തിരൂരങ്ങാടി: റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയെ ഓഫീസിൽ എത്തിക്കാനിറങ്ങിയ ഭർത്താവിനെ പൊലീസ് മർദ്ദിച്ചു. പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശി പള്ളിപറങ്ങാട്ട് മാളിയിൽ പ്രമോദിനെ പരപ്പനങ്ങാടി എസ്.എച്ച്.ഒ ഹണി.കെ.ദാസ് മർദ്ദിച്ചതായാണ് പരാതി. സംഭവത്തിൽ പരിക്കേറ്റ പ്രമോദ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ പരപ്പനങ്ങാടി അയ്യപ്പൻകാവിലായിരുന്നു സംഭവം. ഭാര്യ ലേഖ തിരൂരങ്ങാടി താലൂക്ക് ഓഫീസിലെ ടൈപ്പിസ്റ്റാണ്. ഭാര്യയെ ബൈക്കിൽ പരപ്പനങ്ങാടി ടൗണിലെത്തിച്ച് തിരിച്ചുപോവുന്നതിനിടെ സി.ഐ ബൈക്ക് തടയുകയായിരുന്നു. ലോക്ക് ഡൗൺ ലംഘിച്ചെന്ന് ആരോപിച്ച് മർദ്ദിച്ചെന്നും മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയെന്നുമാണ് പരാതി. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ മുതിർന്ന റവന്യൂ ഉദ്യോഗസ്ഥരോട് സി.ഐ തട്ടിക്കയറിയതായും ആരോപണമുണ്ട്. സംഭവത്തിൽ ലേഖ ജില്ലാ കളക്ടർക്ക് പരാതി നൽകി. എസ്.പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |