തിരുവനന്തപുരം: മന്ത്രിസഭയിൽ മുഖ്യമന്ത്രിയാണ് ഒന്നാമനെന്നും മറ്റെല്ലാവകുപ്പുകളും തുല്യമായതിനാൽ രണ്ടാമൻ ആരെന്നതിൽ അർത്ഥമില്ലെന്നും മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയിൽ വ്യക്തിയല്ല പ്രധാനം. മന്ത്രിസഭയിൽ മുഖ്യമന്ത്രി മാത്രം തുടർന്നാൽ മതി എന്നത് പാർട്ടി തീരുമാനമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂനപക്ഷ വകുപ്പ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അടിസ്ഥാനമില്ല. ന്യൂനപക്ഷം എന്നത് ഏതെങ്കിലും ഒരു വിഭാഗം മാത്രമല്ല. എല്ലാ വിഭാഗങ്ങളേയും ഉൾക്കൊള്ളുകയാണ് സർക്കാരിന്റെ ലക്ഷ്യം.
തുടർഭരണം കേരളത്തിലെ ജനങ്ങളുടെ ആഗ്രഹമായിരുന്നു. ജനങ്ങൾ ഇടതുമുന്നണിയിലൂടെ ആ ആഗ്രഹം നിറവേറ്റി. നവകേരളസൃഷ്ടിയാണ് സർക്കാരിന്റെ ലക്ഷ്യം. ലൈഫ് മിഷനിൽ നടപ്പാക്കാൻ തീരുമാനിച്ചതെല്ലാം പൂർത്തിയാക്കും. കൊവിഡ് കാലത്ത് വാർഡുതലസമിതികളും സാമൂഹ്യ അടുക്കളകളും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |