SignIn
Kerala Kaumudi Online
Friday, 19 April 2024 7.08 AM IST

സുവാരേസിന്റെ പ്രതികാരം

luiz-suarez

നന്ദി...വയസനെന്നും പാഴ് വസ്തുവെന്നും പറഞ്ഞ് എന്നെ ചിലർ അപമാനിച്ചു പറഞ്ഞുവിട്ടപ്പോൾ ഈ വാതിൽ തുറന്നുതന്നതിന്, നിങ്ങളിലൊരുവനായി അംഗീകരിച്ചതിന്...പകരം വയ്ക്കാനില്ലാത്ത നന്ദി...

കഴിഞ്ഞ രാത്രി അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മറ്റുതാരങ്ങൾ സ്പാനിഷ് ലാ ലിഗ കിരീടമുറപ്പിച്ച് വല്ലഡോളിഡിനെതിരായ വിജയം ആഘോഷിക്കുമ്പോൾ ഉറുഗ്വേയൻ ഫോർവേഡ് ലൂയിസ് സുവാരേസ് ഗ്രൗണ്ടിന്റെ ഓരത്ത് കണ്ണീരൊഴുക്കുകയായിരുന്നു.അപമാനിക്കപ്പെട്ടവനിൽ നിന്ന് കിരീടാധിപതിയായി മാറിയവന്റെ ആനന്ദക്കണ്ണീരായിരുന്നു അത്. വല്ലഡോളിഡിനെതിരെ വിജയഗോളടിച്ച സുവാരേസിന്റെ വൈകാരികപ്രകടനം കണ്ടവരുടെയെല്ലാം ഹൃദയത്തെയും ഒരു നിമിഷം കുളിരണിയിച്ചിരിക്കാം.കാരണം കഴിഞ്ഞ സീസണിൽ വമ്പൻ ക്ളബ് ബാഴ്സലോണയിൽ നിന്ന് ഇതിലും വലിയ പൊട്ടിക്കരച്ചിലോടെ ഇറങ്ങിപ്പോരേണ്ടിവന്നവനാണ് സുവാരേസ്. ആ ബാഴ്സലോണ ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ ഇരുകൈയും നീട്ടി സുവാരേസിനെ സ്വീകരിച്ച അത്‌ലറ്റിക്കോ മാഡ്രിഡ് അവസാന നിമിഷം വരെ നീണ്ടുനിന്ന ഉദ്വേഗത്തിനൊടുവിൽ ലാലിഗ ചാമ്പ്യനായിരിക്കുന്നു.അതും അവസാനകളിയിലെ വിജയഗോളുൾപ്പടെ നിർണായകമായ പലഗോളുകളും നേടിയ സുവാരേസിന്റെ കൈയ്യൊപ്പോടെ. ഇതിൽപ്പരമെന്തു മധുരപ്രതികാരമാണ് സുവാരേസിന് ചെയ്യാനാവുക.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിൽ നിന്ന് കിട്ടിയ 8-2ന്റെ പ്രഹരമുൾപ്പടെ കഴിഞ്ഞ സീസണിൽ കടുത്ത ആഘാതമായിരുന്നു ബാഴ്സലോണയ്ക്ക് നേരിടേണ്ടിവന്നത്. അതിന്റെ ഫലമെന്നോണമാണ് ലൂയിസിന് അവിടം വിടേണ്ടിവന്നത്. സീസണിൽ ലാ ലിഗയിൽ ഏറ്റവും മികച്ച മൂന്നാമത്തെ മികച്ച ഗോളടി പ്രകടനം കാഴ്ചവച്ചിട്ടുകൂടി നിർദാക്ഷിണ്യം സുവാരേസിനെ പുറത്താക്കുകയായിരുന്നു ബാഴ്സലോണ മാനേജ്മെന്റ്. തന്നെ പറഞ്ഞുവിടരുതേയെന്ന് പലകുറി സുവാരേസ് ദയനീയമായി അപേക്ഷിച്ചതൊന്നും അവർ ചെവിക്കാെണ്ടില്ല. ഇത്ര ക്രൂരമായി സുവാരേസിനോട് പെരുമാറരുതെന്ന സാക്ഷാൽ മെസിയുടെ വാക്കുകളും വായുവിൽ അലിഞ്ഞുചേർന്നു.

സ്വന്തം കുടുംബത്തിൽ നിന്ന് ആട്ടിയിറക്കപ്പെട്ട സുവാരേസിനെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു അത്‌ലറ്റിക്കോ കോച്ച് ഡീഗോ സിമയോണി. 2013-14 സീസണിന് ശേഷം ലാ ലിഗ കിരീടം നേടാൻ കഴിയാതിരുന്ന സിമയോണിക്ക് ഈ സീസണിന്റെ തുടക്കത്തിലും വലിയ പ്രതീക്ഷകളില്ലായിരുന്നു. ബാഴ്സയുടെ റയലിന്റെയും നിഴലിൽ നിന്ന് പുറത്തുവരിക എന്ന ശ്രമകരമായ വെല്ലുവിളി മുന്നിൽ നിന്ന് ഏറ്റെടുക്കാൻ കരുത്തനായ ഒരു കളിക്കാരന്റെ അഭാവം തന്നെയായിരുന്നു സിമയോണിയുടെ പ്രശ്നം. അവസാനമായി കിരീടം നേടുമ്പോൾ ഡീഗോ ഗോഡിൻ,അർദ ടുറാൻ,ഡീഗോ കോസ്റ്റ,ഡേവിഡ് വിയ്യ,ഗാബി,തിബോ കോട്‌വ,യുവാൻഫ്രാൻ തുടങ്ങി ഒരു പിടി സൂപ്പർതാരങ്ങളുടെ കൂടാരമായിരുന്നു അത്‌ലറ്റിക്കോ. ഇപ്പോൾ അത്തരത്തിലൊരു ലോകോത്തര നിരയുടെ പിൻബലമില്ലാതെതന്നെ കിരീടം നേടാനുള്ള ശേഷിയിലേക്ക് അത്‌ലറ്റിക്കോയെ ഉയർത്തിയതിന് പിന്നിൽ സുവാേസിന്റെ സംഭാവനകൾ ചെറുതല്ല.

