തൃശൂർ: മഴക്കാലപൂർവ പ്രവർത്തനം ഊർജ്ജിതമാക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ജില്ലയിലെ മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുമായി ഓൺലൈനായി നടത്തിയ അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിർദ്ദേശം. മഴക്കാലത്തിന് മുന്നോടിയായി നടത്തേണ്ട ശുചീകരണം, ജലസ്രോതസുകൾ വൃത്തിയാക്കൽ, മാലിന്യ നിർമ്മാർജനം, കൊതുകു നശീകരണം, ദുരന്തനിവാരണ പ്രവർത്തനം, കടലേറ്റ മേഖലകളിലെ പ്രതിരോധം തുടങ്ങിയ കാര്യങ്ങളിൽ ഉദ്യോഗസ്ഥർ എത്രയും വേഗം നടപടികൾ പൂർത്തിയാക്കണം. 2018 ലെ പ്രളയത്തിൽ ജില്ലയിലെ ചില പ്രദേശങ്ങൾ റെഡ് സ്പോട്ടുകളാക്കി നിശ്ചയിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ അത്യാവശ്യഘട്ടത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കും.
അണക്കെട്ടുകൾ ആശങ്കയല്ല
പെരിങ്ങൽകുത്ത് അടക്കമുള്ള അണക്കെട്ടുകളിൽ നിലിവിലുള്ള ജല നിരപ്പിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച റിപ്പോർട്ട് അനുദിനം പരിശോധിക്കുന്നുണ്ട്. അപകടകരമായി താഴ്ന്ന് കിടക്കുന്ന വൈദ്യുതി ലൈനുകൾ എത്രയും വേഗം ഉയർത്തി സ്ഥാപിക്കും. ചിലയിടങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിദ്ധ്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് കൃഷിയെ ബാധിക്കും. ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നത് തടയാൻ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും മന്ത്രി നിർദ്ദേശം നൽകി. കൃഷി നാശം സംഭവിക്കുന്ന സ്ഥലങ്ങളിൽ വെള്ളം കയറാതെ ബണ്ടുകളുടെ ഉയരം വർദ്ധിപ്പിക്കാനുള്ള സാദ്ധ്യത പരിശോധിക്കും. നീർച്ചാലുകൾ നികത്തിയിട്ടുണ്ടെങ്കിൽ അവ പരിശോധിച്ച് നീർച്ചാലുകളുടെ ഒഴുക്ക് തടസപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കും. താലൂക്ക് തല നോഡൽ ഓഫീസർമാരെയും നിയോഗിക്കും. എം.എൽ.എമാരായ സി.സി മുകുന്ദൻ, ഇ.ടി ടൈസൺ, എൻ.കെ അക്ബർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് , മേയർ എം. കെ വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.
തീരുമാനങ്ങൾ ഇവ
കടലേറ്റമുള്ള പ്രദേശങ്ങളിൽ അടിയന്തരമായി ജിയോ ബാഗുകൾ സ്ഥാപിക്കും
ഉപയോഗിക്കാൻ കഴിയുന്ന ജിയോ ബാഗുകൾ ജെ.സി.ബി ഉപയോഗിച്ച് പുന:സ്ഥാപിക്കും
പാതയോരങ്ങളിലെ അപകടകരമായ നിലയിലുള്ള മരം മുറിച്ചുമാറ്റും
നീർച്ചാലുകൾ, കനാലുകൾ എന്നിവ ശുചീകരിക്കും
കടലാക്രമണ മേഖലകളിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് പുനർഗേഹം പദ്ധതിയിലൂടെ വീടുകൾ
താലൂക്ക് അടിസ്ഥാനത്തിൽ എം.എൽ.എമാരുടെ പ്രത്യേക അവലോകന യോഗം നടത്തി മഴക്കാലപൂർവ്വ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തും
വകുപ്പുകൾ ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിനാണ് പ്രാധാന്യം നൽകേണ്ടത്. വകുപ്പുകൾ ഒത്തൊരുമിച്ച് പ്രവർത്തിക്കണം.
കെ. രാധാകൃഷ്ണൻ
മന്ത്രി
മഴക്കാല പൂർവ്വ ശുചീകരണം നടത്തി പകർവ്യാധികൾ തടയാൻ നടപടി സ്വീകരിക്കണം
ആർ.ബിന്ദു
മന്ത്രി
വീടുകളുടെയും കൃഷിയിടങ്ങളുടെയും നാശനഷ്ടം സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ച് ഉറപ്പാക്കി ജില്ലാ ഭരണകൂടത്തെ അറിയിക്കണം
എസ്. ഷാനവാസ്
കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |