SignIn
Kerala Kaumudi Online
Saturday, 20 April 2024 3.47 AM IST

ദുരൂഹതയേറി അജ്ഞാത രോഗം, അന്വേഷണവുമായി യു.എസ്

havana-syndrome

കഴിഞ്ഞ വർഷം നവംബറിൽ, യു.എസിലെ വൈറ്റ് ഹൗസ് വളപ്പിലെ ഒരു സ്റ്റാഫ് ഗേറ്റിലൂടെ കടന്നുപോകാൻ ശ്രമിച്ച നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഉദ്യോഗസ്ഥന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇദ്ദേഹത്തിന് തലവേദനയും ഉറക്കമില്ലായ്മയും ഒരാഴ്ച നീണ്ടു നിന്നിരുന്നു. ഏതാനും ആഴ്ചകൾക്ക് ശേഷം, നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ തന്നെ മറ്റൊരു ഉദ്യോഗസ്ഥൻ വൈറ്റ് ഹൗസ് ഗേറ്റിന് സമീപത്ത് വച്ച് കടുത്ത ദേഹാസ്വാസ്ഥ്യം നേരിടുകയുണ്ടായി. ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ഈ രണ്ട് സംഭവത്തിലും ഫെഡറൽ ഏജൻസികൾ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

കാരണം, നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചത് സാധാരണ ലക്ഷണങ്ങളല്ലായിരുന്നു. ' ഹവാന സിൻഡ്രോം " എന്ന പേരിലറിയപ്പെടുന്ന ഇതുവരെ ഉറവിടമോ കാരണമോ കണ്ടെത്താനാകാത്ത അജ്ഞാത രോഗത്തിന്റെ ലക്ഷണങ്ങളായിരുന്നു ഇതെന്നാണ് സംശയിക്കുന്നത്. ഇതിന് മുമ്പ് ഈ അജ്ഞാത രോഗത്തിന്റെ ഫലമായി ഏതാനും യു.എസ് ഉദ്യോഗസ്ഥർക്ക് കേൾവിയ്ക്കും മസ്തിഷ്കത്തിനും തകരാറുകൾ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ അഞ്ച് വർഷമായി വർദ്ധിച്ചു വരുന്ന ഹവാന സിൻഡ്രോം രോഗലക്ഷണങ്ങൾ എന്താണെന്നും അതിന്റെ കാരണം കണ്ടെത്തണമെന്നുമുള്ള ആവശ്യം ശക്തമായതോടെയാണ് അന്വേഷണം ശക്തമാക്കാൻ ജോ ബൈഡൻ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.

 എന്താണ് ഹവാന സിൻഡ്രോം

2016 - 2017 കാലയളവിൽ ക്യൂബയുടെ തലസ്ഥാന നഗരമായ ഹവാനയിലെ യു.എസ് എംബസി ഉദ്യോഗസ്ഥർക്കിടെയിൽ ഒരു അജ്ഞാത രോഗം കണ്ടെത്തുകയുണ്ടായി. ഇതിനെ ഹവാന സിൻഡ്രോം എന്ന പേരിലാണ് യു.എസ് അധികൃതർ വിശേഷിപ്പിച്ചത്. ഇതെന്താണെന്നോ ഇതിന്റെ ഉറവിടം എവിടെ നിന്നാണെന്നോ കണ്ടെത്താനായിരുന്നില്ല. കേൾവി തകരാർ, തലകറക്കം, ശരീരത്തിലെ തുലനാവസ്ഥ നഷ്‌ടമാവുക തുടങ്ങിയ നാഡീ സംബന്ധമായ ലക്ഷണങ്ങളാണ് ഹവാന സിൻഡ്രോം കണ്ടെത്തിയ നയതന്ത്ര ഉദ്യോഗസ്ഥരിൽ പ്രകടമായ ലക്ഷണങ്ങൾ.

തീവ്രമായ ശബ്ദം, മസ്തിഷ്കത്തിലേക്ക് ശക്തമായ തരംഗങ്ങൾ എന്നിവയാലുള്ള ആക്രമണം ഹവാന സിൻഡ്രോം കണ്ടെത്തിയ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായെന്നാണ് കണ്ടെത്തൽ. തലവേദന, ചെവിവേദന എന്നിവയ്ക്ക് ഇത് കാരണമായി. ചിലരിൽ ഈ ലക്ഷണങ്ങൾ ഉടൻ പ്രകടമായി. ചിലർക്ക് നിരന്തരമായ ഉറക്കമില്ലായ്മയുടെയും തലവേദനയുടെയും രൂപത്തിലാണ് പ്രടകമായത്.

 കാരണം ?

ഹവാന സിൻഡ്രോമിന്റെ കാരണങ്ങളായി നിരവധി സിദ്ധാന്തങ്ങൾ നിരത്തപ്പെടുന്നുണ്ട്. രാത്രികളിൽ അനുഭവപ്പെട്ട അസാധാരണമായ റേഡിയോ ഫ്രീക്വൻസി തരംഗങ്ങളാണ് ഉദ്യോഗസ്ഥരിൽ രോഗലക്ഷണങ്ങൾ പ്രകടമാക്കാൻ കാരണമെന്നാണ് നാഷണൽ അക്കാഡമി ഒഫ് സയൻസസിന്റെ നിഗമനം. രാസായുധ പ്രയോഗം, പകർച്ചവ്യാധി തുടങ്ങിയ കാരണങ്ങളും സംശയനിഴലിലുണ്ടായിരുന്നു. സോണിക് ആയുധങ്ങളിൽ നിന്നുള്ള തരംഗങ്ങളാണോ ഇതിന് പിന്നിലെന്നും ആദ്യം സംശയം ഉയർന്നിരുന്നു.

ക്യൂബയിലെ എംബസിയിൽ ജോലി ചെയ്തിരുന്ന 40 ഉദ്യോഗസ്ഥരിൽ നടത്തിയ പരിശോധനയിൽ മസ്തിഷ്ക ഘടന ദുരൂഹമായ വിധത്തിൽ മാറിമറിഞ്ഞതായി ഗവേഷകർ കണ്ടെത്തിയിരുന്നു. പ്രശ്നം ആദ്യമായി റിപ്പോർട്ട് ചെയ്ത സമയം 21 പേരിൽ നടത്തിയ എം.ആർ.ഐ സ്കാനിങ്ങിൽ മസ്തിഷ്കത്തിനു കാര്യമായ മാറ്റങ്ങളുണ്ടായിരുന്നില്ല. എന്നാൽ, മൂന്നു വർഷങ്ങൾക്ക് ശേഷം 2019ലാണ് ഉദ്യോഗസ്ഥരുടെ മസ്തിഷ്കത്തിന്റെ ‘പാറ്റേണിൽ’ മാറ്റമുണ്ടായതായി കണ്ടെത്തിയത്. അതേ സമയം, രോഗ ലക്ഷണങ്ങൾക്ക് കാരണമായ റേഡിയോ ഫ്രീക്വൻസി തരംഗങ്ങൾ എവിടെ നിന്നെത്തി എന്നത് വ്യക്തമല്ല.

 ആർക്കൊക്കെ ?

ഇതുവരെ യു.എസിന്റെ 130ലേറെ നയതന്ത്ര, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും ചാരൻമാരെയും സൈനികരെയുമാണ് ഹവാന സിൻഡ്രോം ബാധിച്ചത്. ക്യൂബയ്ക്ക് പുറമേ ചൈന, യൂറോപ്പ് എന്നിവിടങ്ങളിലും യു.എസിലും ഹവാന സിൻഡ്രോം കണ്ടെത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, AMERICA, HAVANA SYNDROME, US, DIPLOMATS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.