SignIn
Kerala Kaumudi Online
Friday, 19 April 2024 5.19 AM IST

വി.ഡി. സതീശൻ വരുമ്പോൾ

v-d-satheesan

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല ഒരു വിജയമായിരുന്നു എന്ന ബോദ്ധ്യത്തിൽ നിന്നുവേണം പുതിയ പ്രതിപക്ഷ നേതാവാകുന്ന വി.ഡി. സതീശൻ പ്രവർത്തനം തുടങ്ങേണ്ടത്. സർക്കാരിന്റെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാട്ടി തിരുത്തിക്കുക എന്നതിനപ്പുറം പുതിയ പ്രതിപക്ഷനേതാവ് ഏറെ യാത്ര ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ പിണറായി സർക്കാരിനെതിരെ പല വിഷയങ്ങളും രമേശ് ചെന്നിത്തല ഉയർത്തിക്കൊണ്ടുവരികയും ലക്ഷ്യം കാണുകയും ചെയ്തു. പക്ഷേ അതിന്റെ ഗുണം കോൺഗ്രസിന് ലഭിച്ചില്ല. ബോദ്ധ്യപ്പെടുന്ന തെറ്റുകൾ തിരുത്താൻ സി.പി.എം സർക്കാർ തയാറായി എന്നതാണ് അതിന്റെ കാരണം. മുൻപായിരുന്നെങ്കിൽ സി.പി.എം അങ്ങനെ തിരുത്താൻ തയാറാകാതെ ബലംപിടിച്ച് ഇരുമ്പ് മറച്ചട്ടയ്ക്കുള്ളിൽ നിൽക്കുമായിരുന്നു. ഇത് ജനങ്ങൾക്ക് ഒരു പുതിയ അനുഭവമാണ്. ആര് ഭരിക്കുമ്പോഴും വീഴ്ചകളുണ്ടാകും. അത് തിരുത്താൻ തയാറാകാതെ വരുമ്പോഴാണ് അവർ കാലഹരണപ്പെടുന്നത്.

കോൺഗ്രസ് പാർട്ടി തെറ്റുകൾ തിരുത്താൻ മെനക്കെടാതെ വെറുതെ വർത്തമാനം പറഞ്ഞ് ആളുകളെ ബോദ്ധ്യപ്പെടുത്താനാണ് ശ്രമിച്ചത്. കോൺഗ്രസ് ജയിച്ചാൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് പറഞ്ഞാൽ വിലപ്പോകുന്ന കാലം കഴിഞ്ഞുപോയി. ഗവൺമെന്റിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിൽ പോലും പരമ്പരാഗത ശൈലിയിൽ നിന്നും പ്രതിപക്ഷനേതാവ് മാറി സഞ്ചരിക്കേണ്ട കാലമാണ്. സാങ്കേതികമായ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ തെളിവ് സഹിതം പ്രശ്നങ്ങൾ അവതരിപ്പിച്ചാൽ കൂടുതൽ സംസാരിക്കേണ്ട കാര്യം പോലുമില്ല. തൊട്ടതിനും പിടിച്ചതിനും സർക്കാരിനെ വിമർശിക്കുന്നതും ശരിയായ രീതിയല്ല. വിമർശനത്തെക്കാൾ പ്രധാനം പ്രതിപക്ഷ നേതാവിന്റെ വിശ്വാസ്യതയാണ്. അതിലൊരു കുറവ് വി.ഡി. സതീശന് സംഭവിക്കില്ലെന്നാണ് ഞങ്ങൾ കരുതുന്നത്.

ലോട്ടറി വിഷയത്തിൽ വി.ഡി. സതീശൻ കൈക്കൊണ്ട ശക്തമായ നിലപാട് തന്നെ അതിന് ഉദാഹരണം. ഏത് നേതാവിനെയും വിലയ്‌ക്കെടുക്കാൻ പോന്ന കുബേരശക്തികളാണ് ലോട്ടറി രാജാക്കന്മാരെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്. പക്ഷേ സതീശൻ ചാഞ്ചാടിയില്ല. അന്യസംസ്ഥാന ലോട്ടറികൾ സംസ്ഥാനത്ത് വിറ്റാൽ ഇവിടത്തെ സാധാരണക്കാരന്റെ പണം തൂത്തുവാരി അവർ കൊണ്ടുപോകുമെന്ന വസ്തുത കാര്യകാരണ സഹിതം വാദിക്കാനും കേരളത്തിന്റെ ക്ഷേമവും ഭാവിയും കരുതി ആ നിലപാടിൽ ഉറച്ചുനിന്ന് വിശ്വാസ്യത തെളിയിക്കാനും വി.ഡി. സതീശന് കഴിഞ്ഞു. ഏറ്റവും അവസാനം കോടതികൾ വരെ അന്യസംസ്ഥാന ലോട്ടറികൾ കേരളത്തിൽ വേണ്ടെന്ന നിലപാടിനോട് യോജിച്ചിരിക്കുകയാണ്. ഭാവിയിൽ കേരളത്തെ നയിക്കാൻ വേണ്ട മാനസിക ബലവും വിശ്വാസ്യതയും തനിക്കുണ്ടെന്ന് വി.ഡി. സതീശൻ തെളിയിച്ച ഒരു സംഭവം ചൂണ്ടിക്കാട്ടിയെന്നേയുള്ളൂ.

നിരവധി വെല്ലുവിളികളാണ് സതീശന് മുന്നിലുള്ളത്. നിലപാടുകളിൽ മലക്കം മറിയാത്ത അതിശക്തനായ പിണറായി വിജയനാണ് മറുവശത്ത് എന്ന വെല്ലുവിളി സതീശൻ എങ്ങനെ തരണം ചെയ്യുന്നു എന്നതാവും കൗതുകപൂർവം ജനങ്ങൾ ആദ്യം നിരീക്ഷിക്കുക.

സ്വന്തം പാർട്ടിയുടെ അകമഴിഞ്ഞ പിന്തുണയില്ലാതെ ഒരു പ്രതിപക്ഷ നേതാവിനും വിജയിക്കാനാവില്ല. പ്രതിപക്ഷ നേതാവ് മാത്രം വിചാരിച്ചതുകൊണ്ട് ഒരു പ്രതിഷേധവും വിജയിക്കണമെന്നില്ല. അതിന് അണികൾ വേണം. എല്ലാം മറന്ന് അണികൾ കൂടെ നിൽക്കണമെങ്കിൽ അവർക്ക് നേതാവിൽ വിശ്വാസം വേണം. ഇക്കഴിഞ്ഞ നാളുകളിൽ കോൺഗ്രസിൽ കുറവ് വന്നതും അതിനാണ്. ആ വിശ്വാസം വീണ്ടെടുക്കാനുള്ള വൈദഗ്ദ്ധ്യം, പക്വത, അവതരണ മികവ്, വിനയം, അഹങ്കാരമില്ലായ്മ തുടങ്ങിയ നിരവധി ഗുണങ്ങൾ ഇതുവരെയുള്ള പ്രവർത്തനത്തിലൂടെ തന്നെ വി.ഡി. സതീശൻ തെളിയിച്ചിട്ടുണ്ട്. അതിനാൽ കേരളത്തിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ ശോഭനമായ ഒരു ഭാവിയാണ് സതീശനെ കാത്തിരിക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം ഉയരാൻ സതീശന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VD SATHEESAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.