SignIn
Kerala Kaumudi Online
Saturday, 20 April 2024 6.44 AM IST

ലോട്ടറി മാഫിയയ്‌ക്കെതിരെ പോരാട്ടങ്ങൾ അണഞ്ഞു പോകരുത്

lottery

ലോട്ടറി മാഫിയയ്‌ക്കെതിരായ പോരാട്ടങ്ങൾ രാഷ്‌ട്രീയ കൊടുങ്കാറ്റായി മാറിയ ചരിത്രമാണ് കേരളത്തിന്റേത്. നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും മണിക്കൂറുകളോളം പോരടിച്ചു. നിരവധി ചട്ടങ്ങളും നിയമങ്ങളും നിലവിൽ വന്നെങ്കിലും എല്ലാം കോടതി കയറി. ഹൈക്കോടതിയിൽ നിന്നു തന്നെ നിരവധി ഉത്തരവുകൾ അനുകൂലിച്ചും പ്രതികൂലിച്ചും പുറത്തിറങ്ങി. ലോട്ടറി മാഫിയകളെ നിയന്ത്രിക്കേണ്ടതു തന്നെയാണ്. സാധാരണക്കാരായ ജനങ്ങളെ ചൂഷണം ചെയ്യുന്നത് ഉത്തരവാദിത്വപ്പെട്ട ഒരു ഭരണകൂടത്തിന് ഒരിക്കലും കണ്ടുനിൽക്കാനാവില്ല. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ വളഞ്ഞവഴിയിലൂടെ പുതിയ തന്ത്രങ്ങളുമായി മാഫിയകൾ ഉദയം ചെയ്യും. കാരണം, കേരളത്തിലെ ലോട്ടറി വില്‌പന അവർക്ക് ' ലോട്ടറി' അടിക്കുന്നതു പോലെയാണ്. കോടികളാണ് കൈകളിലേക്ക് ഒഴുകിയെത്തുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയിൽ നിന്നുണ്ടായ ഉത്തരവ് ലോട്ടറി മാഫിയകളെ നിയന്ത്രിക്കാനുള്ള ശക്തമായ സിഗ്‌നലാണ്. ഒരുപക്ഷേ, അവർ സുപ്രീം കോടതിയെ സമീപിച്ച് നിയമപോരാട്ടം തുടർന്നേക്കാം. എന്നിരുന്നാലും സാധാരണക്കാരെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള ശക്തമായ മുന്നറിയിപ്പാണ് ഹൈക്കോടതി ഉത്തരവ്.

അന്യസംസ്ഥാന ലോട്ടറികൾ കേരളത്തിൽ നിയമപരമായാണ് നടത്തുന്നതെന്ന് ഉറപ്പാക്കാൻ ചട്ടമുണ്ടാക്കുന്നതിന് സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി സുപ്രധാനമാണ്. ലോട്ടറി മാഫിയകളുടെ കുടില നീക്കങ്ങൾക്ക് ഏറ്റ കനത്ത തിരിച്ചടിയുമായി. സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയുള്ള വിധിയിൽ സംസ്ഥാന സർക്കാർ രൂപീകരിച്ച ചട്ടങ്ങളുടെ നിയമസാധുതയെ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്.

കേരളത്തിലെ അന്യസംസ്ഥാന ലോട്ടറികളുടെ നടത്തിപ്പ് നിയന്ത്രിക്കുന്ന 2018 ലെ കേരള പേപ്പർ ലോട്ടറി (റെഗുലേഷൻ) ഭേദഗതി ചട്ടത്തിലെ സെക്ഷൻ 4(4) ഒഴികെ മറ്റെല്ലാ വകുപ്പും ശരിവച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നിർണായക വിധി. 2018 ലെ ഭേദഗതിചട്ടം സിംഗിൾ ബെഞ്ച് റദ്ദാക്കിയതിനെതിരെ സർക്കാർ അപ്പീൽ നൽകുകയായിരുന്നു.1998 ലെ കേന്ദ്ര ലോട്ടറി റെഗുലേഷൻ നിയമത്തിലെ സെക്ഷൻ 12 പ്രകാരം ചട്ടമുണ്ടാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നും ഇതനുസരിച്ച് അന്യസംസ്ഥാന ലോട്ടറികൾ നിയന്ത്രിക്കാൻ സർക്കാർ കൊണ്ടുവന്ന ഭേദഗതിചട്ടം നിയമപരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

2018 ഏപ്രിൽ 28 ന് സർക്കാർ കൊണ്ടുവന്ന ഭേദഗതി ചട്ടത്തിനെതിരെ നാഗാലാൻഡ് ലോട്ടറി വിതരണക്കാരായ ഫ്യൂചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ഹർജി നൽകിയിരുന്നു. അന്യ സംസ്ഥാന ലോട്ടറി നടത്തിപ്പിൽ ക്രമക്കേട് കണ്ടെത്തിയാൽ തടയാൻ കേന്ദ്ര സർക്കാരിനാണ് അധികാരമെന്നും കേരളം ലോട്ടറി ഫ്രീ സോണായാൽ മാത്രമേ അന്യസംസ്ഥാന ലോട്ടറികളുടെ നടത്തിപ്പ് തടയാനാവൂ എന്നും വ്യക്തമാക്കി 2020 ഡിസംബർ 22 ന് സിംഗിൾബെഞ്ച് ഈ ഹർജിയിൽ ഭേദഗതി ചട്ടം റദ്ദാക്കി. ഇതിനെതിരെയാണ് അപ്പീൽ നൽകിയത്.

കേന്ദ്ര നിയമമനുസരിച്ചാണ് അന്യസംസ്ഥാന ലോട്ടറി നടത്തുന്നതെന്ന് ഉറപ്പാക്കാൻ കേരളത്തിന് അധികാരമുണ്ടെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. കേരളത്തിൽ അന്യസംസ്ഥാന ലോട്ടറി നടത്തിപ്പ് നിയമപരമാണോ എന്നു പരിശോധിക്കാൻ ചട്ടമുണ്ടാക്കുന്നത് നിയമവിരുദ്ധമല്ല. ലോട്ടറി നടത്തി ജനങ്ങളെ ചൂഷണം ചെയ്യുന്നതു തടയാനാവാതെ പോകുന്നത് അസംബന്ധമാണ്. ജനങ്ങളെ ചൂഷണം ചെയ്യുമ്പോൾ സർക്കാർ മൂകസാക്ഷിയായി നിലകൊള്ളണമെന്നു പറയാനാവില്ല. തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന് പൗരന്മാരുടെ താത്‌പര്യം സംരക്ഷിക്കാൻ നിയമപരമായി നടപടിയെടുക്കാൻ അധികാരമുണ്ട്. ഇതിനെ ലോട്ടറി നടത്തുന്ന അന്യസംസ്ഥാനത്തെ സർക്കാരിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമായി കാണാനാവില്ല. സർക്കാർ സ്വേച്ഛാപരമായി പെരുമാറുന്നെന്ന് പരാതിയുണ്ടെങ്കിൽ ലോട്ടറി നടത്തുന്ന സംസ്ഥാനത്തിന് കോടതിയെ സമീപിക്കാമെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി.

നടപടിക്ക് കേന്ദ്രത്തിനെ അധികാരമുള്ളൂ എന്നായിരുന്നു കഴിഞ്ഞ ഡിസംബറിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. നാഗാലാൻഡ് സർക്കാരിന്റെ ലോട്ടറി വിൽക്കുന്നത് തടഞ്ഞത് ചോദ്യം ചെയ്താണ് അന്ന് കോയമ്പത്തൂരിലെ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസ് പ്രൈവറ്റ് ലിമിറ്റഡ് ഹർജി നൽകിയത്. നാഗാലാൻഡ് സർക്കാരിന്റെ ലോട്ടറിയുടെ വിപണനവും വില്‌പനയും തടയരുതെന്നും ഉത്തരവിൽ വ്യക്തമാക്കി. കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെയാണ് നാഗാലാൻഡ് ലോട്ടറികൾ വില്ക്കുന്നതെന്ന പരാതി കേരള സർക്കാരിനുണ്ടെങ്കിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കാം. മറ്റ് സംസ്ഥാനങ്ങളുടെ ലോട്ടറികൾ വില്ക്കുന്നത് വിലക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. അതിന് സംസ്ഥാനം ലോട്ടറി ഫ്രീ സോൺ ആയിരിക്കണം. നിയമവിരുദ്ധമായിട്ടാണ് ലോട്ടറി നടത്തുന്നതെങ്കിൽ കേന്ദ്രത്തിന് മാത്രമേ ഇടപെടാൻ കഴിയൂ എന്നും കോടതി അന്ന് പറഞ്ഞിരുന്നു.
2005 ലെ കേരള പേപ്പർ ലോട്ടറീസ് നിയന്ത്രണ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതിയാണ് ഹർജിക്കാർ ചോദ്യം ചെയ്തത്. 2018 മുതലാണ് ഈ ഭേദഗതി നിലവിൽ വന്നത്. ഇതിലൂടെ അന്യസംസ്ഥാന ലോട്ടറികളുടെ വില്പന സർക്കാർ നിയന്ത്രിക്കുകയായിരുന്നു.
1998 ലെ കേന്ദ്ര നിയമപ്രകാരം ലോട്ടറിയുടെ കാര്യത്തിൽ നിയമം നിർമ്മിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. ആ അധികാരത്തിൽ മറ്റൊരു സംസ്ഥാന സർക്കാരിന് ഇടപെടാനാകില്ല. കേന്ദ്ര നിയമ പ്രകാരം ലോട്ടറി നടത്താനും പ്രചരിപ്പിക്കാനും സംസ്ഥാനങ്ങൾക്ക് കഴിയും. പാർലമെന്റ് എല്ലാ സംസ്ഥാനങ്ങൾക്കും നല്‌കുന്നതാണ് ഈ അധികാരം. അതിൽ മറ്റൊരു സംസ്ഥാനത്തിന് ഇടപെടാനാകില്ല. അത് മറ്റൊരു സംസ്ഥാനത്തിന്റെ അധികാരത്തിൽ ഇടപെടുന്നതിന് തുല്യമാണ്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന് മാത്രമേ ഇടപെടാൻ കഴിയൂ എന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

കേരള പേപ്പർ ലോട്ടറി (റെഗുലേഷൻ) ചട്ടത്തിലെ രണ്ട് (3 എ), രണ്ട് (6 എ), നാല് (4), നാല് (5), ഒമ്പത് എ എന്നീ വകുപ്പുകളാണ് തർക്ക വിഷയമായത്. ലോട്ടറി നടത്തിപ്പിനുള്ള അതോറിറ്റി, ഇതിനുള്ള നിയമം നടപ്പാക്കേണ്ട ഏജൻസി, അന്യസംസ്ഥാന ലോട്ടറിയടക്കമുള്ളവയും നടത്തിപ്പിന് നികുതി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തൽ, ലോട്ടറി നടത്തിപ്പിന്റെ നിരീക്ഷണം, ലോട്ടറിയുടെ വില്‌പനയ്ക്കും നടത്തിപ്പിനുമുള്ള രേഖകൾ ഹാജരാക്കൽ തുടങ്ങിയവയാണ് ഈ വകുപ്പുകളിലുള്ളത്. ഇവയിൽ നികുതി വകുപ്പു സെക്രട്ടറിയെ ലോട്ടറി നടത്തിപ്പിന് ചുമതലപ്പെടുത്തുന്ന സെക്ഷൻ നാല് (4) ഒഴികെയുള്ളവയെല്ലാം നിയമപരമാണെന്ന് ഹൈക്കോടതി വിധിയെഴുതി. വകുപ്പ് ഒമ്പത് (എ) പ്രകാരം സംസ്ഥാനത്ത് പേപ്പർ ലോട്ടറി നടത്താൻ ഒരു സ്‌കീം സമർപ്പിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇങ്ങനെ സ്‌കീം സമർപ്പിക്കാതെ തുടങ്ങുന്ന ലോട്ടറികൾ പിടിച്ചെടുക്കാൻ സെക്ഷൻ ഒമ്പത് (എ)യിലെ സബ് റൂൾ മൂന്നിൽ വ്യവസ്ഥയുണ്ട്. ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി തുടങ്ങിയവരാണ് ഇതു നടപ്പാക്കേണ്ട ഏജൻസികൾ. ജനങ്ങളെ ചൂഷണം ഒഴിവാക്കാനാണ് ഈ വ്യവസ്ഥകളെന്നും ലോട്ടറി നടത്തുന്ന സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമായി ഇതിനെ കാണാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സമൂഹത്തിൽ ആഴ്ന്നിറങ്ങുന്ന ലോട്ടറി മാഫിയയ്‌ക്കെതിരായ പോരാട്ടത്തിൽ സർക്കാർ ഉറച്ചു നിൽക്കുന്നതും കോടതികളുടെ ശക്തമായ നിരീക്ഷണങ്ങളും ശുഭസൂചകമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOTTERY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.