SignIn
Kerala Kaumudi Online
Friday, 19 April 2024 1.16 PM IST

മുയൽ നാട്ടിലെ മധുര വിശേഷങ്ങൾ

rabbit-island

ജപ്പാൻ ഉൾക്കടലിലെ ടേക്കഹാര നഗരത്തിലെ ചെറിയ,​ മനോഹരമായ ഒരു ദ്വീപാണ് ഒകുനോഷിമ അഥവാ ഉസാഗി ഷിമ. മനുഷ്യവാസം തീരെയില്ലാത്ത,​ ഉപേക്ഷിക്കപ്പെട്ടതെന്ന് വിശേഷിപ്പിക്കാവുന്ന ഒരിടം. പക്ഷേ,​ ഇതിനൊരു പ്രത്യേകതയുണ്ട്. മനുഷ്യരില്ലെങ്കിലെന്താ,​ ഒന്നാന്തരം കാട്ടുമുയലുകളാണ് ഈ നാട് ഭരിക്കുന്നത്. ഉസാഗി ഷിമ എന്ന ജാപ്പനീസ് വാക്കിന്റെ അർത്ഥവും മുയലുകളുടെ ദ്വീപ് എന്നാണ്. ദ്വീപിന്റെ മുക്കിലും മൂലയും പ്രധാന ഇടങ്ങളിലൊക്കെ മുയലുകൾ സ്വതന്ത്രമായി വിഹരിക്കുകയാണ്.

അതിനാലാവണം ലോകത്തിലെ ഏറ്റവും 'ക്യൂട്ട് ' ആയ ദ്വീപുകളിൽ ഒന്നായാണ് കുനോഷിമ അറിയപ്പെടുന്നത്. ഈ ദ്വീപിൽ അങ്ങോളമിങ്ങോളം ഓടിക്കളിക്കുന്ന പഞ്ഞിക്കെട്ടു പോലുള്ള നൂറുകണക്കിന് സുന്ദരൻ മുയലുകളാണ് ഇതിന് കാരണം. ആരെയും കൂസാതെ ജീവിതം ആസ്വദിച്ച് സ്വാതന്ത്ര്യത്തോടെ നടക്കുന്ന മുയലുകൾ ഇവിടുത്തെ അത്ഭുത കാഴ്‌ചയാണ്. മുയലുകൾ തെരുവുകളിൽ കറങ്ങി നടക്കുകയും ആളുകളുമായി ചിരപരിചിതരെപ്പോലെ ഇടപഴകുകയും ചെയ്യുന്നു. സന്ദ‍ർശകരോട് സുഹൃത്തുക്കളെപ്പോലെയാണ് ഈ മുയലുകൾ ഇടപെടുന്നത്. അടുത്തു ചെല്ലുകയും കൈയിൽ നൽകുന്ന ആഹാരം കഴിക്കുകയും മുട്ടിയുരുമ്മി ഇരിക്കുകയും ചെയ്യുന്ന മുയലുകൾ നയാനന്ദകരമായ കാഴ്ചയാണ്. ഈ സവിശേഷത കാരണം, ഒകുനോഷിമയെ മുയലുകളുടെ നാട് (റാബിറ്റ് ദ്വീപ്)​ എന്ന് വിശേഷിപ്പിക്കാറുണ്ട്.

അല്പം ചരിത്രം

മുയലുകൾ ഈ ദ്വീപിൽ എത്തിപ്പെട്ടതിന്റെ യഥാർത്ഥ കാരണം ആർക്കും അറിയില്ല. മുയലുകൾ എത്തുന്നതിന് മുമ്പ് ഒകുനോഷിമ ദ്വീപിന് ഒരു ഇരുണ്ട ഭൂതകാലം ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇവിടം ജപ്പാനീസ് ആർമിയുടെ രഹസ്യ രാസായുധ പരീക്ഷണശാലയായിരുന്നു. ശത്രുക്കൾക്ക് നേരെ പ്രയോഗിക്കാനുള്ള നിരവധി വിഷവാതകങ്ങൾ ഇവിടെ ഉത്പാദിപ്പിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. മനുഷ്യവാസം തീരയില്ലെന്നതും മറ്റ് ജനവാസകേന്ദ്രങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് നിൽക്കുന്നുവെന്നതും ഈ ദ്വീപിനെ അത്തരം പരീക്ഷണങ്ങൾക്ക് തിരഞ്ഞെടുക്കാൻ കാരണമായി. 1929ൽ ഇവിടെ വിഷവാതക പരീക്ഷണശാല പ്രവർത്തിച്ചിരുന്നുവെന്നാണ് വിവരം. ദ്വീപിൽ കാണുന്ന വിഷവാതക മ്യൂസിയം അതിന്റെ അവശേഷിപ്പായി ഇന്നും നിലനിൽക്കുന്നുണ്ട്. 1988ലാണ് ഒകുനോഷിന പോയിസണസ് ഗ്യാസ് മ്യൂസിയം ജനങ്ങൾക്കായി തുറന്നു കൊടുത്തത്. വിവിധതരം വിഷവാതകങ്ങളെപ്പറ്റിയും അവ ശ്വസിച്ചാലുണ്ടാകുന്ന ദോഷവശങ്ങളെപ്പറ്റിയും ജനങ്ങളെ മനസിലാക്കിക്കൊടുക്കുക എന്നതായിരുന്നു മ്യൂസിയത്തിന്റെ ഉദ്ദേശ്യം.

ഇവിടത്തെ വിഷവാതക ഫാക്‌ടറികളിലേക്ക് പരീക്ഷണത്തിന് മുയലുകളെ എത്തിച്ചിരുന്നുവെന്നും രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടെ അവശേഷിച്ചവയെ ഇവിടെ തുറന്നു വിട്ടതായും പറയപ്പെടുന്നു. പിന്നീടവ പെറ്റുപെരുകി ദ്വീപു മുഴുവൻ മുയലുകളായെന്നാണ് ഒരു വാദം. പക്ഷേ,​ ഇതിന് യാതൊരു തെളിവുകളുമില്ല. പ്രദേശവാസികളാണ് ഇത്തരമൊരു കഥ പ്രചരിപ്പിക്കുന്നത്.

1971ൽ ദ്വീപ് സന്ദർശിക്കാനെത്തിയ സ്‌കൂൾ വിദ്യാർത്ഥികൾ എട്ട് മുയലുകളെ ഇവിടെ എത്തിച്ചെന്നും നിലനില്‌പിന് അനുയോജ്യമായ സാഹചര്യമായതിനാൽ ഇവയുടെ എണ്ണം കാലക്രമേണ ഗണ്യമായി വർദ്ധിച്ചു എന്നുമാണ് മറ്റൊരു വാദം. ഏതായാലും സഞ്ചാരികളുടെ മുഖ്യ ആകർഷണമായ ഈ മുയലുകൾ മനുഷ്യരോട് വളരെ ഇണക്കമുള്ളവയാണ്.

ദ്വീപിലെത്തിയ ബ്രിട്ടീഷ് ദമ്പതികളാണ് മുയൽജോടികളെ ഇവിടെ ആദ്യമായി എത്തിച്ചതെന്നും പറയപ്പെടുന്നുണ്ട്.

കഥകളെന്തായാലും നിലവിൽ ഇവിടെ മുയൽക്കുട്ടൻമാരുടെ വിളയാട്ടമാണ്. ഏതാണ്ട് 700നും ആയിരത്തിനും ഇടയ്ക്ക് മുയലുകൾ ഈ ചെറിയ ദ്വീപിൽ ഓടിക്കളിക്കുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

വൈറൽ വീഡിയോ

2014 വരെ ഈ മുയൽ നാടിനെക്കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല. ഒകുനോഷിമ ദ്വീപിന്റെ പരിസരപ്രദേശങ്ങളിലുള്ളവർ മാത്രം കടൽമാർഗം ഇവിടെ സന്ദർശിക്കുകയായിരുന്നു പതിവ്. എന്നാൽ 2014ൽ ദ്വീപ് സന്ദർശിക്കാനിടയായ ഒരു യുവതി, മുയൽക്കൂട്ടത്തിനൊപ്പമുള്ള രസകരമായ നിമിഷങ്ങളുടെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു. ഇത് വൈറലായി. ആയിരക്കണക്കിനാളുകൾ ഈ മുയൽ നാടെവിടെയാണെന്ന് അന്വേഷിച്ചെത്തി. ഒകുനോഷിമ ദ്വീപ് ഹിറ്റായി. അതിൽപ്പിന്നെയാണ് നൂറുകണക്കിന് സഞ്ചാരികൾ ദ്വീപ് സന്ദർശിക്കാനായി എത്തിത്തുടങ്ങിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RABBIT ISLAND
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.