SignIn
Kerala Kaumudi Online
Thursday, 25 April 2024 4.42 PM IST

പ്രതീക്ഷയുടെ ലോകം

photo

ലൂൺഷോട്സ് (Loonshots) എന്ന പുസ്തകത്തിലൂടെ Bahcall എന്ന ഭൗതിക ശാസ്ത്രജ്ഞൻ കൂട്ടംചേരുമ്പോൾ നാം (group behaviour) എങ്ങനെ പെരുമാറുന്നു എന്നത് വളരെ രസകരമായി കാണിച്ചു തരുന്നു. ഒഴുകുന്ന വെള്ളം ഊഷ്മാവിലുണ്ടാകുന്ന ചെറുവ്യത്യാസത്തിലൂടെ കട്ടിയുള്ളതും പൊടിയുന്നതുമായ ഹിമമായി മാറുന്നു. അതുപോലെ നാം പെട്ടെന്നു ചില ആശയങ്ങളെ ഉൾക്കൊള്ളുകയോ തള്ളുകയോ ചെയ്‌തെന്നു വരാം. ഘടനയിലുണ്ടാകുന്ന ചെറിയ മാറ്റം ഒരു വസ്തുവിന്റെ ഗുണത്തിലുണ്ടാക്കുന്ന വ്യതിയാനം വളരെ വലുതായിരിക്കും. ഇത് തിരിച്ചറിഞ്ഞു പ്രയോഗിക്കുന്ന ടീം ലീഡർമാർ വളരെ പെട്ടെന്നു തന്നെ തങ്ങളുടെ സ്ഥാപനത്തിലോ സംഘടനയിലോ അതിനെ അപ്പാടെ മാറ്റിമറിച്ചു അവിടം പുതുപുത്തനാക്കുന്ന ചില മാറ്റങ്ങൾ കൊണ്ടുവന്നേക്കാം. വലിയ മാറ്റങ്ങളുണ്ടാക്കാൻ പര്യാപ്തമായ ഇത്തരം ഘടകങ്ങൾ കണ്ടെത്തി പ്രയോഗിക്കാൻ ലോകത്തെ സുപ്രധാന സ്ഥാനങ്ങളിലിരിക്കുന്നവർക്കു സാധിച്ചാൽ ലോകം ഒരുപക്ഷേ എത്ര മെച്ചപ്പെട്ടേക്കാം ?കരിക്കട്ടയെ വജ്രമാക്കി മാറ്റാൻ ചെപ്പടിവിദ്യ ഒന്നുമില്ല. ശാസ്ത്രീയവശം ഉപയോഗിക്കുമ്പോഴും സമൂലമാറ്റത്തിനു ഹേതുവാകുന്ന ആ 'ആൽക്കെമി' എന്താണെന്നു കണ്ടെത്താൻ നൂറുശതമാനം സമർപ്പണത്തിലൂടെയും ഏകാഗ്രമായ പ്രവൃത്തിയിലൂടെയും മാത്രമേ സാദ്ധ്യമാവൂ. 'ആൽക്കെമിസ്റ്റ്' എന്ന നോവലിൽ പാവ്‌ലോ കൊയ്‌ലോ പറയുന്നതും മറ്റൊന്നല്ലല്ലോ. കോപ്പിയടിച്ച് പ്രബന്ധമുണ്ടാക്കുന്ന അക്കാദമിക് രംഗത്തോ പറഞ്ഞുപറ്റിച്ചു വാക്ചാതുരിയിലൂടെ നേതാവാകുന്ന രാഷ്ട്രീയത്തിലോ എന്തിനെയും വില്‌പനച്ചരക്കാക്കുന്ന വിപണിയിലോ ഒന്നും കാണാത്ത ഇത്തരം മികവിന്റെ പ്രകാശം തേടി വ്യക്തികളും സംഘടനകളും സമൂഹവും നീങ്ങുന്ന അവസ്ഥ ലോകത്തുണ്ടാകണമെന്ന് ആഗ്രഹിയ്ക്കാത്ത ഒരു സുമനസും ഉണ്ടാവില്ല.

