SignIn
Kerala Kaumudi Online
Saturday, 20 April 2024 3.30 AM IST

പാർട്ടിയുടെ സൈദ്ധാന്തികമുഖം ഇനി മന്ത്രിയായി തിളങ്ങും

mvg
എം.വി.ഗോവിന്ദനും കുടുംബവും

കണ്ണൂർ: സി.പി.എം പാർട്ടി ക്ളാസുകളിലെ സൈദ്ധാന്തിക മുഖമായ കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്റെ പ്രവർത്തനം ഇനി മന്ത്രിയായി തദ്ദേശസ്വയംഭരണവകുപ്പിലും എക്സൈസ് വകുപ്പിലും. സംഘടനാ രംഗത്തെ ചിട്ടയോടുകൂടിയ പ്രവർത്തനമാണ് ഗോവിന്ദനെ മന്ത്രിപദത്തിലെത്തിക്കാൻ വഴി തുറന്നത്. കമ്യൂണിസ്റ്റ് പാർട്ടിക്ക് ഉണർവ്വും ഊർജവും പകർന്ന മോറാഴയിൽ നിന്നും വരുന്ന ഗോവിന്ദനിൽ സഹനത്തിന്റെയും നിസ്വാർത്ഥതയുടെയും അടയാളങ്ങളേറെയാണ്.

വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗിക രാഷ്ട്രീയത്തിൽ അപ്രസക്തമാണെന്ന വെളിപ്പെടുത്തൽ നേതൃത്വത്തെയും പ്രവർത്തകരെയും അലോസരപ്പെടുത്തിയെങ്കിലും ഗോവിന്ദൻ അതിനു വ്യക്തത വരുത്തിയതോടെ അവയൊക്കെ അസ്ഥാനത്തായി. അനിതരസാധാരണമായ രാഷ്ട്രീയ കൈയടക്കമാണ് പലരുടെയും നെറ്റി ചുളിപ്പിച്ച ഈ വ്യാഖ്യാനത്തിൽ നിന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്തിയെടുത്തത്.

പ്രപഞ്ച സത്യങ്ങളും ദർശനങ്ങളുമാണ് വൈരുദ്ധ്യാത്മക ഭൗതികവാദം. ഈ ദർശനം പ്രായോഗികമല്ലെന്ന അർത്ഥത്തിലല്ല പറഞ്ഞത്. ഇന്ത്യൻ സാഹചര്യം അതുപയോഗിക്കാൻ പാകത്തിലായിട്ടില്ലെന്നാണ് പറഞ്ഞത്. ആരാധനാലയങ്ങളിൽ പോകുന്നവർ ആരായാലും അവരുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുകയെന്നതാണ് പ്രായോഗിക കാഴ്ചപ്പാടെന്ന് ഗോവിന്ദൻ വ്യക്തമാക്കി.

കേരള സോഷ്യലിസ്​റ്റ്​ യൂത്ത്​ ഫെഡറേഷനിലൂടെയാണ്​ എം.വി. ഗോവിന്ദൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്​. പിന്നീട്​ ഈ സംഘടന ഡി.വൈ.എഫ്​.ഐ ആയപ്പോൾ അതിന്റെ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായി. ഒരുകാലത്ത് പാർട്ടിയുടെ അനിഷേദ്ധ്യ നേതാവായിരുന്ന എം.വി. രാഘവന്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു ഗോവിന്ദൻ.

അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. ഇക്കാലയളവിൽ ക്രൂരമായ പൊലീസ് മർദ്ദനത്തിനും ഇരയായി. തളിപ്പറമ്പ്‌ ഇരിങ്ങൽ യു.പി സ്​കൂളിൽ കായികാധ്യാപകനായിരുന്നു. രാഷ്ട്രീയരംഗത്ത് സജീവമായതോടെ ജോലിയിൽനിന്ന് സ്വയം വിരമിച്ചു. തുടർന്ന്​ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം വരെയെത്തി. സംസ്ഥാന സെക്രട്ടറിേയറ്റ്‌ അംഗം കൂടിയായ ഇദ്ദേഹം പാർട്ടിയുടെ കാസർകോട്‌ ഏരിയാ സെക്രട്ടറി, കണ്ണൂർ, എറണാകുളം ജില്ല സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ വൈസ്‌ പ്രസിഡന്റും കെ.എസ്‌.കെ.ടി.യു സംസ്ഥാന പ്രസിഡന്റുമാണ്‌ . ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ്ഥാനവും വഹിച്ചിരുന്നു. തളിപ്പറമ്പ്​ മണ്ഡലത്തിൽ നിന്നും ഇത്​ മൂന്നാം തവണയാണ്​ നിയമസഭയിലെത്തുന്നത്​.

മോറാഴ സെൻട്രലിലാണ്​ താമസം. സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ല സെക്രട്ടറിയും ആന്തൂർ നഗസഭ മുൻ ചെയർപേഴ്​സണുമായ പി.കെ. ശ്യാമളയാണ്‌ ഭാര്യ. സംവിധായകൻ ജി.എസ്‌. ശ്യാംജിത്ത്, അഡ്വ. ജി.എസ്‌. രംഗീത് എന്നിവർ മക്കളാണ്​. സിനി മരുമകളാണ്​.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, CPM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.