SignIn
Kerala Kaumudi Online
Thursday, 25 April 2024 10.48 PM IST

അയ്യോ...ഭയ്യാ പോകല്ലേ...

bengali

കേരളത്തിന് പുറത്തേക്കുള്ള യാത്ര കഴിഞ്ഞ് തിരികെയെത്തുന്ന പലരും പറഞ്ഞു കേൾക്കാറുള്ള ഒരു പ്രയോഗമുണ്ട്- 'എല്ലാറ്രിനും ഒരു മലയാളി ടച്ച് ' . ശരിയാണ്, ലോകത്തിന്റെ ഏതു കോണിലായാലും മലയാളിയുണ്ടെങ്കിൽ അതിന്റേതായ ഒരു സാന്നിദ്ധ്യം രേഖപ്പെടുത്തലും ഉണ്ടാവും. ഭക്ഷണത്തിലാവാം താമസ സ്ഥലം ക്രമപ്പെടുത്തുന്നതിലാവാം ശുചീകരണത്തിലാവാം സംസാരത്തിലാവാം എന്തിനേറെ പൊങ്ങച്ചം പറച്ചിലിൽ വരെ ഈ മലയാളി ടച്ച് അങ്ങനെ കടന്നു കയറും.'നല്ല മൺചട്ടിയിൽ വറ്റൽ മുളകു പൊടിയും അല്പം ചെറിയ ഉള്ളിക്കീറും കുടംപുളിയും ശുദ്ധമായ വെളിച്ചെണ്ണയുമെല്ലാം ചേർത്ത് മീൻകറി വച്ച്, പച്ചവാഴയില കൊണ്ട് ചട്ടി മൂടിക്കെട്ടി , അടുത്ത ദിവസം വിളമ്പുമ്പോഴുള്ള കറിയുടെ രുചി വർണിക്കുന്നതു കേട്ടാൽ, വിശന്നിരിക്കുന്നവൻ ഉമിനീരിറക്കി വയറു നിറയ്ക്കും! അതും ഒരു കേരള ടച്ച്. കേരള ടച്ചിന്റെ മഹിമ വിളമ്പാനല്ല ഇതെല്ലാം പറഞ്ഞത്. മറ്റു പല നഷ്ടപ്പെടലുകളുടെ കൂട്ടത്തിൽ മലയാളി ടച്ചും നമുക്ക് നഷ്‌ടമാവുന്നു, പകരം ഇപ്പോൾ നമ്മുടെ പതിവ് 'ബംഗാളി ടച്ചാണ് '. ബംഗാളി എന്നു പ്രയോഗിച്ചത് പരിഹാസ രൂപത്തിലല്ല, മറിച്ച് മറുനാടുകളിൽ നിന്ന് കേരളത്തിലെത്തി ഇവിടുത്തെ തൊഴിൽ രംഗത്തെ ചലനാത്മകമാക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ സേവനം സ്മരിച്ചുകൊണ്ടാണ്. തുടക്കകാലം മുതലേ അന്യസംസ്ഥാന തൊഴിലാളികൾക്ക് പൊതുവായി നാം കൊടുത്ത ഓമനപ്പേരാണല്ലോ 'ബംഗാളികൾ'. കർണാടകക്കാരനും ഒ‌ഡീഷക്കാരനും യു.പി.ക്കാരുമെല്ലാം ബംഗാളി ഗണത്തിലായി .

തോളിൽ മുള ഏണിയും താങ്ങി, കേരളത്തിലെ വീട്ടുപറമ്പുകളിൽ തേങ്ങ അടർത്താനെത്തുന്ന തെങ്ങുകയറ്റ തൊഴിലാളികൾ സമൂഹ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഇപ്പോൾ ഏണി ഏന്തിയുള്ള അവരുടെ യാത്ര അന്യമാണ്. അണ്ണാൻ മരത്തിൽ കയറുന്ന വേഗത്തിൽ തെങ്ങിന് മുകളിലേക്ക് കയറി തേങ്ങയിട്ട ശേഷം അതേ വേഗത്തിൽ തിരികെ ഇറങ്ങി കരിക്ക് വെട്ടി നമുക്ക് നേരെ നീട്ടിയിട്ട് 'നാരിയൽ പാനി ' എന്നുപറയുമ്പോഴാണ് ആൾ ഇന്നാട്ടുകാരനല്ലെന്ന് നാം അറിയുന്നത്. പച്ചക്കറി കടയിൽ പടവലം ചൂണ്ടിക്കാട്ടി വേണമെന്ന് പറയുമ്പോൾ 'ബഡവളം' എന്ന് ചോദ്യമുന്നയിക്കുന്നതും അവരുടെ ട്രേഡ് മാർക്ക്. കഴിഞ്ഞ ആറേഴു വർഷത്തിനുള്ളിൽ കേരളത്തിലെ മിക്ക ഇറച്ചി സ്റ്റാളുകൾ, പച്ചക്കറി കടകൾ, ഇടത്തരം ഹോട്ടലുകൾ എന്നിവിടങ്ങളിലെല്ലാം ജീവനക്കാരായി നിൽക്കുന്നത് ഈ അന്യസംസ്ഥാന സഹോദരങ്ങളാണ്. ഏറെ ആയാസമുള്ള നിർമ്മാണ മേഖലയിലാണ് ഇവരുടെ അധിക സാന്നിദ്ധ്യം. കൂറ്റൻ കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, റെയിൽവെ ട്രാക്കുകൾ തുടങ്ങി കഷ്ടപ്പാടും അദ്ധ്വാനവും വേണ്ട തൊഴിലിടങ്ങളിലെല്ലാം അന്യസംസ്ഥാനക്കാരുണ്ട്, ഏത് ജോലിയും ചെയ്യാൻ തയ്യാറായി. എന്നിട്ടും അവരോട് നമ്മളിൽ പലർക്കും പുച്ഛം. ശരീരം വിയർക്കുന്നത് തീരെ ഇഷ്ടമല്ലെങ്കിലും മറ്റുള്ളവരെ പരിഹസിക്കാൻ നമുക്ക് ഒരു പ്രത്യേക വൈഭവമുണ്ടല്ലോ.

കൊവിഡ് നൽകിയ പാഠം

കേരളത്തിന്റേതെന്നല്ല , രാജ്യത്തിന്റെ തന്നെ നടുവൊടിച്ച മഹാമാരിയാണല്ലോ കൊവിഡ്. എങ്കിലും ഈ ദുരന്തം ചില പാഠങ്ങൾ നമ്മെ പഠിപ്പിച്ചു.സദ്യവട്ടവും ആൾക്കൂട്ടവുമില്ലാതെ വിവാഹം നടത്താം, വമ്പിച്ച ജനാവലിയുടെ സാന്നിദ്ധ്യമില്ലാതെ മരണാനന്തര ചടങ്ങുകൾ നടത്താം, പൊതുസമ്മേളനങ്ങളും രാഷ്ട്രീയ വിശദീകരണയോഗങ്ങളും ശക്തിപ്രകടനങ്ങളുമില്ലാതെ തിരഞ്ഞെടുപ്പ് നടത്താം, തെക്കുവടക്ക് ചുമ്മാ അലഞ്ഞു തിരിഞ്ഞ് നടക്കുന്നവർക്ക് വീട്ടിൽ അടങ്ങിയിരിക്കാം, കാലത്ത് തുള്ളി ഉള്ളിൽ ചെന്നില്ലെങ്കിൽ ശരീരം വിറയ്ക്കുന്നവർക്ക് വിറയ്ക്കാതെയുമിരിക്കാം... അങ്ങനെ പോകുന്നു പാഠങ്ങൾ. ഇനി ഒന്നു കൂടി പഠിക്കേണ്ടിവരും. പ്രത്യേകിച്ച് ഒരു തൊഴിലുമില്ലെങ്കിലും ഷർട്ടിൽ അഴുക്കു പുരളാതെ ദിവസങ്ങൾ കഴിക്കുന്ന 'അനങ്ങാമെനങ്ങി'കൾക്ക് അല്‌പം അദ്ധ്വാനവും ആവാം.

കാരണം കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ തന്നെ അന്യസംസ്ഥാന തൊഴിലാളികളിൽ നല്ലൊരു പങ്കും ഇവിടം വിട്ടു. ഇവർക്കായി പ്രത്യേക ട്രെയിൻ സൗകര്യം സർക്കാർ തന്നെ ഏർപ്പെടുത്തിയതും സൗജന്യ ടിക്കറ്രിൽ അവരെ യാത്രയാക്കിയതും നമ്മൾ കണ്ടതാണ്. ഇവരിൽ നല്ലൊരു പങ്കും തിരികെ എത്തിയിട്ടില്ല. തൊഴിൽവകുപ്പ് കഴിഞ്ഞ രണ്ടാഴ്ചയായി നടത്തിയ കണക്കെടുപ്പിൽ ഇത് വ്യക്തമായി.


അയ്യോ അച്ഛാ പോകല്ലെ..

ശ്രീനിവാസൻ സിനിമയിൽ അച്ഛനോട് കുട്ടികൾ നടത്തുന്ന ഈ അഭ്യർത്ഥനയാണ് ഇപ്പോൾ ഓർമ്മ വരുന്നത്. ആടിന് തൂപ്പു കാട്ടും പോലെ അന്യസംസ്ഥാനക്കാർക്കായി സർക്കാർ ആനുകൂല്യങ്ങൾ നിരത്തുകയാണ്.(ഇവരുടെ ക്ഷേമത്തിന് കഴിഞ്ഞ സർക്കാർ ചെയ്ത നിരവധി കാര്യങ്ങൾ കുറച്ചു കാണുന്നില്ല.) കാരണം പൊടുന്നനെ ഇക്കൂട്ടർ ഇല്ലാതായാൽ ഉണ്ടാവുന്ന തൊഴിൽ പ്രതിസന്ധി സർക്കാരിന് ബോദ്ധ്യമുണ്ട്. രൂക്ഷമായ കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്തുള്ള അന്യസംസ്ഥാന തൊഴിലാളികൾക്ക് വാക്‌സിനും ഭക്ഷ്യധാന്യങ്ങളും ലഭ്യമാക്കാനുള്ള നടപടികൾ തൊഴിൽ വകുപ്പ് തുടങ്ങിയത് സ്വാഗതാർഹമാണ്.

ലേബർ കമ്മീഷണറുടെ നിർദ്ദേശാനുസരണം ജില്ലാ ലേബർ ഓഫീസർമാരുടെ നേതൃത്വത്തിൽ ഇവരുടെ കണക്കെടുപ്പ് നടത്തിയിരുന്നു. ഇവരുടെ താമസ സ്ഥലങ്ങളിൽ ഭക്ഷ്യധാന്യങ്ങളും മരുന്നുകളും ആവശ്യമെങ്കിൽ ഭക്ഷണവും എത്തിക്കാൻ നടപടിയായി.

ഇനിയുള്ളത് രണ്ടുലക്ഷത്തിൽ താഴെ

നേരത്തെ തൊഴിൽ വകുപ്പിന്റെ ആവാസ് ഇൻഷ്വറൻസ് പദ്ധതി പ്രകാരം അഞ്ചേകാൽ ലക്ഷം തൊഴിലാളികളാണ് രജിസ്റ്റർ ചെയ്തിരുന്നത്. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് രണ്ട് ലക്ഷത്തോളം പേർ സ്വന്തം നാടുകളിലേക്ക് മടങ്ങി. ഇതിൽ നല്ലൊരു പങ്കും തിരിച്ചെത്തിയില്ല. തൊഴിൽ അവസരങ്ങൾ കുറഞ്ഞതോടെ പിന്നെയും കുറേപ്പേർ സ്ഥലംവിട്ടു. ഇപ്പോൾ ശേഷിക്കുന്നത് രണ്ട് ലക്ഷത്തിൽ താഴെ അന്യസംസ്ഥാന തൊഴിലാളികൾ.

ഇതുകൂടി കേൾക്കണെ

കണ്ണുപ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ലെന്നത് ചൊല്ല്. കാര്യങ്ങൾ നടത്താൻ മനുഷ്യശേഷി ഉള്ളപ്പോൾ അദ്ധ്വാനത്തിന്റെ മഹത്വം നാം മറക്കും. ഇത് തിരിച്ചറിവിനുള്ള സമയം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OTHER STATE LABOURERS IN KERALA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.