SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.46 PM IST

വി എസിനൊപ്പം നിന്നപ്പോഴും പിണറായിയുടെ പ്രിയപ്പെട്ടവൻ, ഇടത് രാഷ്‌ട്രീയത്തിന്‍റെ മർമ്മമറിയുന്ന കാർട്ടൂണിസ്റ്റ് മന്ത്രിസഭയിലേക്ക്...

balagopal

​​​​കൊല്ലം: വിദ്യാർത്ഥി സംഘടനാ രംഗത്തിലൂടെ പാെതുപ്രവർത്തനമാരംഭിച്ച കെ എൻ ബാലഗോപാൽ സംസ്ഥാന മന്ത്രിസഭയിൽ അംഗമാകുന്നതിന്‍റെ സന്തോഷത്തിലാണ് കൊല്ലത്തുകാർ. പത്തനംതിട്ട കലഞ്ഞൂർ ശ്രീനികേതനിൽ പി കെ നാരായണപ്പണിക്കരുടെയും ഒ വി രാധാമണിയുടെയും മകൻ മന്ത്രി പദത്തിലേക്കുള്ള ഓരോ പടികളും ചവിട്ടിക്കയറിയത് കൊല്ലത്തെ മണ്ണിൽ കാലുറപ്പിച്ചാണ്. പഠനവും പോരാട്ടവുമായി കടന്നുവന്ന യൗവനമെന്നാണ് കെ എൻ ബാലഗോപാലിനെപ്പറ്റി പഴയ വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്.

ബിരുദ പഠനത്തിനായി പുനലൂർ എസ് എൻ. കോളേജിൽ എത്തിയപ്പോഴാണ് ബാലഗോപാൽ വിദ്യാർത്ഥി സംഘടനാ രംഗത്ത് ചുവടുറപ്പിച്ചത്. 1982ൽ പുനലൂർ എസ് എൻ കോളേജിൽ മാഗസിൻ എഡിറ്ററായി. തൊട്ടടുത്ത വർഷം തന്നെ കോളേജ് യൂണിയൻ ചെയർമാനായി. 1985ൽ എസ് എഫ് ഐ കൊല്ലം ജില്ലാ കമ്മിറ്റിയംഗമായതോടെ ജില്ലമുഴുവൻ അറിയപ്പെടുന്ന വിദ്യാർത്ഥി നേതാവായി മാറുകയായിരുന്നു ബാലഗോപാൽ.

അടിച്ചാൽ തിരിച്ചടിക്കുന്ന ചെറുപ്പക്കാരനായ ബാലഗോപാൽ സമരമുഖങ്ങളിൽ നിറഞ്ഞുനിന്നു. പൊലീസുമായി നിരവധി തവണ കയ്യാങ്കളിയുണ്ടായി. 1993ൽ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയായിരിക്കുന്ന വേളയിൽ തിരുവനന്തപുരത്ത് ഒമ്പത് ദിവസം നിരാഹാരം കിടന്നു. ഒമ്പതാം ദിവസം ബാലഗോപാലിന്‍റെ നേതൃത്വത്തിൽ എസ് എഫ് ഐ പ്രവർത്തകർ സെക്രട്ടറിയറ്റിലേക്ക് മാർച്ച് നടത്തി. പൊലീസിന്‍റെ ലാത്തിച്ചാർജിൽ ബാലഗോപാലിന്‍റെ കൈ ഒടിഞ്ഞു. ദിവസങ്ങളോളും ആശുപത്രിയിൽ കിടന്നശേഷം പ്ലാസ്റ്ററിട്ട കൈയുമായാണ് പരീക്ഷ ഹാളിലേക്ക് പോയത്. പലതവണ സമരങ്ങളുമായി ബന്ധപ്പെട്ട് ജയിലിൽ കിടന്നു.

പഠനത്തിലും ഒട്ടും പിന്നിലല്ലായാരുന്നു ബാലഗോപാൽ. പുനലൂർ എസ് എൻ.കോളേജിൽ നിന്ന് ബി കോം ബിരുദവും തിരുവനന്തപുരം എം ജി കോളേജിൽ നിന്ന് എം കോം ബിരുദവും സ്വന്തമാക്കിയത് ഉയർന്ന മാർക്കോടെയാണ്. തുടർന്ന് തിരുവനന്തപുരം ലാ അക്കാദമിയിൽ നിന്ന് നിയമ ബിരുദവും പിന്നീട് നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടി. പഠനശേഷം ദേശസാത്കൃത ബാങ്കിൽ ഉയർന്ന ജോലി ലഭിച്ചു. എന്നാൽ, വിദ്യാർത്ഥി സംഘടനാ രംഗത്ത് തുടരാനായിരുന്നു തീരുമാനം. പി എച്ച് ഡി എടുക്കണമെന്ന മോഹം മാത്രം നടന്നില്ല.

പാർട്ടിയിലെ വിഭാഗിയതയുടെ കാലത്ത് വി എസിന് ഒപ്പം നിന്നപ്പോഴും പിണറായിയുടെ പ്രിയപ്പെട്ടവനായിരുന്ന ബാലഗോപാൽ. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗമായി സംസ്ഥാനത്തെ പാർട്ടിയെ നയിക്കുമ്പോഴും പഴയ എസ് എഫ് ഐക്കാരനെന്ന് പറയുന്നതാണ് ബാലഗോപാലിന് ആവേശം. പണ്ട് ഒപ്പം കൊടിപിടിച്ച് സമരമുഖങ്ങളിൽ നിന്നിരുന്നവരുമായൊക്കെ ഇപ്പോഴും വലിയ സൗഹൃദം സൂക്ഷിക്കുന്നുമുണ്ട്. തിരഞ്ഞെടുപ്പുകാലത്ത് അവരെല്ലാം കൊട്ടാരക്കരയിൽ സജീവമായിരുന്നു.

കൊട്ടാരക്കരയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദിനംമുതൽ കെ എൻ ബാലഗോപാൽ മണ്ഡലത്തിൽ നിറഞ്ഞ് നിൽക്കുകയാണ്. കുട്ടിക്കാലംമുതൽ കാർട്ടൂൺ വരയ്ക്കുന്ന ശീലമുണ്ട് ബാലഗോപാലിന്. കോളേജ് മാഗസിനുകളിൽ അത് അച്ചടിച്ചിരുന്നു. പാർട്ടി സമ്മേളനങ്ങൾക്കിടയിലും മറ്റും കാർട്ടൂണുകൾ വരച്ച് ചിരിയ്ക്ക് വക നൽകിയിട്ടുണ്ട്. വെറുതെയിരിക്കുമ്പോഴൊക്കെ വരയ്ക്കുന്നതാണ് ഇഷ്ടം. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കിടയിലും പലതവണ കുട്ടികളും മറ്റും ആവശ്യപ്പെട്ടപ്രകാരം കാർട്ടൂണുകൾ വരച്ചിരുന്നു.

മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന ബാലഗോപാൽ രണ്ടായിരത്തി പത്തിൽ രാജ്യസഭാ എം പിയായി. രണ്ടായിരത്തി പതിനഞ്ചിലാണ് സി പി എം കൊല്ലം ജില്ലാ സെക്രട്ടറിയാകുന്നത്. 2018 മുതൽ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KN BALAGOPAL, CPM, KOLLAM, NEW PINARAYI CABINET
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.