സുവാരേസ് അത്‌‌ലറ്റിക്കോയ്ക്ക് നന്ദി പറഞ്ഞതുപോലെ കിരീടനേട്ടത്തിൽ ഒാരോ അത്‌ലറ്റിക്കോ ആരാധകനും മനസുനിറഞ്ഞ് സുവാരേസിന് നന്ദി പറയുന്നുണ്ട്. സീസണിലെ 32 മത്സരങ്ങളിൽ നിന്ന് 21 ഗോളുകളാണ് സുവാരേസ് അടിച്ചുകൂട്ടിയത്. കിരീടപ്പോരാട്ടം മുറുകിയ അവസാന മത്സരങ്ങളിലാണ് ഈ ഉറുഗ്വേക്കാരന്റെ പ്രതിഭ ഏറെ പ്രയോജനപ്പെട്ടത്. അവസാനരണ്ട് മത്സരങ്ങളിലും ആദ്യം ഗോൾ വഴങ്ങിയശേഷമാണ് അത്‌ലറ്റിക്കോ ജയം കണ്ടത്. വിജയഗോളുകൾ നേടിയത് സുവാരേസും. തോൽവിയിൽ നിന്ന് വിജയത്തിലേക്കുള്ള വഴിതുറന്ന സുവാരേസിനോട് അത്‌ലറ്റിക്കോ എത്ര നന്ദി വാക്കുകൾ പറഞ്ഞാലും മതിയാവില്ലല്ലോ...

വെറുമൊരു കിരീടമല്ല ലൂയിസ് സുവാരേസ് കഴിഞ്ഞ രാത്രി ഉയർത്തിയത്. ഒരു സീസൺ മുമ്പ് പിച്ചിച്ചീന്തിയെറിയപ്പെട്ട തന്റെ ആത്മാഭിമാനത്തിന്റെ കിരീടമാണ്. ഒന്നുമല്ലാത്തവനായി ഒഴിവാക്കിയവരുടെ മുന്നിലേക്ക് നെഞ്ചുവിരിച്ച് സുവാരേസ് കടന്നുവരുന്നു. പ്രായത്തിന്റെ പേരിൽ തന്റെ പ്രതിഭയെ ചവിട്ടിയരച്ചവരുടെ തലകുനിപ്പിച്ചുകൊണ്ട് അയാൾ രാജകിരീടമണിയുന്നു.കഴിഞ്ഞ സീസണിനാെടുവിലും ഈ സീസണിനൊടുവിലും വീണ സുവാരേസിന്റെ കണ്ണീർത്തുള്ളികൾ ഫുട്ബാൾ ആരാധകരുടെ മനസിൽ എക്കാലവും പെയ്തുകൊണ്ടേയിരിക്കും.

11

ലാ ലിഗയിൽ പതിനൊന്നാം തവണയാണ് അത്‌ലറ്റിക്കോ ചാമ്പ്യന്മാരാവുന്നത്.

1939-40,1940-41,1949-50,1950-51,1965-66,1969-70,1972-73,1976-77,1995-96,2013-14 സീസണുകളിലാണ് ഇതിന് മുമ്പ് കിരീടമണിഞ്ഞത്.

3

ഒരു തവണ കളിക്കാരനായും രണ്ടു തവണ പരിശീലകനായും ഡീഗോ സിമയോണി അത്‌ലറ്റിക്കോ മാഡ്രിഡിനൊപ്പം ലാ ലിഗ കിരീട നേടിയിട്ടുണ്ട്. 1995-96 സീസണിലായിരുന്നു കളിക്കാരനായി സിമയോണിയുടെ കിരീടനേട്ടം.2013-14 സീസണിൽ പരിശീലകനായി ആദ്യ കിരീടം.

10

അത്‌ലറ്റിക്കോയുടെ പരിശീലകസ്ഥാനത്ത് ഒരു പതിറ്റാണ്ട് പിന്നിടുകയാണ് ഡീഗോ സിമയോണി.

8

കിരീടങ്ങളിലാണ് ഇതിനകം അത്‌ലറ്റിക്കോയെ സിമയോണി മുത്തമിടീച്ചിരിക്കുന്നത്. ഇതിൽ രണ്ട് വീതം ലാ ലിഗ,യൂറോപ്പ ലീഗ് , യുവേഫ സൂപ്പർ കപ്പ് കിരീടങ്ങളുണ്ട്. കിംഗ്സ് കപ്പിലും സ്പാനിഷ് സൂപ്പർ കപ്പിലും ഓരോ തവണ ജേതാക്കളാക്കി.

5

ലൂയിസ് സുവാരേസ് അഞ്ചാം തവണയാണ് ലാ ലിഗ കിരീടത്തിൽ മുത്തമിടുന്നത്.ബാഴ്സയ്ക്കൊപ്പം നാലുതവണ (2014-15,2015-16,2017-18, 2018-2019) ലാ ലിഗ നേടിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LUIZ SUAREZ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.