SignIn
Kerala Kaumudi Online
Thursday, 25 April 2024 7.58 AM IST

തിര തകർത്തെറിഞ്ഞ ജീവിതങ്ങൾ

ponnani

ഒരുകാലത്ത് ഓലയിട്ട വീടുകളായിരുന്നു എന്ന് പുതുതലമുറയോട് പറഞ്ഞാൽ അല്പം കൗതുകത്തോടെയാവും അവർ കേട്ടുനിൽക്കുക. ഒരുപക്ഷെ പതിറ്റാണ്ടുകൾക്ക് മുൻപുള്ള ചിത്രങ്ങളോ സിനിമാ ദൃശ്യങ്ങളോ വേണ്ടി വന്നേക്കാം രൂപം മനസിലേക്ക് വരാൻ. ത്രീഡി ഇമേജിംഗിലേക്ക് വരെ കെട്ടിട നിർമ്മാണ മേഖല വളർന്നിട്ടും ഓലയിട്ട വീടുകൾ എന്നത് ആരെയും തെല്ല് അത്ഭുതപ്പെടുത്തിയേക്കാം. എന്നാൽ ഈ കാഴ്‌ച ഒട്ടും പുതുമയുള്ളതല്ല മലപ്പുറത്തെ തീരദേശങ്ങളിൽ. ഓടിട്ട വീടുകളേക്കാൾ ഓലയിട്ട വീടുകളുള്ള തീരദേശങ്ങളുണ്ട്. മാറിമാറി വരുന്ന സർക്കാരുകളൊന്നും ഇവരുടെ ദൈന്യത വേണ്ട വിധത്തിൽ പരിഗണിച്ചിട്ടില്ല. തലമുറകളായി വസിക്കുന്ന ഇടങ്ങളിൽ രേഖകളുടെ കുറവാണ് ചിലർക്ക് വിനയായത്. മറ്റുള്ളവർക്ക് ഭരണ നേതൃത്വങ്ങളുടെ അവഗണനയും അവകാശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും.

കടലിനോട് മല്ലടിച്ചിട്ടും ജീവിക്കാൻ പാടുപെടുന്ന ഈ മനുഷ്യരുടെ ദൈന്യത കഴിഞ്ഞ ദിവസങ്ങളിൽ അതിന്റെ മൂർത്തീ ഭാവത്തിലെത്തിയിട്ടുണ്ട്. ടൗട്ടേ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ അറബിക്കടൽ രൗദ്രഭാവം പൂണ്ടപ്പോൾ ആർത്തലച്ചെത്തിയ തിരമാലകൾ തകർത്തെറിഞ്ഞത് ഈ ഓലവീടുകളും ഒരുപറ്റം മനുഷ്യരുടെ സ്വപ്‌നങ്ങളുമാണ്. തലചായ്ക്കാൻ ഇടമില്ലാതെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ട ഇവരുടെ മുന്നിൽ ഇനിയുള്ള ജീവിതം ചോദ്യചിഹ്നമാണ്. ഇതിന്റെ ഏറ്റവും വലിയ ദുരിതം നേരിടുന്നത് പൊന്നാനി തീരമേഖലയിലാണ്.
രണ്ട് ദിവസത്തെ കടലിന്റെ കലിയിൽ പൊന്നാനി തീരത്ത് മാത്രം വഴിയാധാരമായത് ഇരുപതിലധികം കുടുംബങ്ങളാണ്. പൊന്നാനി അഴീക്കൽ മുതൽ പാലപ്പെട്ടി കാപ്പിരിക്കാട് വരെയുള്ള തീരത്തുള്ളവരുടെ വീടുകളാണ് കടലെടുത്തത്. എഴുപതോളം വീടുകൾ ഭാഗികമായി തകർന്നു. പരപ്പനങ്ങാടി, താനൂർ, വെളിയങ്കോട്, വള്ളിക്കുന്ന് തീരപ്രദേശങ്ങളിലെ കണക്കെടുത്താൽ നഷ്ടങ്ങളുടെ തോത് ഇനിയും ഉയരും. പൊന്നാനിയെ ബാധിച്ചത്ര രൂക്ഷമായി ഇവിടങ്ങളിൽ ബാധിച്ചിട്ടില്ല എന്നേയുള്ളൂ.
ജീവിത സമ്പാദ്യമായി പടുത്തുയർത്തിയ വീടുകൾ തിരകൾ തകർത്തെറിഞ്ഞത് നിസഹായതയോടെ നോക്കിനിൽക്കേണ്ട അവസ്ഥയിലാണ് തീരജനത.

കഴിഞ്ഞ മൺസൂണിൽ നിരവധി വീടുകൾ പൂർ‌ണമായി തകരുകയും വാസയോഗ്യമല്ലാതാവുകയും ചെയ്തിട്ടുണ്ട്. സാധാരണഗതിയിൽ മൺസൂണിന് ഒപ്പമാണ് തീരപ്രദേശങ്ങളിൽ ദുരിതം പെയ്തിറങ്ങാറുള്ളതെങ്കിൽ ഇത്തവണ ടൗട്ടേക്ക് പിന്നാലെ നേരത്തെ തന്നെ ദുരിതമെത്തി. ഇനി മൺസൂണിന്റെ കലി ബാക്കി നിൽക്കുകയാണ്. കിടപ്പാടം കടലെടുത്ത് തെരുവിലേക്കിറക്കപ്പെടുന്ന തങ്ങളുടെ ദുരിതത്തിന് എന്ന് അറുതിയാകുമെന്ന ചോദ്യമാണ് തീരം ഉയർത്തുന്നത്.

എന്ന് വരും കടൽഭിത്തി ?

കടൽ ഭിത്തിയുടെ അഭാവം അഴീക്കൽ മേഖലയിലെ ജനവാസം ദുരിതത്തിലാക്കിയിട്ടുണ്ട്. പല വീടുകളും തിരമാലകളുടെ ശൗര്യം ഇടതടവില്ലാതെ അനുഭവിക്കുന്നവരാണ്. കഴിഞ്ഞ ജൂണിൽ മഴയെത്തിയത് മുതൽ തുടങ്ങിയ ദുരിതം ഇപ്പോഴും തുടരുകയാണ്. തിരമാലകൾക്കൊപ്പം മണലും വീട്ടിനകത്തേക്ക് കയറുന്നത് ദുരിതം ഇരട്ടിയാക്കുന്നു. വേലിയിറക്ക സമയമായാൽ മണൽ വാരി പുറത്തിടും. വേലിയേറ്റത്തിൽ ഈ മണലൊക്കെയും വീടിനകത്തെത്തും.

ടൗട്ടേക്ക് പിന്നാലെ ഉയർന്നടിച്ചെത്തിയ തിരമാലകൾ പല വീടുകളിലും മൺകൂനകളാണ് സൃഷ്ടിച്ചത്. ഇവിടങ്ങളിൽ ഇനി താമസിക്കുക അപ്രായോഗികമാണ്. മൺസൂണിലെ തിരമാലകളിൽ വീടിനകത്തേക്ക് മണലും വെള്ളവും കയറുന്നത് തടയാൻ വാതിലിനു മുന്നിൽ മരപ്പലകയും മണൽചാക്കും നിരത്തുകയാണ് ചെയ്യാറുള്ളത്. ശക്തമായ തിരമാലയിൽ ഇവ ഒലിച്ചു പോവും. കടലേറ്റം തടയാനായി നഗരസഭ വീടുകൾക്കു മുന്നിൽ മണൽഭിത്തി കെട്ടി നൽകിയിരുന്നെങ്കിലും തിരമാലകളുടെ പ്രവാഹത്തിൽ മണൽ ഒലിച്ചുപോയി. ടൗട്ടേക്ക് മുൻപെ ഓഖി തിരമാലകൾ ഈ മേഖലയിൽ വൻ നാശനഷ്ടങ്ങളാണുണ്ടാക്കിയത്. വീടുകളുടെ പകുതി ഭാഗത്തോളം മണൽ നിറഞ്ഞു. ദിവസങ്ങളോളം ഏറെ പ്രയത്നിച്ചാണ് ഈ വീടുകൾ താമസ യോഗ്യമാക്കിയത്.

പാലിക്കപ്പെടുമോ ഉറപ്പ് ?

പൊന്നാനിയിൽ ലൈറ്റ് ഹൗസിന്റെ വടക്ക് 150 മീറ്റർ ഭാഗത്ത് കടൽഭിത്തി നിർമ്മിച്ചാൽ നിലവിൽ നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരമാകുമെന്നാണ് തീരപ്രദേശത്തുകാർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇക്കാര്യം അധികൃതർ ഗൗനിക്കുന്നില്ലെന്ന പരാതിയാണ് ഇവ‌ർക്ക്. ഓഖി ദുരന്തത്തിൽ പൊന്നാനി തീരദേശ മേഖലയിലെ ഒട്ടുമിക്ക കടൽ ഭിത്തികളും തകർന്നിരുന്നു. എവിടെയും പുനർനിർമ്മാണം നടത്തിയിട്ടില്ല. കടൽഭിത്തിക്ക് പകരം ജിയോ ടെക്‌സ്‌റ്റൈൽ ട്യൂബ് എന്ന നൂതന സംവിധാനം പൊന്നാനി തീരത്ത് പരീക്ഷിക്കാനാണ് ഇറിഗേഷൻ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ഇതിനുള്ള നടപടികൾ പൂർത്തിയായെങ്കിലും സാങ്കേതികാനുമതി വൈകുന്നത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമാകുകയാണ്. വള്ളിക്കുന്ന്, വെളിയങ്കോട് , താനൂർ ഭാഗങ്ങളിലെ തീരപ്രദേശങ്ങളും കടൽഭിത്തി ഇല്ലാത്തത് മൂലം സമാനമായ ദുരിതം അനുഭവിക്കുന്നുണ്ട്. പലയിടങ്ങളിലും റോഡ‌ുകളും കടലെടുത്തു. കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ കടൽഭിത്തി കെട്ടാനുള്ള നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന ജില്ലാ തല കോർഡിനേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യോഗം തീരുമാനിച്ചിട്ടുണ്ട്. കടലാക്രമണം രൂക്ഷമാവുമ്പോൾ കേൾക്കുന്ന പതിവ് ചൊല്ലായാണ് തീരദേശം ഇതിനെ കാണുന്നത്. ഓഖിയിൽ തകർന്ന കടൽഭിത്തി പോലും ഇന്നും അങ്ങനെ തന്നെ കിടക്കുമ്പോൾ പുതിയ കടൽഭിത്തി എന്നത് ഇവരുടെ മുന്നിലെ വലിയ ചോദ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MALAPPURAM DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.