വെള്ളരിക്കുണ്ട്: വാഹന പരിശോധനക്കിടെ സംശയാസ്പദ സാഹചര്യത്തിൽ കണ്ട കാറിനെ പിന്തുടർന്ന വെള്ളരിക്കുണ്ട് പൊലീസ് കാലിച്ചാനടുക്കത്ത് വച്ച് 200 ലിറ്റർ വിദേശമദ്യം പിടികൂടി. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇടത്തോട് വച്ച് കാറിനെ പിന്തുടർന്ന പൊലീസ് സംഘം അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാലിച്ചാനടുക്കത്ത് വച്ച് കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാർ ഡ്രൈവർ ഓടിരക്ഷപ്പെട്ടു.
ശനിയാഴ്ച രാത്രി 11.30 ഓടെയാണ് ഇടത്തോട്- നീലേശ്വരം റോഡിൽ നൈറ്റ് പെട്രോളിംഗ് നടത്തുകയായിരുന്ന വെള്ളരിക്കുണ്ട് എസ് .ഐ. ബാബുമോൻ അമിത വേഗതയിൽ വരികയായിരുന്ന കാർ നിർത്താൻ ആവശ്യപ്പെട്ടത്. നിർത്താതെ പോയതിൽ സംശയം തോന്നിയ പൊലീസ് കാറിനെ പിന്തുടർന്നു. കാലിച്ചാനടുക്കത്ത് വച്ച് ഇടവഴിയിലേക്ക് തിരിഞ്ഞ കാർ നിയന്ത്രണം വിട്ട് കൈയ്യാലയിൽ ഇടിച്ചതോടെ ഡ്രൈവർ ഓടിമറഞ്ഞു. കാർ പരിശോധിച്ചപ്പോൾ പിൻ സീറ്റിലും. ഡിക്കിയിലുമായി കാർഡ്ബോർഡ് ബോക്സുകളിൽ ഒളിപ്പിച്ച 200 ലിറ്ററോളം കർണാടക നിർമിത വിദേശ മദ്യം കണ്ടെത്തുകയായിരുന്നു. കാലിച്ചാനടുക്കം സ്വദേശിയായ കാറുടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |