SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.45 AM IST

പ്രകൃതി പ്രതിദ്ധ്വനിക്കുമ്പോൾ

sundrlal-bahuguna

​​​​ഭൂമിയെയും അതിലെ ജീവജാലങ്ങളെയും ജീവനുതുല്യം സ്നേഹിക്കുകയും അവയ്‌ക്ക് സംരക്ഷകനാകാൻ വേണ്ടി ജീവിതം സമർപ്പിക്കുകയും ചെയ്ത മനുഷ്യൻ. സുന്ദർലാൽ ബഹുഗുണ എന്ന മഹാനായ മനുഷ്യനെ കൊവിഡ് തട്ടിയെടുത്തു എന്നത് അതീവദു:ഖകരമായ വാർത്തയാണ്. സ്വാതന്ത്ര്യ സമരസേനാനിയുടെ മകനായ സുന്ദർലാൽ കുട്ടിക്കാലത്തു തന്നെ ഗാന്ധിയൻ മൂല്യങ്ങൾ സ്വാംശീകരിച്ചു. അഹിംസാ സിദ്ധാന്തവും ആശ്രമജീവിതവും സ്വന്തം ജീവിതത്തിൽ നടപ്പാക്കി. ആശ്രമത്തിൽ ജീവിക്കാമെന്ന് ഉറപ്പുനൽകിയ യുവതിയെ ജീവിതപങ്കാളിയാക്കി. അവസാനം വരെ ഗാന്ധിയൻ മൂല്യങ്ങൾ അനുസരിച്ചു ജീവിച്ചു.

ചിപ്കോ ആന്ദോളൻ അദ്ദേഹത്തി​ന് ആഗോളപ്രശസ്തി നേടികൊടുത്തു. ചിപ്കോ എന്നു പറഞ്ഞാൽ ആലിംഗനം ചെയ്യുക എന്നാണർത്ഥം. ഈ സമരത്തിലൂടെ ഉത്തരേന്ത്യയിലെ പതിനായിരക്കണക്കിന് മരങ്ങളെ അദ്ദേഹം സംരക്ഷിച്ചു. സ്ത്രീകളും കുട്ടികളുമായിരുന്നു ആന്ദോളനിലെ സഹ പോരാളികൾ. ചിപ്കോ പ്രസ്ഥാനത്തെ വെറും മരപ്രേമമായി ചുരുക്കി കാണാനാവില്ല. ചിപ്കോയിലൂടെ മരങ്ങൾ മണ്ണിനും ഭൂമിക്കും ജലത്തിനും നൽകുന്ന സേവനങ്ങൾ നാടിനെ ബോദ്ധ്യപ്പെടുത്താൻ കൃത്യമായി അദ്ദേഹത്തിന് കഴിഞ്ഞു. മരങ്ങൾ വെട്ടി വെളുപ്പിക്കുമ്പോൾ വലിയ തോതിൽ മഴവെള്ളം ഭൂമിയിലേക്കിറങ്ങി മണ്ണൊലിപ്പും കൃഷിനാശവുമുണ്ടാകുമെന്ന യാഥാർത്ഥ്യം ജനങ്ങൾക്ക് മനസിലാക്കി കൊടുത്തു. ഉത്തരാഖണ്ഡിൽ ഏറ്റവും ഒടുവിൽ സംഭവിച്ച ദുരന്തങ്ങൾ മലയിടിച്ചിൽ മൂലമാണ് ഉണ്ടായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ദുരന്തത്തിനു കാരണം ഹിമാലയത്തിലെ വനനശീകരണമാണ്.

പരിസ്ഥിതി ശാസ്ത്രമാണ് സുസ്ഥിര സാമ്പത്തികശാസ്ത്രം എന്ന മുദ്രാവാക്യം ഉയർത്തിയത് സുന്ദർലാൽ ബഹുഗുണയാണ്. ഈ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി 1981-83 കാലത്ത് ഹിമാലയസാനുക്കളിൽ അദ്ദേഹം അയ്യായിരം കിലോമീറ്ററിലധികം പദയാത്ര നടത്തി. എല്ലാ ഗ്രാമങ്ങളിലേക്കും അദ്ദേഹത്തിന്റെ യാത്രാസംഘമെത്തി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ നേരിൽക്കണ്ട് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞു. ഇതിന്റെ തുടർച്ചയെന്നോണം 15 വർഷത്തേക്ക് ഹിമാലയസാനുക്കളിലെ പല പ്രദേശങ്ങളിലെയും മരങ്ങൾ വെട്ടുന്നതു തടഞ്ഞുകൊണ്ട് സർക്കാർ ഉത്തരവുണ്ടായി.

തെഹ്‌രി ഡാമിനെതിരെയുള്ള സമരമായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനഘട്ടം. 1995 കാലത്ത് ഭാഗീരഥി നദിയുടെ തീരത്ത് 45 ദിവസം സമരം നടത്തി. ഇതേത്തുടർന്ന് തെഹ്‌രി അണക്കെട്ടു മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ സർക്കാർ ഉന്നതാധികാര സമിതിയെ നിയോഗിച്ചു. 1996 ൽ ദേവഗൗഡ പ്രധാനമന്ത്രിയായിരുന്നപ്പോൾ ഡൽഹിയിലെ ഗാന്ധിസമാധിയായ രാജ്‌ഘട്ടിൽ 74 ദിവസം അദ്ദേഹം നിരാഹാരം അനുഷ്‌ഠിച്ചു. പദ്ധതി പുന:പരിശോധിക്കുമെന്ന് പ്രധാനമന്ത്രിയിൽ നിന്ന് ഉറപ്പുകിട്ടിയ ശേഷമാണ് നിരാഹാരം അവസാനിപ്പിച്ചത്.

സുപ്രീംകോടതി വിധിയെത്തുടർന്ന് 2001 ൽ തെഹ്‌രി അണക്കെട്ടിന്റെ നിർമ്മാണം പുനരാരംഭിച്ചു. അതിനെതിരെ നടന്ന സമരത്തിന്റെ ഭാഗമായി ഏപ്രിൽ 20 ന് അദ്ദേഹം ജലസമാധി നടത്തുമെന്ന് പ്രഖ്യപിച്ചു. ഡാമിന്റെ വൃഷ്‌ടിപ്രദേശത്തു നിന്ന് മാറിത്താമസിക്കാൻ വിസമ്മതിച്ചു. 2004 ജൂലായിൽ ജലം ഉയർന്ന് ആശ്രമം മുങ്ങിയ ഘട്ടത്തിൽ ബലംപ്രയോഗിച്ച് അദ്ദേഹത്തെ അവിടെനിന്ന് മാറ്റി. പിന്നീട് ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിൽ ഭാര്യയോടൊപ്പമായിരുന്നു താമസം.

ഹിമാലയത്തിൽ ജീവിക്കുന്ന ജനങ്ങളുടെ,​ പ്രത്യേകിച്ച് സ്ത്രീകളുടെ ജീവിതദുരന്തങ്ങൾ പൊതുസമൂഹത്തിനു മുന്നിലും സർക്കാരുകൾക്കും മുന്നിൽ തുറന്നുകാട്ടാൻ അദ്ദേഹം എന്നും ശ്രദ്ധിച്ചു. ഇന്ത്യയിലെ വിവിധ നദികളെക്കുറിച്ച് അദ്ദേഹത്തിന് അഗാധമായ അറിവുണ്ടായിരുന്നു. നർമ്മദ ഡാം ഉൾപ്പെടെ വൻ പദ്ധതികൾ വലിയ ദുരന്തമാകുമെന്ന് ജനങ്ങളെയും സർക്കാരിനെയും ബോദ്ധ്യപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. ഒരുപക്ഷേ കാലാവസ്ഥമാറ്റം പോലെയുള്ള മഹാദുരന്തങ്ങൾ വരാനിരിക്കുന്ന ഇക്കാലത്ത് സുന്ദർലാൽ ബഹുഗുണയുടെ വാക്കുകൾ മുന്നറിയിപ്പായി കണക്കാക്കണം.

(തയ്യാറാക്കി​യത് : പ്രസന്ന)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUNDERLAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.