SignIn
Kerala Kaumudi Online
Friday, 30 July 2021 10.18 PM IST

വിശ്വാസത്തെ തകര്‍ത്ത് ഫാസിസ്റ്റ് നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നടപടിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണം, ലക്ഷദ്വീപിനെ മലയാളികൾ ചേർത്ത്‌ നിർത്തുമെന്ന് സംവിധായകൻ

pm-modi

ലക്ഷദ്വീപ്​ അഡ്​മിസ്​ട്രേറ്റർ പ്രഫുല്‍ കെ. പട്ടേലിന്റെ ഏകാധിപത്യ നടപടികൾക്കെതിരെയും സംവിധായകൻ സലാം ബാപ്പു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. വിശ്വാസത്തെ തകര്‍ത്ത് ഫാസിസ്റ്റ് നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നടപടിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നാണ് അദ്ദേഹം കുറിപ്പിൽ പറയുന്നത്.

ലക്ഷദ്വീപ് നിവാസികളുടെ സ്വത്വത്തിനും സംസ്കാരത്തിനും മേൽ ഭരണകൂടം ഗൂഢലക്ഷ്യത്തോടെ കടന്നുകയറ്റം നടത്തികൊണ്ടിരിക്കുകയാണെന്നും, കേരളത്തിലെ ഒരു ജില്ല പോലെ ലക്ഷദ്വീപിനെ മലയാളികൾ ചേർത്ത്‌ നിർത്തുമെന്നും സംവിധായകൻ പറയുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഞാനേറെ ഇഷ്ടപ്പെടുന്ന സുന്ദരമായ ഒരു ഭൂപ്രദേശമാണ് ലക്ഷദ്വീപ്‌ അതു പോലെ അവിടുത്തെ ജനതയും. ആകെ 36 ദ്വീപുകൾ. അതിൽ ജനവാസമുള്ളവ കവരത്തി, കൽപ്പേനി, കടമത്ത്, കിൽത്താൻ, ആന്ത്രോത്ത്, അമിനി, മിനിക്കോയി, ചെത്ത്ലാത്ത്, ബിത്ര, അഗത്തി, ബംഗാരം എന്നിങ്ങനെ 11 ദ്വീപുകൾ മാത്രം. കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നും ഷിപ്പിൽ യാത്ര തിരിച്ചാൽ ഒരു ദിവസം കൊണ്ട് എത്തിച്ചേരാൻ സാധിക്കുന്നയിടം. അവിടെ നിന്നും വിദ്യാഭ്യാസത്തിനും മറ്റുമായി ഒരുപാട്‌ ആളുകൾ കേരളത്തെ ആശ്രയിക്കുന്നു. കേരളത്തിൽ പ്രത്യേകിച്ച്‌ മലബാറിൽ രക്ത ബന്ധങ്ങൾ തന്നെ ധാരാളമുണ്ട്‌.

മലയാളം സംസാരിക്കുന്ന ജനങ്ങളുള്ള ഈ കേന്ദ്ര ഭരണ പ്രദേശത്ത് എനിക്കൊരുപാട് സുഹൃത്തുക്കളുണ്ട്, സുഹൃത്തായ ഇസ്മത്ത് ഹുസൈന്റെ ക്ഷണ പ്രകാരം മിനിക്കോയി, കവരത്തി, ഖിൽത്താൻ എന്നീ ദ്വീപുകളിൽ ഞാൻ രണ്ട് വട്ടമായി പോയിട്ടുണ്ട്, സുന്ദരമായ സ്ഥലം. നിഷ്കളങ്കർ, സ്നേഹ സമ്പന്നർ, സൽക്കാരപ്രിയർ, സമാധാന പ്രിയർ, വഞ്ചനയും കളവും അക്രമവും മദ്യപാനവും ഇല്ലാത്ത പരസ്പര സഹകരണത്തോടെ ജീവിക്കുന്ന, ദൈവം ഏറെ സ്നേഹിക്കുന്ന ജനത. വീടുകളിൽ രാത്രി വാതിലുകൾ അടക്കാതെയാണ് ഉറങ്ങാറ്. കാരണം കള്ളന്മാർ എന്നൊരു വിഭാഗമേ അവിടെയില്ല. വീണ് കിടക്കുന്ന ഒരു തേങ്ങ പോലും ആരും എടുക്കാത്ത നാട്‌. സ്വർഗ്ഗത്തിന്റെ ഒരു തുണ്ട്‌ വീണു കിടക്കും പോലെ ഒരിടം.

ലക്ഷദ്വീപിലെ പറ്റി പറയാൻ തുടങ്ങിയാൽ എനിക്ക് നൂറ് നാവാണ്, എന്നെ അത്രയേറെ സ്വാധീനിച്ചിട്ടുണ്ട് ആ മനോഹര സ്ഥലവും,അവിടുത്തെ നന്മ നിറഞ്ഞ ആളുകളും. എന്റെ വർണ്ണനകൾ കേട്ട് അത്ഭുതോടെ ദ്വീപ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് കൂട്ടുകാരുണ്ട് എനിക്ക്. സിനിമാ സുഹൃത്തുക്കളുടെയും ഇഷ്ട സ്ഥലമാണ് ദ്വീപ്, പ്രകൃതി രമണീയമായ സ്ഥലം. അന്തരിച്ച പ്രമുഖ സംവിധായകൻ സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്ത 'അനാർക്കലി' യിൽ പറയുന്നുണ്ട്, കേസുകൾ ഇല്ലാത്തതിനാൽ പോലീസ് സ്റ്റേഷൻ തുറക്കാറില്ലെന്നും ഇപ്പൊ അത് ഗോഡൗൺ ആയി ഉപയോഗിക്കുകയാണെന്നും. അത് ഒരു പരമാർത്ഥമാണ്. ഇങ്ങനെയുള്ള ഈ ലക്ഷദ്വീപിലെ ജനങ്ങളുടെ മേൽ കേന്ദ്ര ഗവർമെന്റ് ഗുണ്ടാ നിയമം കൊണ്ട് വരുന്നു എന്നറിഞ്ഞപ്പോൾ കാര്യമറിയാൻ ദ്വീപിലെ സുഹൃത്തുക്കളായ ഡോ: റിയാസ്, ഇസ്മത്, ഹുസൈൻ, യാസിർ എന്നിവരുമായി ബന്ധപ്പെട്ടു. ലക്ഷദ്വീപിൽ നിന്നുള്ള സംവിധായികയും സുഹൃത്തുമായ ഐഷ സുൽത്താനയും വിളിച്ചു. ഭരണകൂടം തകർത്തു കൊണ്ടിരിക്കുന്ന സ്വന്തം നാടിനെ കുറിച്ചും, തങ്ങളുടെ നിസ്സഹായാവസ്ഥയെകുറിച്ചും പറഞ്ഞവർ ഒരുപാട് കരഞ്ഞു. എങ്ങോട്ട്‌ തിരിഞ്ഞാലും കടൽ മാത്രം കാണുന്ന ഒരു ജനതയെ ആത്മസംഘർഷത്തിലേക്കും വേദനയിലേക്കും തള്ളി വിടുന്നത്‌ എന്തിനാണ്?

ലക്ഷദ്വീപ് നിവാസികളുടെ സ്വത്വത്തിനും സംസ്കാരത്തിനും മേൽ ഭരണകൂടം ഗൂഢലക്ഷ്യത്തോടെ കടന്നുകയറ്റം നടത്തികൊണ്ടിരിക്കുന്നു. മുന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേഷ് ശര്‍മ്മയുടെ വിയോഗത്തിന് ശേഷം പ്രഫുല്‍ കെ. പട്ടേല്‍ എന്ന പ്രധാനമന്ത്രി നരേന്ദ്ര മേദിയുടെ അടുത്ത അനുയായിയും, സംഘപരിവാറുകാരനുമായ അഡ്മിനിസ്ട്രേറ്റര്‍ ചുമതലയേറ്റെടുത്തതോടെയാണ് ദ്വീപ് നിവാസികളുടെ ജീവിതം താളം തെറ്റിയത്. കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാരായി ഐ.എ.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ മാത്രം നിയമിച്ചിരുന്ന കീഴ്‌വഴക്കം ലംഘിച്ചാണ് പ്രഫുല്‍ പട്ടേല്‍ ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയുടെ അഡ്മിനിസ്‌ട്രേറ്ററായി ചുമതല ഏല്‍ക്കുന്നത്. ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്‌ എന്നാണു അവിടെ നിന്നുള്ള സുഹൃത്തുക്കൾ വഴി അറിയാൻ കഴിഞ്ഞത്‌. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്ട്രേറ്ററുടെ ആദ്യ നിയമപരിഷ്കാരം ദാദാ നാഗർ ഹവേലി ദാമൻദ്യൂവിൽ നടപ്പിലാക്കിയ ഗുണ്ടാ ആക്ട് കരഡ് പുറത്തിറക്കി കേന്ദ്ര നിയമമന്ത്രാലയത്തിലേക്ക് അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. കുറ്റകൃത്യങ്ങളൊന്നും റിപ്പോർട്ട് ചെയ്യാറില്ലാത്ത ദ്വീപിൽ ഗുണ്ടാആക്ട് പാസാക്കിയ നടപടി തികച്ചും ജനാധിപത്യവിരുദ്ധമാണ്.

പ്രഫുല്‍ പട്ടേല്‍ ദ്വീപിലെ ജനങ്ങളുടെ പരമ്പരാഗത ജീവിതവും വിശ്വാസവും തൊഴിലും തകര്‍ക്കുകയാണ്. ലക്ഷദ്വീപിലെ ഭൂരിപക്ഷം ജനങ്ങളുടെയും വരുമാന മാര്‍ഗം മത്സ്യബന്ധനമാണ്. മത്സ്യത്തൊഴിലാളികള്‍ അവരുടെ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡുകള്‍ തീരസംരക്ഷണ നിയമത്തിന്റെ ലംഘനമെന്നറിയിച്ച് പുതിയ അഡ്മിനിസ്‌ട്രേഷന്‍ പൊളിച്ചു മാറ്റുകയാണുണ്ടായത്.

ദ്വീപിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും കായികാധ്യാപകരെയും പിരിച്ചുവിട്ടു. മൃഗസംരക്ഷണവകുപ്പ്, കാര്‍ഷികവകുപ്പ് എന്നിവയില്‍ നിന്നും നിരവധിപേരെ പുറത്താക്കി, ഇനിയും പുറത്താക്കാൻ പോവുന്നു. അംഗനവാടികള്‍ അടച്ചുപൂട്ടി. രാജ്യത്ത് എവിടെയും നടപ്പിലാക്കാത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകരുതെന്ന് ചട്ടവും കൊണ്ടുവന്നു. ഇത്‌ തീർച്ചയായും ജനസംഖ്യ നിയന്ത്രിച്ച്‌ ഈ പിന്നോക്ക വിഭാഗത്തെ (ST) ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമമാണ്.

കോവിഡ് കോസുകളിൽ ലോകവും രാജ്യവും മുങ്ങിയപ്പോൾ വാർത്തകളിൽ ഇടം പിടിച്ച പ്രദേശമാണ് ദ്വീപ് സമൂഹങ്ങൾ, രാജ്യം മുഴുവൻ കൊവിഡിൽ മുങ്ങിയപ്പോഴും ഒരു വർഷത്തോളം രോഗത്തെ കടലിനപ്പുറം നിർത്തി എന്നതിന് രാജ്യം മുഴുവൻ പ്രശംസിച്ചു, എന്നാൽ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 68 ശതമാനമാണ്. കൊച്ചിയിൽ ക്വാറന്റീനിൽ ഇരുന്നവർക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നൽകി പാലിച്ച് പോന്ന നിയന്ത്രണങ്ങൾക്ക്‌ ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇളവുകളനുവദിച്ചതാണ് ഈ ദുരവസ്ഥക്ക് കാരണം, ആവശ്യത്തിന് ആശുപത്രി സംവിധാനം പോലും ഇല്ലാത്ത ചികിത്സക്ക് കേരളത്തെ ആശ്രയിക്കുന്ന ലക്ഷദ്വീപ്‌ നിവാസികളെ വല്ലാതെ ഭയാശങ്കയിലാക്കിയിട്ടുണ്ട്‌ ഈ മഹാമാരി.

കരയിൽ നിന്ന് വരുന്ന കപ്പലിൽ നിന്നും മദ്യം പിടിച്ചാൽ അതായിരുന്നു മുൻപൊക്കെ പ്രാദേശിക പത്രങ്ങളിലെ പ്രധാന വാർത്ത, അത് വലിയ നാണക്കേടുമായിരുന്നു. കാരണം ദ്വീപ് നിവാസികൾക്ക് മദ്യം നിഷിദ്ധമായിരുന്നു, അതവരുടെ വിശ്വാസത്തിന്റെ ഭാഗവുമാണ്. എന്നാൽ പ്രഫുൽ പട്ടേൽ ടൂറിസത്തിന്‍റെ മറവില്‍ പരക്കെ മദ്യശാലകള്‍ തുറന്നു. ടൂറിസം വകുപ്പില്‍ നിന്ന് 190 പേരെ പിരിച്ചുവിട്ടു. അംബാനി, അദാനി പോലുള്ള കുത്തകകളുടെ വമ്പൻ ടൂറിസം പദ്ധതികൾക്ക് കളമൊരുക്കുന്നതിനായി തദ്ദേശീയരെ ആട്ടിപ്പായിക്കുന്ന ശ്രമമായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ നീക്കം ലക്ഷദ്വീപിനെ തകര്‍ക്കുക എന്നതാണ്. ദ്വീപുകാര്‍ വര്‍ഷങ്ങളായി ചരക്കുഗതാഗതത്തിനും മറ്റും ആശ്രയിക്കുന്ന ബേപ്പൂരിനെ ഒഴിവാക്കി മംഗലാപുരത്തെ മാത്രം ഇനി മുതല്‍ ആശ്രയിക്കണമെന്ന തീരുമാനവും അഡ്മിനിസ്‌ട്രേഷന്‍ നടത്തുന്ന ചില കള്ളക്കളിയുടെ ഭാഗമാണ്.

ലക്ഷദ്വീപിലെ പാവപ്പെട്ട ജനങ്ങളെ പുകച്ചുപുറത്തു ചാടിക്കുക എന്ന ലക്ഷ്യത്തോടെ ഒരു വിചിത്ര നിയമവും ബിൽഡിംങ്ങ് ആക്റ്റ് എന്ന പേരിൽ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കി.വീട് വെക്കുംമ്പോൾ തദ്ദേശീയരായ ജനങ്ങൾ പ്രത്യേക പെർമിഷനെടുക്കണം.3 വർഷത്തേക്ക് മാത്രമേ ആ പെർമിഷൻ നൽകൂ. പിന്നീട് പുതുക്കിക്കൊണ്ടിരിക്കണം. ഇതിലൂടെ എല്ലാ വീടുകളെയും ഈ നിയമത്തിനു കീഴിൽ കൊണ്ടു വരാം. ദൂരവ്യാപകമായ പ്രത്യഘാതമുണ്ടാക്കുന്ന ഈ നിയമത്തിലൂടെ ദ്വീപിൽ ആരും സ്ഥിരതാമസക്കാർ ഉണ്ടാവാൻ പാടില്ല എന്നാണ് ലക്‌ഷ്യം വെക്കുന്നത്.

ലക്ഷദ്വീപിലെ പ്രധാന ഭക്ഷണമായ ബീഫ് നിരോധിച്ചു, ഗോവധവും മാംസാഹാരവും നിരോധിച്ചു. വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തിലെ മെനുവില്‍നിന്ന് ബീഫ് ഒഴിവാക്കി. അടിമുടി കാവിവത്ക്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത് എന്നാണു അവിടുത്തെ മനുഷ്യർ പറയുന്നത്‌. ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേതാവ് പി എം സെയ്ത് തുടർച്ചയായി വിജയിച്ചിരുന്ന 99 ശതമാനം മുസ്ലിങ്ങളുള്ള ഈ ലോക്സഭാ മണ്ഡലം പിന്നീട് ബിജെപിയുടെ ഘടക കക്ഷിയായ ജനതാദൾ (യു) വിന്റെ നേതാവായ ഡോ: പൂക്കുഞ്ഞി കൊയയിലൂടെ NDA വിജയിച്ചു. ജാതിയും മതവും നോക്കാതെ തികച്ചും മതനിരപേക്ഷരായ ജനങ്ങൾ വസിക്കുന്നയിടം. എന്നിട്ടും സാധാരണക്കാരായ പാവപ്പെട്ടവരുടെ സമാധാന ജീവിതം ഇല്ലാതാക്കുകയാണ് കേന്ദ്ര സർക്കാർ. ഇത് തീര്‍ത്തും രാഷ്ട്രീയ പകപോക്കലാണ്, ഇതെഴുതുന്നതിൽ ലക്ഷദ്വീപിൽ നിന്നും വരുന്ന വാർത്ത ലക്ഷദ്വീപിന്റെ ആദ്യ ന്യൂസ് പോർട്ടൽ ആയ ലക്ഷദ്വീപ് ഡയറിക്ക് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തി എന്നുള്ളതാണ്, ലക്ഷദ്വീപ് സാഹിത്യ സംഘത്തിന്റെ പോർട്ടലിനാണ് പ്രതിഷേധങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന നിയന്ത്രണം കൊണ്ടുവന്നത്.

വിശ്വാസത്തെ തകര്‍ത്ത് ഫാസിസ്റ്റ് നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നടപടിയിൽ നിന്ന് കേന്ദ്ര സർക്കാർ എത്രയും പെട്ടെന്ന് പിന്തിരിയണം. ഇത് സാംസ്കാരിക അധിനിവേശമാണ്, നിഷ്കളങ്കരായ ഒരു ജനതയുടെ മേൽ ഭരണകൂടം നടത്തുന്ന തേർവാഴ്ച, ജീവനും സ്വത്തും വിശ്വാസവും തകർക്കാനുള്ള ഗൂഢലക്ഷ്യം, പ്രഫുൽ പട്ടേൽ എന്ന അഡ്മിനിസ്ട്രേറ്ററെ കേന്ദ്രം ഉടൻ തിരിച്ചു വിളിക്കണം. കേരളത്തിലെ ഒരു ജില്ല പോലെ ലക്ഷ ദ്വീപിനെ ഞങ്ങൾ മലയാളികൾ ചേർത്ത്‌ നിർത്തും. കൂടെയുണ്ട്‌ പ്രിയപ്പെട്ടവരേ ഞങ്ങൾ മലയാളികൾ... നമുക്ക്‌ ഒന്നിച്ച്‌ ചെറുക്കാം, ഒന്നിച്ച്‌ പൊരുതാം...

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SALAM BAPPU, FB POST, CENTRAL GOVERNMENT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.