SignIn
Kerala Kaumudi Online
Thursday, 25 April 2024 10.24 AM IST

ആവേശംവിതറി വി.ഡി. സതീശൻ

vd

കൊച്ചി: ലീഡർ കെ. കരുണാകരന്റെ അനുയായി. തിരുത്തൽവാദത്തിന് തുടക്കമിട്ട നാൽവർ സംഘത്തിലെ ജി. കാർത്തികേയന്റെ പ്രിയശിഷ്യൻ. തിരഞ്ഞെടുപ്പ് ഗോദയിലിറക്കിയത് എ.കെ. ആന്റണി. വിദ്യാർത്ഥികാലത്ത് ആരംഭിച്ച രാഷ്ട്രീയപ്രവർത്തനം വി.ഡി. സതീശന് നൽകിയ അംഗീകാരമാണ് പ്രതിപക്ഷ നേതൃസ്ഥാനം.
ലീഡർ കെ. കരുണാകരന്റെ കർമമണ്ഡലമായിരുന്നു എറണാകുളം. പനമ്പിള്ളിനഗറിലെ മകൾ പത്മജ വേണുഗോപാലിന്റെ വീട് ഭരണകാര്യങ്ങളിലും കോൺഗ്രസ് രാഷ്ട്രീയത്തിലെ നിർണായകമായ സന്ദർഭങ്ങൾക്കും വേദിയായിട്ടുണ്ട്. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും തിളങ്ങിയ ലീഡറുടെ വഴിയേയാണ് വി.ഡി. സതീശന്റെയും മുന്നേറ്റമെന്ന് കോൺഗ്രസിലെ നേതാക്കൾ അനുസ്മരിക്കുന്നു. മുഖ്യമന്ത്രി പദത്തിലേക്കുള്ള കാൽവയ്പ്പായും പുതിയ ദൗത്യത്തെ വിലയിരുത്തപ്പെടുന്നു.
കെ. കരുണാകരനെതിരെ ഉയർന്ന തിരുത്തൽവാദികളിൽ ഒരാളായ ജി. കാർത്തികേയനായിരുന്നു വി.ഡി. സതീശന്റെ രാഷ്ട്രീയ ഗുരുക്കളിൽ പ്രധാനി. കെ. കരുണാകരനുമായും അടുപ്പമുണ്ടായിരുന്നു. തിരുത്തൽവാദ കാലത്ത് അല്പം അകന്നെങ്കിലും രാഷ്ട്രീയഗുരുവായിരുന്നു. എൻ.എസ്.യു സെക്രട്ടറിയായിരിക്കെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെ. കരുണാകരൻ നിർദേശിച്ചെങ്കിലും നിരസിച്ച ചരിത്രവുമുണ്ട് സതീശന്. കോൺഗ്രസിലെ നേതാക്കളെയെല്ലാം വിസ്മയിപ്പിച്ച തീരുമാനമായിരുന്നു അദ്ദേഹത്തിന്റേത്. 1996ൽ പറവൂരിൽ നിയമസഭയിലേയ്ക്ക് മത്‌സരിക്കാൻ സതീശന്റെ പേര് നിർദേശിച്ചത് എ.കെ. ആന്റണിയാണ്. ഇടതിനെയും വലതിനെയും വിജയിപ്പിച്ച് ശീലമുള്ള പറവൂർ ആദ്യമത്സരത്തിൽ സതീശനെ തോല്പിച്ചെങ്കിലും 2001 ൽ വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ചു. പിന്നീട് എല്ലാ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർദ്ധിപ്പിച്ച് പറവൂർ സ്‌നേഹപ്രകടനം തുടർന്നു.
ഗ്രൂപ്പ് രാഷ്ട്രീയത്തിൽ ഐ ഗ്രൂപ്പിനൊപ്പമായിരുന്നു എക്കാലത്തും സതീശൻ. മികച്ച നേതാവ്, സാമാജികൻ എന്നീ നിലകളിലെ തിളക്കം മറുഗ്രൂപ്പിലെ പലർക്കും വ്യക്തിപരമായ അടുപ്പം സമ്മാനിച്ചു. വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കുന്നതും തുറന്ന സംവാദത്തിന് മടിയില്ലാത്ത നിലപാടും തിളക്കം വർദ്ധിപ്പിച്ചു. മുൻ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് അന്യസംസ്ഥാന ലോട്ടറി വിഷയം ഉയർത്തുകയും ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കിനെ നിയമസഭയിലും പുറത്തും മുൾമുനയിൽ നിറുത്താനും കഴിഞ്ഞ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം ശ്രദ്ധിക്കപ്പെട്ടു. പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് നയിച്ചതും ഇത്തരം പോരാട്ടങ്ങളിൽ നേതൃപരമായ പങ്ക് വഹിച്ചതിന് ലഭിച്ച അംഗീകാരമായി വിലയിരുത്തപ്പെടുന്നു.

കുടുംബം
നെട്ടൂർ സ്വദേശികളും പരേതരുമായ കെ. ദാമോദരമേനോന്റെയും വിലാസിനി അമ്മയുടെയും മകൻ.
ഭാര്യ: ലക്ഷ്മിപ്രിയ
മകൾ: ഉണ്ണിമായ

പഠനകാലം
തേവര എസ്.എച്ച് കോളേജിൽ നിന്ന് സോഷ്യോളജിയിൽ ബിരുദം
തിരുവനന്തപുരത്തു നിന്ന് എൽ.എൽ.ബി
കേരള, എം.ജി സർവകലാശാലകളിൽ അഞ്ചുതവണ യൂണിയൻ കൗൺസിലർ
എം.ജിയിൽ യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ
എൻ.എസ്.യു ദേശീയ സെക്രട്ടറി

കോൺഗ്രസ് ചുമതലകൾ
തമിഴ്‌നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി
എ.ഐ.സി.സിയുടെ 84 ാം പ്‌ളീനറി സമ്മേളനത്തിൽ സാമ്പത്തികപ്രമേയം തയ്യാറാക്കിയ സമിതി അംഗം
ഒഡിഷ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ച സമിതി അദ്ധ്യക്ഷൻ
കെ.പി.സി.സി വൈസ് പ്രസിഡന്റ്
നിയമസഭയുടെ പബ്‌ളിക് അക്കൗണ്ട്‌സ്, എസ്റ്റിമേറ്റ് കമ്മിറ്റികളുടെ അദ്ധ്യക്ഷൻ
നിരവധി തൊഴിലാളി യൂണിയനുകളുടെ പ്രസിഡന്റ്
മികച്ച പ്രവർത്തനത്തിന് നിരവധി അവാർഡുകൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, LEADER KARUNAKARAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.