SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.57 PM IST

പ്രതീക്ഷയുടെ തലമുറമാറ്റം : വി.ഡി. സതീശൻ പ്രതിപക്ഷനേതാവ്, കാത്തിരിപ്പിന് വിരാമമിട്ട് ഹൈക്കമാൻഡ്

ff

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിലെ കോൺഗ്രസിന് പുതുജീവൻ പകരാൻ പ്രഗൽഭ പാർലമെന്റേറിയനും പാർട്ടിയുടെ രണ്ടാം നിരയിലെ ചടുലമുഖവുമായ വി.ഡി. സതീശനെ (57) നിയമസഭാകക്ഷി നേതാവായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. രണ്ടാമത്ത വലിയ കക്ഷിയുടെ നേതാവെന്ന നിലയിൽ വി. ഡി. സതീശൻ പ്രതിപക്ഷനേതാവാകും.

പാർട്ടി പ്രവർത്തനം ഗ്രൂപ്പ് പ്രവർത്തനമായി ക്ഷയിച്ചതിന്റെ പ്രത്യാഘാതമാണ് നേരിടുന്നതെന്നും തലമുറമാറ്റം അനിവാര്യമാണെന്നും ബോധ്യം വന്ന കേന്ദ്രനേതൃത്വം ചെന്നിത്തലയ്ക്കും ഉമ്മൻചാണ്ടിക്കും വഴങ്ങാൻ വിസമ്മതിക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവായി നിലനിർത്താൻ അവസാനനിമിഷം വരെ ഉമ്മൻ ചാണ്ടി ഉൾപ്പെടെ ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്തിയെങ്കിലും ഫലിച്ചില്ല. തീരുമാനത്തെ സ്വാഗതം ചെയ്ത ചെന്നിത്തല, വി.ഡി സതീശനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.

നിയമസഭയിൽ കോൺഗ്രസിന്റെ ശക്തമായ സാന്നിദ്ധ്യമാണ് സതീശൻ. ഗൃഹപാഠം ചെയ്ത് വിഷയങ്ങൾ അവതരിപ്പിക്കുന്നതിലെ സാമർത്ഥ്യവും രാഹുൽ ഗാന്ധിയുടെ ഉൾപ്പെടെ പിന്തുണയും സതീശന് അനുകൂലമായി.

സതീശനാണ് കക്ഷി നേതാവെന്ന് അറിയിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകി.

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തകർന്നടിഞ്ഞ കോൺഗ്രസിന് പുത്തനുണർവ്വേകാൻ പുതിയ നേതൃത്വം വരണമെന്ന പാർട്ടിയിലെ പൊതുവികാരം ഉൾക്കൊണ്ടാണ് ഹൈക്കമാൻഡ് തീരുമാനം. ഇത് ഘടകകക്ഷികളും സ്വാഗതം ചെയ്തു. പാർട്ടിയുടെ നിയുക്ത എം.എൽ.എമാരുടെയും എം.പിമാരുടെയും അഭിപ്രായങ്ങൾ ശേഖരിച്ച ഹൈക്കമാൻഡ് നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയും വി. വൈത്തിലിംഗവും നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

സതീശൻ വരട്ടെയെന്നായിരുന്നു വയനാട് എം.പി കൂടിയായ രാഹുലിന്റെയും നിലപാട്. കേരളത്തിലെ ദയനീയ തോൽവി രാഹുലിനും വിഷമമുണ്ടാക്കിയിരുന്നു. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പിന്തുണയും സതീശനായിരുന്നു. മുസ്ലിംലീഗും അവസാനനിമിഷം പിന്തുണച്ചത് ഹൈക്കമാൻഡിന് തീരുമാനം എളുപ്പമാക്കി. സ്ഥാനാർത്ഥി പട്ടികയിലും മന്ത്രിസഭയിലും സി.പി.എം സ്ഥിരം മുഖങ്ങളെ മാറ്റി പുതുമുഖങ്ങളെ കൂട്ടത്തോടെ രംഗത്തിറക്കിയതും കോൺഗ്രസ് ഹൈക്കമാൻഡിൽ സമ്മർദ്ദം കൂട്ടിയെന്ന് വേണം കരുതാൻ.

തീരുമാനത്തിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി ഒപ്പുവച്ചതോടെ, മല്ലികാർജുൻ ഖാർഗെയും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവറും രമേശ് ചെന്നിത്തലയെയും ഉമ്മൻ ചാണ്ടിയെയും മുല്ലപ്പള്ളി രാമചന്ദ്രനെയും ഫോണിൽ വിവരമറിയിക്കുകയായിരുന്നു.

വി.ഡി. സതീശൻ:

ജനനം: 1964 മേയ് 31. സ്വദേശം: എറണാകുളം

2001 മുതൽ തുടർച്ചയായി പറവൂർ എം. എൽ. എ.

 സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം

യു.ഡി.എഫ് ഉന്നതാധികാര സമിതിയംഗം.

പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി,​ എസ്റ്റിമേറ്റ് കമ്മിറ്റി അദ്ധ്യക്ഷനായിരുന്നു

കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിൽ

എം.ജി യൂണി.യൂണിയൻ മുൻ ചെയർമാൻ

എൻ.എസ്.യു ദേശീയ സെക്രട്ടറി.

തമിഴ്നാട് ചുമതല വഹിച്ച മുൻ എ.ഐ.സി.സി സെക്രട്ടറി

കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റ്.

മികച്ച എം.എൽ.എക്കുള്ള രണ്ട് ഡസനിലേറെ പുരസ്കാരങ്ങൾ

സോഷ്യോളജിയിലും നിയമത്തിലും ബിരുദം.

ഹൈക്കോടതിയിൽ മുമ്പ് അഭിഭാഷകൻ

മാതാപിതാക്കൾ: പരേതരായ വടശ്ശേരി കെ.ദാമോദര മേനോൻ, വിലാസിനി അമ്മ.

ഭാര്യ: ലക്ഷ്മിപ്രിയ. മകൾ: ഉണ്ണിമായ (പി.ജി വിദ്യാർത്ഥിനി).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: V.D.SATHEESAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.