12 ഐ.സി.യു കിടക്കകൾ
30 ഓക്സിജൻ കിടക്കകൾ
കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നവീകരിച്ച ജില്ലാ ആശുപത്രിയിലെ കൊവിഡ് വാർഡിന്റെ ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ നിർവ്വഹിച്ചു. കൊവിഡ് ചികിത്സയ്ക്കായുള്ള അത്യാധുനിക സംവിധാനങ്ങളോടുകൂടിയ എം.ഐ.സി.യു വാർഡാണ് ജില്ലാ ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുള്ളതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പറഞ്ഞു.
വാർഡിൽ നാലു വെന്റിലേറ്ററുകൾക്ക് പുറമെ12 ഐ.സി.യു കിടക്കകളും 30 ഓക്സിജൻ കിടക്കകളും ഓക്സിമീറ്ററുകൾ, ഓക്സിജൻ വിതരണ ശൃംഖല, സെൻട്രൽ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലാ പഞ്ചായത്ത് 60 ലക്ഷം രൂപ ചെലവിലാണ് പഴയ വാർഡ് പുതുക്കി എം.ഐ.സി.യു ആക്കി മാറ്റിയത്. ഏഴ് ദിവസം കൊണ്ടാണ് വാർഡ് ഒരുക്കിയത്. അത്യാധുനിക ചികിത്സാ ഉപകരണങ്ങൾക്കൊപ്പം രോഗികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി ക്ലബ് എഫ്.എമ്മുമായി ചേർന്ന് മ്യൂസിക് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. വൈ.എം.സി.എ ഹൃദയാരാം കൗൺസലിംഗ് സെന്ററിന്റെ നേതൃത്വത്തിൽ കൗൺസലിംഗ് സൗകര്യവുമുണ്ട്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വി.കെ സുരേഷ് ബാബു, അഡ്വ. ടി. സരള, അഡ്വ. കെ.കെ രത്നകുമാരി, യു.പി ശോഭ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. രാജീവ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രം മാനേജർ ഡോ. പി.കെ അനിൽകുമാർ, സിസ്റ്റർ ജ്യോതി, വൈ.എം.സി.എ ഹൃദയാരാം ജില്ലാ ചെയർമാൻ വി.എം മത്തായി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |