കൊച്ചി: കർണാടകത്തിലെ മംഗളൂരു തീരത്തിനു സമീപം പാറക്കെട്ടിലിടിച്ച് തകരാറിലായ ടഗിലെ ഒൻപത് ജീവനക്കാരിൽ നാലുപേരെ കൊച്ചിയിൽ നിന്നെത്തിയ നാവിക ഹെലികോപ്ടറും മറ്റുള്ളവരെ കോസ്റ്റ്ഗാർഡും രക്ഷിച്ചു. ചുഴലിക്കാറ്റിൽ നിയന്ത്രണം വിട്ട ടഗ് പാറക്കെട്ടിലിടിച്ച് തകർന്നു. ഇന്നലെ പുലർച്ചെയാണ് കോറമാൻഡൽ സപ്പോർട്ടർ 11 എന്ന ടഗ് അപകടത്തിൽപ്പെട്ടത്. കൊച്ചി നാവികത്താവളത്തിൽ നിന്നെത്തിയ എ.എൽ.എച്ച് ഹെലികോപ്ടർ ടഗിൽ കുടുങ്ങിക്കിടന്ന നാലുപേരെ രക്ഷപ്പെടുത്തി മംഗളൂരു വിമാനത്താവളത്തിൽ എത്തിച്ചു. കടലിൽ വീണവരെ കോസ്റ്റ്ഗാർഡിന്റെ വരാഹ കപ്പലും രക്ഷിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ആർക്കും സാരമായ പരിക്കില്ല.അപകട സന്ദേശം ലഭിച്ച ഉടനെ കൊച്ചിയിൽനിന്ന് ഹെലികോപ്ടർ മംഗളൂരുവിലെത്തി. കനത്തമഴയും കൊടുങ്കാറ്റുംമൂലം പ്രതികൂലമായ കാലാവസ്ഥയിലും ദൗത്യം വിജയകരമായി പൂർത്തിയാക്കിയെന്ന് നാവിക വക്താവ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |