിനയിക്കണമെങ്കിൽ ഒന്നുകിൽ രജീഷയ്ക്കൊപ്പം സ്കൂൾ കുട്ടിയാകണം. അല്ലെങ്കിൽ രജീഷയുടെ അച്ഛനാകണം. രണ്ടിനും എനിക്ക് പ്രായം തികയില്ല (പൊട്ടിച്ചിരിക്കുന്നു), അല്ല പ്രേക്ഷകർക്ക് അത് അംഗീകരിക്കാനാവില്ല (വീണ്ടും ചിരിക്കുന്നു). ഞാൻ വെറുതേ പറഞ്ഞതാ കേട്ടോ. നമുക്കിണങ്ങുന്ന കഥാപാത്രങ്ങൾ സ്വീകരിക്കുന്നതല്ലേ നല്ലത്.

രണ്ടാമത്തെ സിനിമയോട് നോ

ഞങ്ങൾ പരിചയപ്പെടുത്തിയ സംവിധായകരുടെയൊന്നും രണ്ടാമത്തെ സിനിമ എടുത്തിട്ടില്ല. അവർ മറ്റൊരു പ്രൊഡക്ഷനു കീഴിൽ പ്രവർത്തിക്കുന്നതിന്റെ ഒരു എക്സ് പീരിയൻസ് കൂടി വേണമല്ലോ. അതിനൊരപവാദം മുത്തുഗൗ എടുത്ത വിപിൻദാസ് മാത്രമാണ്. വിപിന്റെ അടുത്ത ചിത്രവും ഫ്രൈഡേ ഫിലിംസാണ് നിർമ്മിക്കുക. ഇതോടൊപ്പം ഒരു കോമഡി ചിത്രം, ജയസൂര്യയുമൊത്ത് ഒരു സബ്ജക്ട്. ഇവയെല്ലാം ചർച്ചയിലുണ്ട്. ഈ വർഷം അവസാനത്തോടെ ആട് 3 തുടങ്ങണമെന്നാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം കോട്ടയം കുഞ്ഞച്ചൻ 2, അടി​ കപ്യാരേ കൂട്ടമണി​ 2, ഫിലിപ്പ്സ് ആൻഡ് ആ മങ്കിപ്പെൻ 2 എന്നിവയുമുണ്ട്.

കഥയാണ് താരം

സിനിമ വലിയ മാറ്റത്തിന്റെ പാതയിലാണെന്ന് നിസംശയം പറയാം. മലയാള സിനിമയുടെ ഗോൾഡൻ പിരീഡ് എന്നു പറയുന്നത് 80-90കളാണ്. ആ കാലഘട്ടത്തിൽ കഥയായിരുന്നു താരം. ആ കാലഘട്ടമാണ് ഇപ്പോൾ തിരിച്ചുവരുന്നത്. അതിന്റെ ചില ലക്ഷണങ്ങൾ കാണുന്നുണ്ട്. സിനിമകളെല്ലാം തിയേറ്ററിൽ പോയി കാണുന്നയാളാണ്. അത് പ്രേക്ഷകന്റെ പൾസ് മനസിലാക്കിത്തരും.

വായന വേണം

പുതിയ തലമുറയ്ക്ക് വായനയെക്കാൾ കൂടുതൽ പ്രിയം ടെലിവിഷനും ഇന്റർനെറ്റുമൊക്കെ കാണുന്നതാണ്. പക്ഷേ വായന വേണമെന്നാണ് എന്റെ അഭിപ്രായം. വായിക്കുമ്പോഴാണ് ഇമാജിൻ ചെയ്യാനുള്ള കഴിവ് ലഭിക്കുന്നത്. ഒരു ക്രിയേറ്റർക്ക് ഇമാജിൻ അത്യാവശ്യമാണ്.

കഥാപാത്രങ്ങളുടെ പേരിൽ

മിക്ക സിനിമയിലെയും കഥാപാത്രങ്ങളുടെ പേരിൽ തന്നെയാണ് താരങ്ങൾ ഇപ്പോഴും അറിയപ്പെടുന്നത് എന്നത് നിർമ്മാതാവെന്ന നിലയിൽ എന്നെ സന്തുഷ്ടനാക്കുന്നു. ജയസൂര്യയെ പലരും ഷാജി പാപ്പനെന്നാണ് വിളിക്കാറ്. എന്നെ സർബത്ത് ഷമീറേന്നും പപ്പൻ സാറേയെന്നും വിളിക്കാറുണ്ട്. അതുപോലെ ജൂണിലെ പലരെയും അസുരായെന്നും മൊട്ടച്ചിയെന്നും നോയലെന്നുമൊക്കെയാണ് വിളിക്കുന്നത്. അവരൊക്കെ ആ കഥാപാത്രങ്ങളായി ജീവിക്കുന്നതു കൊണ്ടാണ് പ്രേക്ഷകർ അത്തരത്തിൽ വിളിച്ച് അംഗീകരിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: INTERVIEW WITH VIJAY BABU
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY