SignIn
Kerala Kaumudi Online
Friday, 19 April 2024 7.39 PM IST

മിന്നിത്തിളങ്ങി പിണറായി, ആവേശം വീടുകളിലേക്ക്

cm

തിരുവനന്തപുരം: ഇന്നലെ കേരളമാകെ നിറഞ്ഞുനിന്നതും രാജ്യമൊട്ടാകെ ചർച്ചയായതും ഒരു പേരു മാത്രമാണ് - പിണറായി വിജയൻ. 'ഉറപ്പാണ് എൽ.ഡി.എഫ്' എന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പറ‌ഞ്ഞ വാക്ക് 99 സീറ്റ് നേടി ഉറപ്പിച്ച പിണറായി വിജയന്റെ ചിത്രങ്ങൾ ഇന്നലെ നാടാകെ ചെങ്കൊടികൾക്കൊപ്പം ഉയർന്നു. തുടർഭരണത്തിന് സത്യപ്രതിജ്ഞ ചെയ്ത് കൈയൊപ്പ് ചാർത്തുന്നതിനു വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലും നിറഞ്ഞുനിന്നത് പിണറായി വിജയൻതന്നെ.

2016 മേയ് 25നാണ് കേരളത്തിന്റെ 22-ാമത് മന്ത്രിസഭയുടെ നാഥനായി പിണറായി വിജയൻ ഇതേ വേദിയിൽ സത്യപ്രതിജ്ഞ ചെയ്തത്. അഞ്ചു വർഷത്തിനിപ്പുറം അതേവേദിയിൽ ചരിത്രംവിജയം നേടിയ തലയെടുപ്പോടെ പിണറായി നിറഞ്ഞുനിന്നു.

വേദിയിൽ140 അടി നീളത്തിൽ എൽ.ഇ.ഡി സ്‌ക്രീൻ സ്ഥാപിച്ചിരുന്നു. അതിൽ നിറയെ ചുവപ്പ്. പിന്നിലെ കർട്ടനും ചെമ്പട്ട്. മുന്നിലാണെങ്കിലോ ചെമ്പനീർ പൂക്കൾ മാത്രംസത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി നടന്ന സംഗീതാവിഷ്‌കാരം 'നവകേരള ഗീതാഞ്ജലി' അവതരിപ്പിച്ചപ്പോൾ സ്ക്രീനിൽ നിറഞ്ഞതേറെയും പിണറായിയുടെ ചിത്രങ്ങളും വീഡിയോകളും. അതിനുമുമ്പ് പ്രമുഖർ ആശംസകൾ അർപ്പിച്ചത് പിണറായിയുടെ ഭരണമികവിനായിരുന്നു. പ്രതിസന്ധികളിൽ തകരാത്ത ആ കരളുറപ്പിനായിരുന്നു. ഇന്നലെ ഉച്ചകഴി‌ഞ്ഞ് 2.48ന് സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിയ പിണറായി വിജയനെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ സ്വീകരിച്ചു. ഭാര്യ കമലാ വിജയനും ചെറുമകൻ ഇഷാനും ഒപ്പമുണ്ടായിരുന്നു. വേദിയിലേക്ക് പിണറായി നടന്നുവരുമ്പോഴായിരുന്നു 'നവകേരള ഗീതാഞ്ജലി' സ്ക്രീനിൽ തെളിഞ്ഞത്.

അത് ആസ്വദിച്ചിരുന്ന അദ്ദേഹം 3.20ന് സദസിന്റെ മദ്ധ്യത്തേക്ക് നടന്നെത്തി അതിഥികളെ അഭിവാദ്യം ചെയ്തു. പിന്നീട് മുൻനിരയിലെത്തി വി.വി.ഐ.പികളെ അഭിവാദ്യം ചെയ്തു. ചിലരോട് കുശലം പറഞ്ഞു. എല്ലാവരോടും കൈപ്പൂപ്പി സത്യപ്രതിജ്ഞാവേദിയിലേക്ക് എത്തി. 3.28ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു. ദേശീയ ഗാനത്തിനു ശേഷം സത്യപ്രതിജ്ഞയ്ക്കായി ക്ഷണിക്കപ്പെട്ടപ്പോൾ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവർക്കു നേരെ കൈകൾ കൂപ്പി ഉറച്ച കാൽവയ്പുകളോടെ വേദിയിലേക്ക്. അവിടെനിന്നു വേദിയിലെത്തി കൈവീശി കാണിച്ച് ഗവർണർക്കു മുന്നിലേക്ക്.

കൊവിഡ് കാലമല്ലായിരുന്നെങ്കിൽ സ്റ്റേഡിയത്തിൽ ജനം ഇളകിമറിയേണ്ട നിമഷങ്ങളായിരുന്നു. പകരം വീടുകളിൽ ടി.വി സ്ക്രീനുകൾക്കു മുന്നിൽ പ്രവർത്തകർ ആഹ്ലാദം പങ്കിട്ടു.3.32ന് ഉറച്ച സ്വരത്തിൽ സഗൗരവം പിണറായി വിജയന്റെ പ്രതിജ്ഞ. കഴിഞ്ഞതവണ ഇതേ വേദിയിൽ പൊട്ടിത്തെറിച്ച 'മിന്നൽ പിണറിൻ കരുത്തോടെ മിന്നിത്തിളങ്ങും പിണറായി...' എന്നു തുടങ്ങുന്ന മുദ്രാവാക്യങ്ങൾ ഇത്തവണ പ്രവർത്തകരുടെ വീടുകളിൽ മുഴങ്ങി. 3.34ന് ഒപ്പു ചാർത്തിയ ശേഷം പൂച്ചെണ്ട് നൽകി മുഖ്യമന്ത്രിയെ ഗവർണർ സ്വീകരിച്ചു. ഇടതുവശത്തെ ആദ്യ സീറ്റിൽ പിണറായി ഇരുന്നു.

.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASSEMBLY POLLS, PINARAYI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.