SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.25 AM IST

യൂറോപ്പിലെ കളി ഇതുവരെ

football

യൂറോപ്പിൽ ഫുട്ബാൾ ലീഗുകൾ അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. ഇംഗ്ളീഷ് പ്രിമിയർ ലീഗ്,സ്പാനിഷ് ലാ ലിഗ,ഇറ്റാലിയൻ സെരി എ,ഫ്രഞ്ച് ലീഗ് വൺ, ജർമ്മൻ ബുണ്ടസ് ലിഗ എന്നിങ്ങനെ ടോപ്പ് 5 ലീഗുകളിലാണ് ആരാധകശ്രദ്ധ കൂടുതൽ. ഇതിൽ ഇംഗ്ളണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയും ഇറ്റലിയിൽ ഇന്റർ മിലാനും ജർമ്മനിയിൽ ബയേണും കിരീടം ഉറപ്പിച്ചു കഴിഞ്ഞു.സ്പെയ്നിൽ അത്‌ലറ്റിക്കോ മാഡ്രിഡാണോ റയൽ മാഡ്രിഡാണോ കപ്പുയർത്തുന്നത് എന്നറിയാൻ ശനിയാഴ്ചത്തെ മത്സരം വരെ കാത്തിരുന്നേ മതിയാകൂ.ഫ്രാൻസിലും ഫോട്ടോ ഫിനിഷിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ചാമ്പ്യന്മാരെ കണ്ടെത്തിക്കഴിഞ്ഞ ലീഗുകളിൽ പോലും ആർക്കൊക്കെയാണ് അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിലേക്കുള്ള പ്രവേശനം എന്നതിൽ തീരുമാനമാകാനുണ്ട്. അതുകൊണ്ടുതന്നെ ഈ വാരാന്ത്യത്തിലെ അവസാന മത്സരങ്ങൾ പലർക്കും നിർണായകമാണ്. ആഭ്യന്തര ലീഗുകളുടെ ആരവം ഒടുങ്ങുമ്പോഴേക്കും ഇൗ സീസൺ ചാമ്പ്യൻസ് ലീഗിന്റെ കലാശക്കളിക്ക് കൊമ്പുവിളി മുഴങ്ങും. മേയ് 29ന് പോർച്ചുഗലിൽ നടക്കുന്ന ഫൈനലിൽ ഇംഗ്ളീഷ് ക‌്ളബുകളായ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയുമാണ് ഏറ്റുമുട്ടുന്നത്.ലീഗുകൾ അവസാനിക്കാറാകുമ്പോൾ കൊവിഡ്കാരണം മാറ്റിനിറുത്തപ്പെട്ടിരുന്ന കാണികൾ തിരിച്ചെത്തിത്തുടങ്ങി എന്ന സന്തോഷവാർത്തയുമുണ്ട്.

ഇംഗ്ളണ്ടിൽ ചാമ്പ്യൻസ് ലീഗ് ബെർത്താണ് പ്രശ്നം

ലണ്ടൻ : ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ബേൺലിയെ തകർത്ത് ലിവർപൂൾ പോയിന്റ് പട്ടികയിൽ നാലാമതെത്തിയതോടെ ആരൊക്കെ ചാമ്പ്യൻസ് ലീഗിന് ബെർത്ത് നേടുമെന്നതിൽ ആകാംക്ഷയേറി.. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ജയിച്ചതോടെ ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷകളാണ് സജീവമായത്. റോബർട്ടോ ഫിർമിനോ (43-ാം മിനിട്ട്), നഥാനിയേൽ ഫിലിപ്സ് (52), അലക്സ് ഓക്സ്‌ലേഡ് ചേംബർലെയ്ൻ (88) എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിയത്. അതേസമയം മറ്റൊരു മത്സരത്തിൽ ആസ്റ്റൺ വില്ലയോടു തോറ്റ ടോട്ടൻഹാം ഹോട്സ്‍പറിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ അസ്തമിച്ചു.

ബേൺലിക്കെതിരായ വിജയത്തോടെ 37 കളികളിൽനിന്ന് 66 പോയിന്റുമായാണ് ലിവർപൂൾ നാലാം സ്ഥാനത്തേക്ക് കയറിയത്. ലീഗിലെ ആദ്യ നാലു സ്ഥാനക്കാർക്കാണ് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിന് യോഗ്യത. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ലെസ്റ്റർ സിറ്റി കഴിഞ്ഞ മത്സരത്തിൽ ചെൽസിയോടു തോറ്റതോടെയാണ് ലിവർപൂളിന് നാലാം സ്ഥാനത്തേക്ക് കയറാൻ വഴിയൊരുങ്ങിയത്. ചെൽസി 67 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങിയ ലെസ്റ്ററിനും 66 പോയിന്റുണ്ടെങ്കിലും ഗോൾ ശരാശരിയിലെ ആധിപത്യമാണ് ലിവർപൂളിനെ മുന്നിലെത്തിച്ചത്.

സീസണിൽ എല്ലാ ടീമുകൾക്കും അവസാന മത്സരം മാത്രം ശേഷിക്കെ, അടുത്ത കളി ജയിച്ചാൽ ചെൽസിക്കും ലിവർപൂളിനും ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കാം.

ലിവർപൂളിനും ലെസ്റ്ററിനും 66 പോയിന്റ് വീതമാണെങ്കിലും ഗോൾ ശരാശരിയിൽ നാലു ഗോളിന്റെ ആധിപത്യം ലിവർപൂളിനുണ്ട്.

അടുത്ത മത്സരത്തിൽ ചെൽസി തോൽക്കുകയും ലിവർപൂളും ലെസ്റ്റർ സിറ്റിയും ജയിക്കുകയും ചെയ്താൽ ഈ ടീമുകൾ മുന്നേറും.

സീസണിലെ അവസാന മത്സരങ്ങളിൽ കടുപ്പമേറിയ എതിരാളികൾ ലെസ്റ്ററിനാണ്. ടോട്ടനവുമായാണ് അവരുടെ മത്സരം.

ലിവർപൂളിന് ക്രിസ്റ്റൽ പാലസും ചെൽസിക്ക് ആസ്റ്റൺ വില്ലയുമാണ് എതിരാളികൾ.

ഇറ്റലിയിൽ പതിറ്റാണ്ടിന് ശേഷം ഇന്റർ

ഇറ്റാലിയൻ സെരി എയിൽ ഇത് തലമാറ്റത്തിന്റെ കാലമാണ്. 11 വർഷത്തിന് ശേഷം ഇന്റർ മിലാൻ ഇക്കുറി കിരീടം ഉറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ ഒൻപത് സീസണുകളായി കിരീടം അലങ്കരിച്ചിരുന്ന യുവന്റസിനെ അഞ്ചാമന്മാരാക്കിയാണ് ഇന്റർ അവസാന മത്സരങ്ങൾക്ക് മുന്നേ ജേതാക്കളായത്. 37 മത്സരങ്ങളിൽ നിന്ന് 88

പോയിന്റാണ് ഇന്റർ സ്വന്തമാക്കിക്കഴിഞ്ഞത്. 78 പോയിന്റുമായി അറ്റലാന്റയാണ് രണ്ടാം സ്ഥാനത്ത്. ഇന്റർ അവസാനമായി സെരി എ കിരീടം നേടിയതിന് തൊട്ടടുത്ത വർഷം ജേതാക്കളായ എ.സി മിലാനാണ് ഇക്കുറി മൂന്നാം സ്ഥാനത്ത്.

75 പോയിന്റുമായി അഞ്ചാമതുള്ള യുവന്റസിന് കിരീടം മാത്രമല്ല ചാമ്പ്യൻസ് ലീഗ് ബർത്തും നഷ്ടമാകുമെന്ന സ്ഥിതിയാണ്. അവസാന മത്സരത്തിൽ വിജയിച്ചാലും യുവന്റസിന് ബർത്ത് ഉറപ്പില്ല.മറ്റ് ടീമുകളുടെ റിസൾട്ടാവും നിർണായകമാവുക. ചാമ്പ്യൻസ് ലീഗ് ലക്ഷ്യമിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിച്ച യുവയ്ക്ക് കഴിഞ്ഞ രാത്രി കോപ്പ ഇറ്റാലിയ നേടാനായതാണ് ഏക ആശ്വാസം.

ബയേണില്ലാതെ എന്ത് ബുണ്ടസ് ലീഗ

ജർമ്മൻ ബുണ്ടസ് ലീഗയിൽ ഇക്കുറിയും കഥ മാറിയില്ല, ബയേൺ മ്യൂണിക്ക്തന്നെ കിരീടാവകാശികളായി. തുടർച്ചയായ ഒൻപതാം വർഷമാണ് ബയേൺ ജർമ്മൻ ഫസ്റ്റ് ഡിവിഷൻ കിരീടമണിയുന്നത്. ആകെ 31 കിരീടങ്ങൾ ബയേണിന്റെ അലമാരി അലങ്കരിക്കുന്നുണ്ട്.എന്നാൽ അതിലൊന്നും അഹങ്കരിക്കാതെ ബയേൺ പടയോട്ടം തുടരുന്നു. ഒരു ടീമിന് ആകെ 34 മത്സരങ്ങളാണ് ബുണ്ടസ് ലീഗയിലുള്ളത്. അതിൽ 33 എണ്ണം പൂർത്തിയാക്കിയപ്പോൾ ബയേണിന് 75 പോയിന്റായി. രണ്ടാമതുള്ള ആർ.ബില ലെയ്പ്സിഗിന് 65 പോയിന്റും. സീസണിൽ 23 മത്സരങ്ങൾ ബയേൺ വിജയിച്ചുകഴിഞ്ഞു. 40 ഗോളുകൾ നേടി റെക്കാഡ് സൃഷ്ടിച്ച റോബർട്ടോ ലെവാൻഡോവ്സ്കിയുടെ അസാദ്ധ്യ മികവാണ് ഇക്കുറിയും കരുത്തായത്.

ഫ്രാൻസിൽ സസ്പെൻസ്

ഫ്രഞ്ച് ലീഗിൽ ആര് കിരീടം നേടും എന്നറിയണമെങ്കിൽ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വരും. കഴിഞ്ഞ രാത്രി നടന്ന മത്സരങ്ങളിൽ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലിലെ സമനില വഴങ്ങുകയും രണ്ടാം സ്ഥാനക്കാരും നിലവിലെ ജേതാക്കളുമായ പി.എസ്.ജി വിജയിക്കുകയും ചെയ്തതോടെയാണിത്. ഇതോടെ രണ്ടു ടീമുകളും തമ്മിലുള്ള വ്യത്യാസം ഒരു പോയിന്റ് മാത്രമായി. ഓരോ മത്സരം വീതമാണ് ലീഗിൽ ശേഷിക്കുന്നത്.

സെന്റ് എറ്റിനക്കെതിരായ മത്സരത്തിൽ ലിലെ ഗോൾരഹിത സമനില വഴങ്ങുകയായിരുന്നു. അതേസമയം റൈംസിനെതിരേ പി.എസ്.ജി എതിരില്ലാത്ത നാലു ഗോളുകൾക്ക് വിജയിച്ചു. പി.എസ്.ജിക്കു വേണ്ടി നെയ്മർ, എംബാപ്പെ, കീൻ, മാർക്വിഞ്ഞോസ് എന്നിവര്‍ ലക്ഷ്യം കണ്ടു. പത്താം മിനിട്ടിൽ റൈംസ് താരം അബ്ദൽ ഹമീദ് ചുവപ്പ് കാർഡ് കണ്ടത് പി.എസ്.ജിക്ക് സഹായകമായി.

ലിലെയ്ക്ക് 80 പോയിന്റും പി.എസ്.ജിക്ക് 79 പോയിന്റുമാണുള്ളത്. അവസാന മത്സരത്തിൽ പി.എസ്.ജിയുടെ എതിരാളികൾ ബ്രെസ്റ്റിനാണ്. ആംഗേഴ്സുമായിട്ടാണ് ലിലെയുടെ മത്സരം.

സ്പെയ്നിൽ നാളെയറിയാം

ഇക്കുറി സ്പാനിഷ് ലാ ലിഗ ഫുട്ബാൾ കിരീടം ആർക്കെന്നതിൽ അടുത്ത നാളെ തീരുമാനമാകും. കപ്പിൽ മുത്തം വയ്ക്കുന്നത് മാഡ്രിഡിൽ നിന്നുള്ള വമ്പൻ ക്ളബുകളായ അത്‌ലറ്റിക്കോ മാഡ്രിഡോ റയൽ മാഡ്രിഡോ ആയിരിക്കും.ലീഗിലെ പ്രബലന്മാരായ ബാഴ്സലോണ കിരീടപ്പോർക്കളത്തിൽ നിന്ന് പുറത്തായി.

കുറച്ചുനാളായി മൂന്നു ടീമുകളും കിരീടത്തിനായി കട്ടയ്ക്ക് പൊരുതുകയായിരുന്നു. എന്നാൽ കഴിഞ്ഞ രാത്രി അത്‌ലറ്റിക്കോ മാഡ്രിഡ് 2-1ന് ഒസാസുനയെയും റയൽ മാഡ്രിഡ് 1-0ത്തിന് അത്‌ലറ്റിക് ക്ളബിനെയും തോൽപ്പിക്കുകയും ബാഴ്സലോണ സെൽറ്റ ഡി വിഗോയോട് 1-2ന് തോൽക്കുകയും ചെയ്തതോടെയാണ് ബാഴ്സയുടെ കാര്യത്തിൽ തീരുമാനമായത്. ഒരു മത്സരം മാത്രം ശേഷിക്കേ 83 പോയിന്റുമായി അത്‌ലറ്റിക്കോയാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് 81 പോയിന്റുണ്ട്. ബാഴ്സലോണ മൂന്നാം സ്ഥാനത്ത് തുടരുന്നെങ്കിലും 76 പോയിന്റ് മാത്രമേയുള്ളൂ.

അവസാന മത്സരങ്ങളിൽ അത്‌ലറ്റിക്കോ മാഡ്രിഡ് വയ്യഡോലിഡിനെയും റയൽ മാഡ്രിഡ് വിയ്യാറയലിനെയും നേരിടും. വയ്യഡോലിഡിനെ തോൽപ്പിച്ചാൽ അത്‌ലറ്റിക്കോയുടെ കിരീടധാരണം. അത്‌ലറ്റിക്കോ സമനിലയിലാവുകയും റയൽ വിയ്യാറയലിനെ തോൽപ്പിക്കുകയും ചെയ്താൽ ഇരുവർക്കും 84 പോയിന്റ് വീതമാകും. എന്നാൽ നേർക്കുനേർ പോരാട്ടത്തിൽ വിജയിച്ചിരുന്നത് റയൽ ആയതിനാൽ അവർ കിരീടം നിലനിറുത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, FOOTBALL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.