വാളിനെയും വെടിയുണ്ടയെയും ഭസ്മമാക്കുന്ന ആ പുഞ്ചിരി പക്ഷേ എവിടെ? മനുഷ്യനും ആനയ്ക്കും സൂക്ഷ്മാണുവിനും ജീവിയ്ക്കാനുള്ള അവകാശത്തെക്കുറിച്ച് ഒരേ മനസോടെ ചിന്തിക്കുന്ന ആ വിശാല മനസെവിടെ? കയ്യൂക്കുള്ളവൻ കാര്യക്കാരനായി ലോകത്തെ പല ചേരികളായി തിരിയ്ക്കുന്ന സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക ഘടനയുടെ അന്തമെവിടെ? കാലചക്രത്തിന്റെ ഏതോ തിരിയലിൽ ലോകക്രമം മാറുമോ? വംശഹത്യയിലും ലോകയുദ്ധങ്ങളിലും എല്ലാമെല്ലാം നഷ്ടപ്പെട്ട ചിലർ പിന്നീട് നേട്ടങ്ങളുണ്ടാക്കുകയും അത് പരമാവധി ആളുകളുമായി പങ്കുവയ്ക്കുകയും ചെയ്ത ചരിത്ര കഥകളുണ്ട്.

അദ്ധ്യാപകരായ മാതാപിതാക്കളുടെ കണ്ണിലുണ്ണികളായിരുന്നു എന്റെ അച്ഛനും അദ്ദേഹത്തിന്റെ സഹോദരങ്ങളും. നന്മനിറഞ്ഞ മാതാപിതാക്കളോടുള്ള സ്‌നേഹ ബഹുമാനങ്ങൾ കൊണ്ട് ആ കുഞ്ഞുങ്ങൾക്ക് എല്ലാവരിൽ നിന്നും വലിയ ലാളനകൾ ലഭിച്ചിരുന്നു. പെട്ടെന്ന് മാതാപിതാക്കൾ നഷ്ടപ്പെട്ടപ്പോൾ എല്ലാ സൗഭാഗ്യങ്ങളും പൊടുന്നനെ അസ്തമിച്ചു. അങ്ങനെ പ്രിയ മാതാപിതാക്കളുടെ സ്‌നേഹം അധികം ലഭിക്കാതെ പോയ എന്റെ അച്ഛൻ എത്ര സ്‌നേഹമാണ് ഞങ്ങൾക്കു വാരിക്കോരിത്തന്നത് ! വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരേയും ബഹുമാനിക്കാനും സ്‌നേഹിക്കാനും ഏറെ സൗമ്യതയാർന്ന തന്റെ പെരുമാറ്റത്തിലൂടെ അദ്ദേഹം മാതൃക കാട്ടി. ഈ തൊണ്ണൂറ്റിയൊന്നാം വയസിലും ചിട്ടയായ വ്യായാമത്തിലൂടെ അച്ഛൻ ഞങ്ങൾക്കു മാതൃകയാകുന്നു. പകർത്താനുള്ള നല്ല മാതൃകകൾ വീട്ടിലും സ്‌കൂളിലും ലഭിക്കുന്ന കുട്ടികൾ ഭാഗ്യമുള്ളവരാണ്. വീടുകൾ ഫ്ളാറ്റുകളോ വെറും കെട്ടിടങ്ങളോ ആയി മാറുകയും 'വർക്ക് ഫ്രം ഹോമി'ന്റെയോ ജോലിയുടെയോ ടെൻഷനൊപ്പം കൊവിഡ് മഹാമാരിയുടെ സമ്മർദ്ദവും സാമ്പത്തിക സമ്മർദ്ദവുമൊക്കെ അനുഭവിക്കുന്ന മാതാപിതാക്കൾക്ക് കുട്ടികൾ സ്‌കൂളിൽ പോകുമ്പോൾ ലഭിച്ചിരുന്ന സമയം കൂടി ഇന്ന് അവരോടൊപ്പം ചെലവഴിക്കേണ്ടിയിരിക്കുന്നു. ഓൺലൈൻ ക്ലാസിന്റെയും ഹോം വർക്കിന്റെയും സമ്മർദ്ദം വേറെ. എങ്കിലും ഫീസിന് ഇളവുമില്ല. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികൾക്കു മാതൃകയാകാൻ എത്ര മാതാപിതാക്കൾക്കാകും? തെരുവിൽ അലയേണ്ടി വരുന്ന ബാല്യങ്ങളുടെ കാര്യമാണ് ഏറെ കഷ്ടം. 'world vision' ന്റെ കണക്കുകൂട്ടൽ പ്രകാരം സബ്സഹാറൻ ആഫ്രിക്കയിലെ പത്തുലക്ഷം പെൺകുട്ടികൾ കൊവിഡ് മഹാമാരിക്കാലത്തെ ഗർഭധാരണത്താൽ സ്‌കൂൾ എന്നന്നേയ്ക്കുമായി നിഷേധിക്കപ്പെട്ടവരായത്രേ. ഇന്ത്യയിൽ ( ASER-Annual State Education Report 2020 പ്രകാരം) 66 ശതമാനം കുട്ടികൾക്ക് സ്‌കൂളുകളിൽ നിന്ന് യാതൊരു പഠനസഹായവും ലഭ്യമായില്ലത്രേ. 11ശതമാനം കുട്ടികൾക്കു മാത്രമാണ് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിഞ്ഞത്. വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ മൗലികാവകാശം അപ്പാടെ നിഷേധിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ സ്ഥിതി വളരെ വ്യത്യസ്തമാണ്. എങ്കിലും ആദിവാസി മേഖലയിലും മറ്റും വലിയ ബുദ്ധിമുട്ടുകൾ കുട്ടികൾ നേരിടുന്നുണ്ട്. നമ്മുടെ തലമുറ സ്വയംകൃതാനർത്ഥത്തിലൂടെ നഷ്ടമാക്കിയ പ്രാണവായുവിനെ കുറിച്ച് പരിസ്ഥിതിയെക്കുറിച്ച്, ഒക്കെ കൂടുതൽ ബോദ്ധ്യമുള്ളവരായി പുതിയ തലമുറ മാറുമോ? ഒരു കൊല്ലത്തിലേറെയായി കൂട്ടുകാരും അദ്ധ്യാപകരുമായി നേരിട്ടു സമ്പർക്കമില്ലാതെ കഴിയുന്ന കുട്ടികൾ ഒരുപക്ഷേ ലോകമൊന്നാണെന്നും ഇവിടെ പ്രാണവായുവിന്റെ കാര്യത്തിൽ പ്രാണികളെല്ലാം ഒന്നാണെന്നും തിരിച്ചറിഞ്ഞ് ഒരു പുതിയ ലോകക്രമത്തിനായി പ്രവർത്തിയ്ക്കുമെന്നു നമുക്കു പ്രത്യാശിയ്ക്കാനാകുമോ? വെന്റിലേറ്ററിൽ നിന്നും ഓക്സിജൻ മാസ്‌കിൽ നിന്നും ജീവിതത്തിലേക്കു മടങ്ങിയെത്തിയവർ ഒരു പുതിയ ലോകക്രമത്തെപ്പറ്റി സ്വപ്നം കണ്ടു തുടങ്ങുമോ? ഉറ്റവരൊരുപാടു പേരെ നഷ്ടപ്പെട്ടവർ ശുദ്ധമായ പ്രാണവായുവിന്റെ വില തിരിച്ചറിഞ്ഞ് പ്രവർത്തിച്ചു തുടങ്ങുമോ? എവിടെയോ ഒരു പുതിയ ലോകത്തിന്റെ മണിനാദം മുഴങ്ങുന്നുണ്ടോ? നമുക്കു പ്രതീക്ഷയോടെ കാതോർക്കാം. നമ്മുടേതായ ചെറിയ പ്രവൃത്തികളിലൂടെ അതിനായി പ്രയത്നിയ്ക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MIZHIYORAM, PRATHEEKSHA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.