SignIn
Kerala Kaumudi Online
Saturday, 20 April 2024 4.23 AM IST

അഞ്ച് വർഷത്തിനകം ദാരിദ്ര്യം ഇല്ലാതാക്കും: മുഖ്യമന്ത്രി

pin

തിരുവനന്തപുരം: അടുത്ത അഞ്ചു വർഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം ഉന്മൂലനം ചെയ്യുമെന്നും, ഉന്നതവിദ്യാഭ്യാസ നവീകരണത്തിന് പ്രത്യേകനയം രൂപപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേരളത്തിലെ യുവാക്കൾക്ക് ആധുനിക സമ്പദ്ഘടനയിൽ ലഭ്യമായ ഏറ്റവും മികച്ച വിദഗ്ദ്ധ തൊഴിലുകൾ സൃഷ്ടിക്കും. അടുത്ത 25 വർഷം കൊണ്ട് കേരളത്തിന്റെ ജീവിതനിലവാരം അന്താരാഷ്ട്ര തലത്തിൽ വികസിത രാഷ്ട്രങ്ങൾക്ക് സമാനമാക്കുകയാണ് ലക്ഷ്യമെന്നും രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ഒന്നാം സർക്കാർ പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളിൽ 580 ഉം നടപ്പാക്കി. ഇടതുമുന്നണി പുതിയ പ്രകടനപത്രികയിൽ വിഭാവനം ചെയ്യുന്നത്. 50 ഇന പ്രധാന പരിപാടിയും അനുബന്ധമായി 900 വാഗ്ദാനങ്ങളുമാണ്. അവ പൂർണമായും നടപ്പിലാക്കും.

സർക്കാരിന്റെ നയസമീപനം

ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം എന്നീ രംഗത്തെ നേട്ടങ്ങളെ ശക്തിപ്പെടുത്തും.

സാമൂഹ്യക്ഷേമം, സാമൂഹ്യനീതി, ലിംഗനീതി, സ്ത്രീസുരക്ഷ എന്നിവ കൂടുതൽ ശാക്തീകരിക്കും.

കാർഷിക മേഖലയിൽ 'ഉത്പാദനക്ഷമത, ലാഭസാദ്ധ്യത, സുസ്ഥിരത' നടപ്പിലാക്കും.

കൃഷി, ജലസേചന വകുപ്പുകളുടെ ഇടപെടലുകളെ സഹകരണ മേഖലയുമായും ഫാർമർ പ്രൊഡ്യൂസർ കമ്പനികളുമായും തദ്ദേശ സ്ഥാപനങ്ങളുമായും സമന്വയിപ്പിക്കും.

നാളികേരത്തിന്റെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും സംസ്‌കരണത്തിന് വ്യവസായശാലകളുടെ ശ്രേണി സജ്ജമാക്കും.

റബറിന്റെയും മറ്റും മൂല്യവർദ്ധനയ്ക്ക് പോളിമർ സയൻസ് ആൻഡ് ടെക്‌നോളജി അടിസ്ഥാനമാക്കി മികവിന്റെ കേന്ദ്രം രൂപീകരിക്കും.

ഭൂവിനിയോഗ പദ്ധതി, വിള പദ്ധതി, തണ്ണീർത്തട പദ്ധതി ആസൂത്രണത്തിന് തദ്ദേശ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും.

കാരാപ്പുഴ, ബാണാസുരസാഗർ, പഴശ്ശി, ഇടമലയാർ പദ്ധതികൾ 2023-24ഓടെ പൂർണതോതിൽ പ്രവർത്തനക്ഷമമാക്കും.

മഴവെള്ളം ശേഖരിക്കാൻ വലിയ ജലസംഭരണികൾ ഒരുക്കുന്നത് പരിഗണിക്കും.

2025ഓടെ പാലുത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കും.

പൊതുമേഖലാ സ്ഥാപനങ്ങളെ നവീകരിക്കും.

പരമ്പരാഗത വ്യവസായങ്ങൾ നവീകരിച്ച് ഓരോ തൊഴിലാളിക്കും കൂടുതൽ മൂല്യവർദ്ധന സാദ്ധ്യമാക്കും.

ഐ.ടി വിദ്യാർത്ഥികൾക്ക് മാർഗനിർദേശങ്ങൾ നൽകാൻ പ്രൊഫഷണലുകളെ പ്രയോജനപ്പെടുത്തുന്ന മാർഗരേഖ ആറുമാസത്തിനകം .

കൊച്ചി, പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിയുടെയും സംസ്ഥാനത്തെ വ്യവസായ പാർക്കുകളുടെയും പൂർത്തീകരണം

എൻജിനീയറിംഗ്, പെട്രോ കെമിക്കൽസ്, പോളിമർ ടെക്‌നോളജി, റബർ എന്നിവയുമായി ബന്ധപ്പെട്ട വ്യാവസായിക ഗവേഷണ കേന്ദ്രം സ്ഥാപിക്കും.

അഞ്ചുവർഷം കൊണ്ട് മാലിന്യരഹിത കേരളം യാഥാർത്ഥ്യമാക്കും.

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കുറയ്ക്കുന്നതിനും ക്രൈം മാപ്പിംഗിന്റെ അടിസ്ഥാനത്തിലുള്ള ജനകീയ ഇടപെടലിനും രൂപംനൽകും.

സർക്കാർ സർവീസിലെ ഒഴിവുകൾ പൂർണമായും സമയബന്ധിതമായി റിപ്പോർട്ട് ചെയ്യുമെന്ന് ഉറപ്പു വരുത്തും.

പൊതുമേഖലാ റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.