തിരുവനന്തപുരം: ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ.അനിൽ സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിലെ ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു. സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ മന്ത്രിക്ക് ഇ-റേഷൻ കാർഡ് നൽകി സ്വീകരിച്ചു. സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത വി.കുമാർ, സപ്ലൈകോ സി.എം.ഡി. അലി അസ്ഗർ പാഷ, ജനറൽ മാനേജർ രാഹുൽ. ആർ എന്നിവർ സന്നിഹിതരായിരുന്നു. കൊവിഡ് സാഹചര്യത്തിൽ വകുപ്പ് സ്വീകരിക്കേണ്ട അടിയന്തര നടപടികൾ മന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. അനാഥാലയങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ, ജൂവനൈൽ ഹോമുകൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിൽ സൗജന്യ ഭക്ഷ്യക്കിറ്റുകൾ നൽകുന്നത് പരിശോധിക്കാൻ മന്ത്രി നിർദ്ദേശം നൽകി.
കളക്ടർമാരുടെ യോഗം
വിളിച്ച് റവന്യുമന്ത്രി
തിരുവനന്തപുരം: റവന്യു വകുപ്പിൽ അടിയന്തരമായി നടപ്പാക്കേണ്ട സർക്കാർ നിർദ്ദേശങ്ങൾ അറിയിക്കാനായി പുതിയ റവന്യുമന്ത്രി കെ. രാജൻ 24ന് ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു. കളക്ടർമാരുമായി പരിചയപ്പെടുകയെന്ന ദൗത്യവുമുണ്ട്. ഓൺലൈനിലാണ് യോഗം. പട്ടയം നൽകാനുള്ള നടപടികൾ വേഗത്തിലാക്കൽ, എൽ.ഡി.എഫിന്റെ പ്രകടനപത്രികയിലുൾപ്പെടുത്തിയ ഭൂവിഷയങ്ങളിലടക്കം തീരുമാനം വേഗത്തിലാക്കൽ തുടങ്ങിയവയിലും ചർച്ചയുണ്ടാകും. എം.എൽ.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷമാകും യോഗം. റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ. ജയതിലക്, ലാൻഡ് റവന്യു കമ്മിഷണർ, സർവേ ഡയറക്ടർ അടക്കമുള്ള ഉന്നതോദ്യോഗസ്ഥർ എന്നിവരുമായി റവന്യുമന്ത്രി ചർച്ച നടത്തി.പുതിയ പദ്ധതികൾ സംബന്ധിച്ച പവർ പോയിന്റ് പ്രസന്റേഷനുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |